കോയമ്പത്തൂര്‍ ജയിലില്‍ മാവോവാദികളെ കാണാന്‍പോയ രണ്ട് മലയാളികള്‍ അറസ്റ്റില്‍
കാളികാവ്: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോവാദികളെ സന്ദര്‍ശിക്കാന്‍പോയ രണ്ടു മലയാളികളെ തമിഴ്നാട് പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയും വയനാട്ടിലെ പോരാട്ടം നേതാവുമായ സി.പി റഷീദ്, തിരുവനന്തപുരം സ്വദേശി ഹരിഹര വര്‍മ എന്നിവരാണ് പിടിയിലായത്. ഇരുവരും മാവോയിസ്റ്റ് അനുകൂലികളാണെന്ന് പൊലിസ് പറഞ്ഞു.
കൊയമ്പത്തൂര് സെന്‍ട്രല്‍ ജയിലില്‍വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാവോവാദി നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയെയും അനൂപിനെയും ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയതാണ് ഇരുവരും.
സന്ദര്‍ശത്തിനിടെ വസ്ത്രത്തില്‍ പെന്‍ഡ്രൈവ് ഒളിപ്പിച്ചുവച്ചതിനാണ് അറസ്റ്റ്. അനൂപിനുള്ള വസ്ത്രത്തിലാണ് പെന്‍ഡ്രൈവ് ഒളിപ്പിച്ച്വച്ചിരുന്നത്. പിടിയിലായ ഹരിഹര വര്‍മ ഞാറ്റുവേല സംസ്കാരിക വേദി പ്രവര്‍ത്തകനാണെന്ന് പൊലിസ് അറിയിച്ചു.
റഷീദിന്റെ കുടുംബത്തിന് മാവോവാദി ബന്ധമുണ്ടെന്ന് പൊലിസ് പറഞ്ഞു. മൂന്ന് സഹോദരങ്ങള്‍ മാവോവാദി പ്രവര്‍ത്തകരാണ്. മൂത്ത സഹോദരനായ സി.പി മൊയ്തീന് വയനാട് മേഖലയിലെ മാവോവാദി പോരാളിയാണെന്നും ഇളയ സഹോരനായ സി.പി ജലീല്‍ ഒളിവിലാണെന്നും പൊലിസ് പറഞ്ഞു.
നിലമ്പൂര്‍ വെടിവയ്പ്പിന് ശേഷമാണ് കൊയമ്പത്തൂര് ജയിലിലുള്ള അനൂപിന്റെ സുഹൃത്ത്കൂടിയായ ജലീല്‍ ഒളിവില്‍ പോയത്. സഹോദരന് സി.പി ഇസ്മാഈല്‍ ജയിലിലാണ്. മാവോവാദി നേതാവ് മുരളി കണ്ണംപള്ളിക്കൊപ്പമാണ് സി.പി ഇസ്മാഈല്‍ പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് റഷീദും ഹരിഹര വര്‍മയും കൊയമ്പത്തൂര് ജയിലിലെത്തിയത്.
റഷീദ് അനൂപിനെ സന്ദര്‍ശിക്കാനും വര്‍മ ഷൈനയെ സന്ദര്‍ശിക്കാനുമായാണ് അനുമതി തേടിയിയത്. രണ്ട് പാന്റ്സ്, രണ്ട് ട്രാക്സ്യൂട്ട്, രണ്ട് ടീ ഷര്‍ട്ട് എന്നിവയാണ് ജയിലിലുള്ളവര്‍ക്ക് നല്‍കാനായി ഇവര്‍ കൊണ്ടുവന്നിരുന്നത്. പാന്റിന്റെ കീശയില്‍ ഒളിപ്പിച്ച നിലയിലാണ് പെന്‍ഡ്രൈവ് ഉണ്ടായിരുന്നതെന്ന് പൊലിസ് പറഞ്ഞു.
ക്യൂ ബ്രാഞ്ച് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. പെന്‍ഡ്രൈവിലെ വിവരങ്ങള്‍ തമിഴ്നാട് പൊലിസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."