ബി.ജെ.പിയുടെ പരാതി കേന്ദ്രം തള്ളി: യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടിയില്ല
തൃശൂര്‍: സിറ്റി പൊലിസ് കമ്മിഷനര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി.
ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തിലാണ് യതീഷ് ചന്ദ്രയ്‌ക്കെതിരേ ബി.ജെ.പി നേതാക്കള്‍ കേന്ദ്രത്തെ സമീപിച്ചത്.
ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ പൊന്‍ രാധാകൃഷ്ണന്‍ തന്റെ സ്വകാര്യവാഹനം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടണമെന്നാവശ്യപ്പെട്ട് പൊലിസുമായുണ്ടായ വാക്തര്‍ക്കമാണ് പരാതിക്ക് കാരണം. എല്ലാ വാഹനങ്ങളും കടത്തിവിടാനാവില്ലെന്ന് പറഞ്ഞതോടെ ബി.ജെ.പി നേതാക്കള്‍ ചുമതലയുണ്ടായിരുന്ന യതീഷ് ചന്ദ്രയ്‌ക്കെതിരേ രംഗത്തെത്തി.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക ഉത്തരവായി നല്‍കിയാല്‍ എല്ലാ വാഹനങ്ങളും കടത്തിവിടാമെന്ന് പൊലിസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. താന്‍ മന്ത്രിയായല്ല ഇവിടെ വന്നിരിക്കുന്നതെന്നും അതിനാല്‍ ഉത്തരവ് നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ബി.ജെ.പി സംസ്ഥാന നേതൃത്വം യതീഷ് ചന്ദ്രയ്‌ക്കെതിരേ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതിയും നല്‍കി.
യതീഷ് ചന്ദ്രയ്‌ക്കെതിരേ സംസ്ഥാന വ്യാപക പ്രക്ഷോഭവും തൃശൂരില്‍ പൊലിസ് ആസ്ഥാനത്തേക്ക് മാര്‍ച്ചും ബി.ജെ.പി സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ച്ച് അനുസരിച്ച് പരാതിയിന്മേലുള്ള നടപടി അവസാനിപ്പിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."