മോട്ടോര്‍ വാഹന നിയമലംഘനത്തിന് ഉയര്‍ന്ന പിഴ; ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കും
ഉയര്‍ന്ന പിഴ തല്‍ക്കാലം ഈടാക്കില്ല
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനത്തിന് പിഴ നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഏകീകൃത ഭേദഗതി ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയയ്ക്കും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഉയര്‍ന്ന പിഴ തല്‍ക്കാലം ഈടാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓണക്കാലത്ത് മോട്ടോര്‍ വാഹന വകുപ്പും പൊലിസും നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഓണക്കാലം കഴിഞ്ഞതിനാല്‍ ഇനിയും ആ രീതി തുടരണോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം തേടാനും യോഗത്തില്‍ തീരുമാനമായി. കേന്ദ്ര നിയമത്തിനെതിരേ സംസ്ഥാനത്ത് നിയമനിര്‍മാണം സാധ്യമാകില്ലെന്നും കേന്ദ്രമാണ് നിരക്കുകള്‍ പുതുക്കേണ്ടതെന്നും ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് കേന്ദ്രത്തിന് കത്തയയ്ക്കാനും വിഷയം എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചത്. പിഴത്തുകയില്‍ ഇളവുകള്‍ നല്‍കിയ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗതാഗത സെക്രട്ടറിമാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
കുത്തനെ ഉയര്‍ത്തിയ പിഴ കുറയ്ക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കുറഞ്ഞ പിഴത്തുകയും കൂടിയതും വ്യക്തമാക്കി കേന്ദ്രം വിജ്ഞാപനമിറക്കിയതിനാല്‍ ഇതിന്റെ പരിധിയില്‍നിന്ന് മാത്രമേ സംസ്ഥാനത്തിന് തീരുമാനമെടുക്കാനാകൂ. പിഴയുടെ പരിധിയിലെ ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കും.
നിയമം ലംഘിക്കുന്നവരെ പുതിയ നിരക്കനുസരിച്ച് മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ. മറ്റു സംസ്ഥാനങ്ങളും ശിക്ഷാനടപടികളിലേക്ക് കടന്നില്ല. ബോധവല്‍ക്കരണ നടപടികളാണ് അവിടെയെല്ലാം നടക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കനുസരിച്ചുള്ള നോട്ടിഫിക്കേഷന്‍ മറ്റു സംസ്ഥാനങ്ങളും ഇറക്കിയിട്ടില്ല. അപകടങ്ങള്‍ പരമാവധി കുറയ്ക്കാനാണ് നിയമങ്ങള്‍ കൊണ്ടുവരുന്നത്. അതിന് അയവുവരുന്ന അന്തരീക്ഷം ഉണ്ടാകുന്നത് ശരിയല്ല. എത്രയുംപെട്ടെന്ന് കേന്ദ്രം തീരുമാനമെടുക്കണമെന്നും മന്ത്രി ഉന്നതതല യോഗത്തിനുശേഷം പറഞ്ഞു.
കാലോചിതമായി പിഴത്തുക കൂട്ടുന്നതിന് ആരും എതിരല്ല. വ്യക്തമായ മാനദണ്ഡമില്ലാതെ യുക്തിരഹിതമായി കേന്ദ്രം പിഴ കൂട്ടിയെന്നാണ് വിമര്‍ശനം. അത് മനസിലാക്കി കേന്ദ്രം നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. കേന്ദ്ര നിര്‍ദേശത്തിനുശേഷം സംസ്ഥാനം ഉത്തരവ് പുറപ്പെടുവിക്കും. മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാന്‍ കഴിയുന്ന മൂന്നോ നാലോ മേഖലകള്‍ മാത്രമാണുള്ളത്. നിയമത്തില്‍ പരമാവധി വ്യക്തത വന്നതിനുശേഷം നടപ്പാക്കുന്നതാണ് ഉചിതമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം.
30 വര്‍ഷമായി 100 രൂപയാണ് ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ. നിയമം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിപുലമായ ബോധവല്‍ക്കരണം നടത്തും. മോട്ടോര്‍ വാഹന വകുപ്പിന് 240 കാമറകളുണ്ട്. അതില്‍ പകുതിയോളം പ്രവര്‍ത്തിക്കുന്നില്ല. പൊലിസിന്റെ 100 കാമറകളില്‍ 67 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. കെല്‍ട്രോണിനാണ് പരിപാലന ചുമതല. 49 കാമറകള്‍ റോഡ് വീതികൂട്ടിയപ്പോള്‍ മാറ്റി സ്ഥാപിക്കേണ്ടിവന്നു. 1516 എണ്ണം അപകടത്തില്‍ തകര്‍ന്നു. കാമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."