കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ 48 മണിക്കൂര്‍ ബാക്കിനില്‍ക്കേ, ബി.ജെ.പി സ്ഥാനാര്‍ഥി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബംഗളൂരു: ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി അവസാന നിമിഷം സ്ഥാനാര്‍ഥി പാര്‍ട്ടിവിട്ടു. ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേയാണ് രാമനഗര നിയമസഭാ മണ്ഡലത്തിലേക്ക് മത്സരിക്കാനിരുന്ന എല്‍ ചന്ദ്രശേഖര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നാലെ, തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയും ചെയ്തു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ മൂന്നുദിവസം മുന്‍പാണ് കോണ്‍ഗ്രസുകാരനായിരുന്ന ചന്ദ്രശേഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. രാജിവച്ചതിനു പിന്നാലെ, കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കുന്ന ജെ.ഡി.എസ് സ്ഥാനാര്‍ഥിയും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയുമായ അനിത കുമാരസ്വാമിക്ക് പിന്തുണ നല്‍കുകയും ചെയ്തു.
തന്നെ സഹായിക്കാന്‍ ബി.ജെ.പിയിലുള്ള ആരും എത്തിയില്ലെന്നും കഴിഞ്ഞ രണ്ടുദിവസമായി ഒരു നേതാവു പോലും വിളിച്ചില്ലെന്നും രാജിക്കുള്ള കാരണമായി ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്നലെ യെദ്യൂരപ്പയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ലെന്നും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതായും അദ്ദേഹം പറഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള തിയ്യതി കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ പേര് വോട്ടിങ് മെഷീനിലുണ്ടാവും.
മൂന്നു ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമാണ് കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബെല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കും രാമനഗര, ജംഖാണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആറിന് വോട്ടെണ്ണും. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യത്തിലാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."