കൊടുങ്കാറ്റില്‍ അകപ്പെട്ട് യൂറോപ്പ്; 11 പേര്‍ മരിച്ചു
#സ്വാലിഹ് വാഫി ഓമശ്ശേരി
അങ്കാറ: യൂറോപ്പിന്റെ പല ഭാഗങ്ങളും ശക്തമായ കൊടുങ്കാറ്റ്. കൊടുങ്കാറ്റിലകപ്പെട്ട് ഇതുവരെ 11 പേര്‍ മരണപ്പെട്ടതായി സിവില്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ അറിയിച്ചു.
മധ്യയൂറോപ്പിലും തെക്കന്‍ പ്രദേശത്തും റോഡ് ഗതാഗതം തടസ്സപ്പെട്ട് ആയിരക്കണക്കിനാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. മഴവെള്ളവും ശക്തമായ കാറ്റും കാരണം വെള്ളപ്പൊക്കം രൂപപ്പെടുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തിട്ടുണ്ട്.
ഫ്രഞ്ച്, ഇറ്റാലിയന്‍ പര്‍വത നിരകളിലേക്കു ശക്തമായ മഞ്ഞ് വീഴ്ച പടര്‍ന്നിട്ടുണ്ട്. നൂറോളം ഡ്രൈവര്‍മാര്‍ സഞ്ചാരികളെയും കൊണ്ട് ഹോട്ടലില്‍ അകപ്പെട്ടിരിക്കുകയാണ്. വെനീസിലെ ശക്തമായ കാറ്റ് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ എത്തിച്ചേര്‍ന്നു.
കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും സങ്കീര്‍ണ്ണമായ കാലാവസ്ഥ സാഹചര്യമാണ് അഭിമുഖീകരിക്കുന്നതെന്ന് ദേശീയ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി തലവന്‍ ആഞ്ചലെ ബോറെല്ലി പറഞ്ഞു.
സുനാമിയെ പോലെയായിരുന്നു ദൃശ്യങ്ങളെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുപാട് ആഡംബര ഉല്ലാസ ബോട്ടുകളും ജെനോവോ തുറമുഖത്തു തകര്‍ന്നിട്ടുണ്ട്.
170 ഓളം ടൂറിസ്റ്റുകളും ഹോട്ടല്‍ ഉടമകളും സ്വിസ്സ് അതിര്‍ത്തിയിലെ സ്റ്റെല്‍വിയോ പാസില്‍ യാത്ര മുടങ്ങിക്കിടക്കുകയാണ്. ഫ്രാന്‍സിലെ മാസിഫ് സെന്ററല്‍ മേഖലയിലെ പര്‍വതങ്ങളില്‍ രാത്രി സമയത്തു ആയിരത്തിലേറെ ഡ്രൈവര്‍മാരാണ് വാഹനങ്ങളുമായി ഒറ്റപ്പെട്ടത്. കിഴക്കന്‍ നഗരമായ ലിയോണിലും 400ഓളം ആളുകള്‍ ട്രെയിന്‍ ട്രാക്കില്‍ അകപ്പെട്ടതായും യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രാന്‍സില്‍ ആയിരക്കണക്കിന് വീടുകളും കോര്‍സിക്കയിലെ മെഡിറ്ററേനിയന്‍ ദ്വീപും വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ അകപ്പെട്ടു കിടക്കുകയാണ്. കഠിനമായ കാലാവസ്ഥ ക്രമേണെ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."