ഷാര്‍ജ അക്ഷരങ്ങളുടെ കഥ പറയുവാന്‍ തുടങ്ങി
#ആഷിര്‍ മതിലകം
ഷാര്‍ജ: 37ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളക്ക് വര്‍ണശബളമായ തുടക്കം.യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തക മേള ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കിരിടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരിയുടെ പത്‌നിയും ഫാമിലി അഫയേഴ്‌സ് സുപ്രീം കൗണ്‍സില്‍ ചെയര്‍ പേഴ്‌സണുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദജ് അല്‍ ഖാസിമി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇനിയുള്ള പത്ത് ദിവസം ഷാര്‍ജയുടെ തെരുവകള്‍ അക്ഷരങ്ങളുടെ ലോകത്തായിരിക്കും. അല്‍ താവുനിലെ എക്‌സ്‌പോ സെന്ററിലാണ് പുസ്തക മേള നടക്കുന്നത്,
നവംബര്‍ 10 വരെയാണ് പുസ്തക മേള.77 രാജ്യങ്ങളില്‍ നിന്നുള്ള 1874 പ്രസാധകര്‍ മേളയില്‍ അണിനിരക്കുന്നുണ്ട്. ആകെ 16 ലക്ഷം ടൈറ്റിലുകളിലായി രണ്ട് കോടി പുസ്തകങ്ങള്‍ മേളയിലുണ്ട്. ഇന്ത്യയിലെ പ്രമുഖനിര തന്നെ പുസ്തക മേളയില്‍ എത്തുന്നുണ്ട്. ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പെരുമാള്‍ മുരുകന്‍, മനു എസ്. പിള്ള, ചേതന്‍ ഭഗത്, ശശി തരൂര്‍, സോഹ അലിഖാന്‍, ഡോ. എല്‍. സുബ്രഹ്മണ്യം, കരണ്‍ ഥാപ്പര്‍, പ്രകാശ്‌രാജ്, നന്ദിതാ ദാസ്, ഗൗര്‍ ഗോപാല്‍ ദാസ്, മനോജ് വാസുദേവന്‍, എം.കെ. കനിമൊഴി, ലില്ലി സിങ് തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നെത്തുന്ന പ്രമുഖര്‍.
മലയാളത്തെ പ്രതിനിധീകരിച്ച് അബ്ദുല്‍ സമദ് സമദാനി, ഫ്രാന്‍സിസ് നെറോണ, എസ്. ഹരീഷ്, യു.കെ. കുമാരന്‍, ദീപാ നിശാന്ത്, അന്‍വര്‍ അലി, പി. രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, കെ.വി. മോഹന്‍കുമാര്‍, മനോജ് കെ. ജയന്‍, സന്തോഷ് ഏച്ചിക്കാനം, സിസ്റ്റര്‍ ജെസ്മി, എരഞ്ഞോളി മൂസ്സ തുടങ്ങിയവര്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, മന്ത്രി കെ.ടി. ജലീല്‍, മുന്‍മന്ത്രി എം.കെ. മുനീര്‍, നടന്‍ ജോയ് മാത്യു, ബിനോയ് വിശ്വം എം.പി തുടങ്ങിയവര്‍ പുസ്തക പ്രകാശനത്തിനായും പുസ്തകത്സവത്തില്‍ പങ്കെടുക്കും
ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലുള്ള പുസ്തകമേള ഇന്ന് ലോകത്തിലെ എണ്ണപ്പെട്ട പുസ്തകോത്സവമായി വളര്‍ന്നതിനുപിന്നില്‍ അദ്ദേഹത്തിന്റെ വലിയ താത്പര്യമാണ്. യു.എ.ഇ.യില്‍നിന്ന് 150 പ്രസാധകരാണ് എത്തുന്നത്. പുതുതായി പന്ത്രണ്ട് രാജ്യങ്ങള്‍കൂടി ഇത്തവണ മേളയിലേക്ക് എത്തുന്നു എന്നതാണ് വലിയ സവിശേഷത. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബള്‍ഗേറിയ, ക്രെയോഷ്യ, ഘാന, യുഗാണ്‍ഡ, കെനിയ, കാമറൂണ്‍, ദക്ഷിണാഫ്രിക്ക, പെറു, അസര്‍ബൈജാന്‍, ദക്ഷിണ കൊറിയ എന്നിവയാണ് ഈ വര്‍ഷത്തെ പുതുമുഖങ്ങള്‍. ഇവിടങ്ങളില്‍നിന്നായി 130 പുതിയ പ്രസാധകരും എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."