ശ്രുതി സുബ്രഹ്മണ്യന്റെ പുസ്തകം പ്രകാശനം ചെയ്തു.
കോഴിക്കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് കോഴിക്കോട് പോലീസ് ക്ലബ്ബില്‍ തുടക്കമായി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുസ്തകോത്സവം സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വാക്കുകളുടെ സൗന്ദര്യത്തെ പുതുതലമുറയിലെ കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ എഴുതാനാണ് ഏറ്റവും പ്രയാസം. മനുഷ്യന്‍ കേവലം കായികതയ്ക്കപ്പുറം ആത്മീയവും മാനസികവുമായ പ്രതിഭാസമാണെന്ന് നാം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തക ശ്രുതി സുബ്രഹ്മണ്യന്‍ രചിച്ച 'റോബോട്ട്ഭാവനയുടെ ശാസ്ത്രചരിത്രം' എന്ന പുസ്തകം കവി പി.കെ.ഗോപി പ്രകാശനം ചെയ്തു. ഐ.എസ്.ആര്‍.ഒ മുന്‍ പ്രൊജക്ട് ഡയറക്ടര്‍ ഇ.കെ.കുട്ടി പുസ്തകം ഏറ്റുവാങ്ങി.
ലോകം ഭൗതികയുടെ മകുടം അണിഞ്ഞ ഇക്കാലത്ത് ജീവിതം ഒട്ടനവധി സമസ്യകളാല്‍ നിരന്തരം പരീക്ഷിക്കപ്പെടുകയാണെന്ന് പി.കെ.ഗോപി അഭിപ്രായപ്പെട്ടു. വരുംതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാന്‍ ശ്രേഷ്ഠമായ ചിലതെങ്കിലും സൂക്ഷിച്ച് വെക്കേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫ. കെ.ശ്രീധരന്റെ 'ബയോഗ്യാസ്; പ്രസക്തിയും പ്രയോഗവും' പുസ്തകം ഡോ.എ.അച്യുതന് നല്‍കി സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം.പി.ബീന പുസ്തകാവതരണം നടത്തി. ഉപന്യാസ മത്സരവിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണം പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ നിര്‍വഹിച്ചു. സി.ജെ.കുട്ടപ്പന്‍, കെ.വി.ബാബുരാജ്, ശ്രുതി സുബ്രഹ്മണ്യന്‍, പ്രൊഫ.കെ.ശ്രീധരന്‍, വി.ബി.ഷിബിത്ത് എന്നിവര്‍ സംസാരിച്ചു. അസി.ഡയറക്ടര്‍
എന്‍.ജയകൃഷ്ണന്‍ സ്വാഗതവും, വി.ബി.ഷിബിത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കേരള ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ തിരുവല്ല തായില്ലം അവതരിപ്പിച്ച 'പാട്ട് പടേനി' നാടന്‍ കലാവിഷ്‌കാരം അരങ്ങേറി. പുസ്തകോത്സവം നവംബര്‍ 7ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."