ഹയര്‍സെക്കന്‍ഡറി തുല്യത; 1500 പഠിതാക്കള്‍ ഇന്ന് പരീക്ഷാഹാളിലേക്ക്
മലപ്പുറം: സംസ്ഥാന സാക്ഷരതാമിഷന്റെ കീഴില്‍ നടപ്പാക്കിയ ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്‌സിന്റെ ആദ്യപരീക്ഷ ഇന്നു മുതല്‍ 10 വരെ നടക്കും. സംസ്ഥാനത്തെ 120 പരീക്ഷാകേന്ദ്രങ്ങളിലായി പതിനയ്യായിരത്തോളം പേര്‍ പരീക്ഷയെഴുതും. ജില്ലയില്‍ 13 കേന്ദ്രങ്ങളിലായി 1500 പഠിതാക്കളാണു പരീക്ഷയെഴുതുന്നത്. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നീവിഭാഗങ്ങളിലാണ് പരീക്ഷ. സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിനാണു പരീക്ഷയുടെ നടത്തിപ്പുചുമതല. മൂല്യനിര്‍ണയം നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റാണ്.
17 വയസ് പൂര്‍ത്തിയായവര്‍ മുതല്‍ മുകളിലേക്കുള്ളവരാണു പഠിതാക്കളായുള്ളത്. വ്യത്യസ്ത പ്രായത്തിലുള്ളവര്‍ ഒരേ യോഗ്യതയ്ക്കായി എഴുതുന്നുവെന്ന പ്രത്യേകതയുമുണ്ട്. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാകോഴ്‌സിന്റെ ചുവടുപിടിച്ചാണു ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്‌സും കഴിഞ്ഞവര്‍ഷം തുടങ്ങിയത്. ഔപചാരിക പത്താംതരം വിജയിച്ചവര്‍ക്കും സാക്ഷരതാമിഷന്‍ പത്താംതരം തുല്യതനേടിയവര്‍ക്കുമാണു ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്‌സിനു യോഗ്യത നല്‍കിയത്. വിവിധ കാരണങ്ങളാല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരെയാണു കോഴ്‌സ് കൊണ്ടു ലക്ഷ്യമിടുന്നത്. പഠിതാക്കള്‍ക്കായി പഠനസാമഗ്രികളുടെ നിര്‍മാണം വിവിധ ശില്പശാലകളിലൂടെ നടത്തിയിരുന്നു. വ്യത്യസ്ത പ്രായത്തിലും യോഗ്യതയിലുമുള്ള പഠിതാക്കളെ ഒരേനിലവാരത്തില്‍ എത്തിക്കുന്നതിനായി രണ്ടുമാസത്തെ പ്രത്യേകകോഴ്‌സും സാക്ഷരതാ മിഷന്റെ കീഴില്‍ നടത്തിയിരുന്നു. നാലിന് ഇംഗ്ലീഷ്, അഞ്ചിന് മലയാളം,ഹിന്ദി, 6നു ഹിസ്റ്ററി, അക്കൗണ്ടന്‍സി, 8നു ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി ഗാന്ധിയന്‍ സ്റ്റഡീസ്, ഒന്‍പതിന് പൊളിറ്റിക്കല്‍ സയന്‍സ്, 10ന് എക്കണോമിക്‌സ് എന്നിങ്ങനെയാണു പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.45 വരെയാണ് പരീക്ഷ.
ഹയര്‍സെക്കന്‍ഡറിയില്‍ നിലവിലുള്ള ഗ്രേഡിംഗ് സമ്പ്രദായം തന്നെയാണു തുല്യതാ പരീക്ഷക്കും ബാധകമായിട്ടുള്ളത്. നിരന്തര മൂല്യനിര്‍ണയം, പ്രായോഗിക മൂല്യനിര്‍ണയം, വാര്‍ഷിക മൂല്യനിര്‍ണയം എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതാണു ഗ്രേഡിംഗ് സമ്പ്രദായം. ഒന്നും രണ്ടും വര്‍ഷങ്ങളിലായി ആറു വിഷയത്തിന് ആകെ 1200 മാര്‍ക്കാണുള്ളത്. തുല്യതാ കോഴ്‌സിന് ഗാന്ധിയന്‍ സ്റ്റഡീസിനു മാത്രമേ പ്രായോഗിക മൂല്യനിര്‍ണയമുള്ളൂ. ഇതു രണ്ടാം വര്‍ഷ പരീക്ഷയോടൊപ്പം മാത്രമേ നടക്കൂ. ഡിപ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചവര്‍ക്കേ പരീക്ഷയില്‍ യോഗ്യത നേടുവാനാകൂ. ഒന്നാം വര്‍ഷ പരീക്ഷക്കു മാത്രമായി മിനിമം മാര്‍ക്കു നിശ്ചയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."