രോഗപ്രതിരോധം പാളുന്നു; പനിക്കിടക്കയില്‍ സംസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുമ്പോഴും സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളുന്നു. പനിബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. 138461 പേരാണ് ഈ മാസം ഇതുവരെ പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയത്. പനിയുള്‍പ്പെടെ മഴക്കാല രോഗങ്ങള്‍ പിടിപെട്ട് ഈ കാലയളവിനുള്ളില്‍ മരിച്ചവരുടെ എണ്ണം 27 ആയി.
ആരോഗ്യകവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ഡെങ്കിപ്പനി ലക്ഷണവുമായി ആശുപത്രികളില്‍ എത്തിയത് 6530 പേരാണ്. ഇവരില്‍ 13 പേര്‍ മരിച്ചു. ചികിത്സ തേടിയെത്തിയവരില്‍ 1376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മരണനിരക്ക് എച്ച്1 എന്‍1 നാണ് കൂടുതല്‍. ഈ മാസം ഇതുവരെ മരിച്ച ആറു പേരുള്‍പ്പെടെ 53 പേരുടെ ജീവനാണ് ഈ വര്‍ഷം എച്ച്1 എന്‍1 എടുത്തത്.
എലിപ്പനി ലക്ഷണവുമായി വിവിധ ജില്ലകളില്‍ ചികിത്സ തേടിയെത്തിയത് 84 പേരായിരുന്നു. 12 ദിവസത്തെ കണക്കുകള്‍ പ്രകാരം 66 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ നാലുപേര്‍ മരിച്ചു. ഹെപ്പറ്റിറ്റിസ് എ രോഗലക്ഷണവുമായി 193 പേര്‍ ചികിത്സ തേടി. ഇവരില്‍ രണ്ടു പേര്‍ മരിച്ചു. 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കുകളാണിവ. ഇക്കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍കൂടി പരിശോധിച്ചാല്‍ സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം വര്‍ധിക്കും. സ്വകാര്യ ആശുപത്രികള്‍ കണക്കുകള്‍ ആരോഗ്യ വകുപ്പിന് കൈമാറാത്തതിനാല്‍ പനിബാധിതരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ ഇത്രയും പേര്‍ക്ക് പനി ബാധിച്ചത് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കയുടെ പരിമിതി കാരണം പലരെയും പറഞ്ഞയക്കുന്ന സ്ഥിതിയും പലയിടങ്ങളിലുമുണ്ട്. ആശുപത്രികളിലെ വന്‍ തിരക്കു കാരണം പ്രാദേശികതലങ്ങളിലെ സ്വകാര്യ ആശുപത്രിയെയാണ് ഗ്രാമവാസികള്‍ കൂടുതലായും ആശ്രയിക്കുന്നത്.
തിങ്കളാഴ്ച മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 163 പേര്‍ക്കാണ്. ഈ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തലസ്ഥാനത്താണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 85 പേരില്‍ ഡെങ്കി സ്ഥിരീരിച്ചു. അന്നേ ദിവസം കൊല്ലത്തും പത്തനംതിട്ടയിലും ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കോട്ടയത്തും ആലപ്പുഴയിലും യഥാക്രമം അഞ്ചും എട്ടും പേരില്‍ രോഗം കണ്ടെത്തി.
എറണാകുളത്ത് ഈമാസം ഇതുവരെ 15 പേരില്‍ രോഗം കണ്ടെത്തി. തൃശൂരിലും പാലക്കാടും യഥാക്രമം എട്ടും രണ്ടും വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് മറ്റുജില്ലകളിലെ കണക്കുകള്‍ ഇങ്ങനെ: മലപ്പുറം നാല്,കോഴിക്കോട് 12, വയനാട് ഒന്ന്,കണ്ണൂര്‍ എട്ട്, കാസര്‍കോട് ഒന്ന്. രോഗം നിയന്ത്രണ വിധേയമാക്കുവാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് സംസ്ഥാനത്ത് ക്രമാതീതമായി പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."