പിറന്നാള്‍ സമ്മാനം
തിരുവനന്തപുരം: കേരളത്തിന് ടീം ഇന്ത്യയുടെ പിറന്നാള്‍ സമ്മാനം. കാര്യവട്ടത്തെ കളി കാര്യമാക്കാതെ വിന്‍ഡീസ് കീഴടങ്ങിയതോടെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര. സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന അവസാന ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കി. റണ്ണൊഴുക്ക് നിലച്ച പിച്ചില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പൊരുതാന്‍ നില്‍ക്കാതെയാണ് വിന്‍ഡീസ് കീഴടങ്ങിയത്. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി ഇന്ത്യയുടെ ആറാം പരമ്പര ജയമാണിത്. അഞ്ചാം ഏകദിനത്തില്‍ നാലു വിക്കറ്റ് പ്രകടനവുമായി വിന്‍ഡീസിനെ തകര്‍ത്ത രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.
മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സ്വന്തമാക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിന പോരാട്ടത്തില്‍ 35 ഓവറുകള്‍ ശേഷിക്കെയാണ് ഇന്ത്യ ഒന്‍പത് വിക്കറ്റിന്റെ ഏകപക്ഷീയ വിജയം നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
അര്‍ധ സെഞ്ചുറി നേടി പുറത്താകാതെനിന്ന ഓപ്പണര്‍ രോഹിത് ശര്‍മയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 56 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുകളും ഉള്‍പ്പെടെ 64 റണ്‍സുമായി രോഹിതും 29 പന്തില്‍നിന്ന് ആറു ബൗണ്ടറികള്‍ ഉള്‍പ്പെടെ 33 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും പുറത്താകാതെ നിന്നു.
ആറു റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ മാത്രമാണ് നിരാശപ്പെടുത്തിയത്. പേസര്‍ ഒഷെയ്ന്‍ തോമസിന്റെ പന്തില്‍ ധവാന്‍ ക്ലീന്‍ ബൗള്‍ഡായി. ആറു റണ്‍സ് മാത്രം ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ നില്‍ക്കേയായിരുന്നു ധവാന്റെ പുറത്താകല്‍. മൂന്നാമനായി നായകന്‍ വിരാട് കോഹ്‌ലി എത്തിയതോടെ ഇന്ത്യന്‍ സ്‌കോറിങിന് വേഗതയേറി. രോഹിത് -കോഹ്‌ലി സഖ്യം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 99 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് എത്തിച്ചു.
ടോസില്‍ വിജയം,
ക്രീസില്‍ ചുവടുതെറ്റി
ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ടോസ് വെസ്റ്റിന്‍ഡീസിനെ അനുഗ്രഹിച്ചു. ബാറ്റിങ് മാസ്മരികത മോഹിച്ച ക്രിക്കറ്റ് കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയെ ഫീല്‍ഡിങ്ങിനയച്ചു വിന്‍ഡീസ് ബാറ്റിങ്ങിനിറങ്ങി. ആദ്യ ഓവറില്‍ തന്നെ വെസ്റ്റിന്‍ഡീസിന് പ്രഹരമേറ്റു. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ കീരന്‍ പവലിനെ ഭുവനേശ്വര്‍ കുമാര്‍ കൂടാരം കയറ്റി. പുറത്തേക്ക് പോയ പന്തിന് ബാറ്റ്‌വച്ച പവലിനെ ധോണി കൈകളിലൊതുക്കി. രണ്ടാം ഓവര്‍ എറിയാനെത്തിയത് ജസ്പ്രീത് ബുംറ. വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി ഹോപ്പിനെ ബുംറ മടക്കിയയച്ചു.
അഞ്ച് പന്ത് നേരിട്ട് റണ്ണൊന്നും നേടാതെയായിരുന്നു ഹോപ്പിന്റെ മടക്കം. മൂന്നാം വിക്കറ്റില്‍ റോവ്മാന്‍ പവലും മര്‍ലോണ്‍ സാമുവല്‍സും കൈകോര്‍ത്തതോടെ വിന്‍ഡീസ് തിരിച്ചു വരുമെന്ന പ്രതീതി സൃഷ്ടിച്ചു. വിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്‍പതാം ഓവര്‍ എറിയാന്‍ എത്തിയത് ഖലീല്‍ അഹമ്മദ്. ഖലീലിനെ ഒരു സിക്‌സറിനും ഫോറിനും പറത്തി സാമുവല്‍സ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കി.
വിന്‍ഡീസ് മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയ്ക്കിടെ സാമുവല്‍സും വീണു. വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ 36 റണ്‍സ്. 38 പന്ത് നേരിട്ട സാമുവല്‍സ് മൂന്ന് ഫോറും ഒരു സിക്‌സറുമടക്കം 24 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയുടെ പന്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി എക്‌സ്ട്രാ കവറില്‍ സാമുവല്‍സിനെ പിടികൂടി പുറത്താക്കി.
പൊരുതാന്‍ പോലും
ഊര്‍ജമില്ലാതെ കരീബിയന്‍സ്
പൊരുതാനുറച്ച് ക്രീസിലെത്തിയ ഹെറ്റ്‌മെയര്‍ക്ക് ചുവടുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരം നല്‍കിയില്ല. 9 റണ്‍സ് സമ്പാദ്യവുമായി നിന്ന ഹെറ്റ്‌മെയര്‍ ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഔട്ട് വിധിക്കാന്‍ അമ്പയര്‍ തയാറായില്ല. ഇന്ത്യ റിവ്യൂ ആവശ്യപ്പെട്ടു. റിവ്യൂ കണ്ടശേഷമാണ് ഔട്ട് വിധിച്ചത്. സ്‌കോര്‍: 53-4. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിന്‍ഡീസിന് അഞ്ചാം വിക്കറ്റും നഷ്ടമായി. 39 പന്തില്‍ 16 റണ്‍സെടുത്ത റോവ്മാന്‍ പവലിനെ ഖലീല്‍ അഹമ്മദ് ഡീപ് സ്‌ക്വയര്‍ ലെഗില്‍ ശിഖര്‍ ധവാന്റെ കൈകളില്‍ എത്തിച്ചു. സ്‌കോര്‍: 57-5. വിന്‍ഡീസ് സ്‌കോര്‍ 66 ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിന്റെ ആറാം വിക്കറ്റും നഷ്ടമായി. നാല് റണ്‍സെടുത്ത അലനെ ബുംറയുടെ പന്തില്‍ കേദാര്‍ ജാദവ് പിടികൂടി.
അടുത്ത വിക്കറ്റ് വിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡറുടേത്. 33 പന്തില്‍നിന്ന് 25 റണ്‍സെടുത്ത് പൊരുതി നില്‍ക്കുന്നതിനിടെ ഹോള്‍ഡറെ ഖലീലിന്റെ പന്തില്‍ കേദാര്‍ ജാദവ് പിടികൂടി. സ്‌കോര്‍: 87-7. സ്‌കോര്‍ 94 ല്‍ നില്‍ക്കേ വിന്‍ഡീസിന്റെ എട്ടാം വിക്കറ്റും തെറിച്ചു.
കുല്‍ദീപ് യാദവിന്റെ പന്തില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച്. സ്‌കോര്‍ 103 ല്‍ നില്‍ക്കേ അഞ്ച് റണ്‍സെടുത്ത കെമര്‍ റോച്ചും 104 ല്‍ പൂജ്യനായി ഒഷെയ്ന്‍ തോമസും ജഡേജയ്ക്കു മുന്നില്‍ കീഴടങ്ങി. സ്‌കോര്‍: 31.5 ഓവറില്‍ വെസ്റ്റിന്‍ഡീസ് 104 ന് ഓള്‍ ഔട്ട്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതവും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."