ശ്രീവത്സം ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
കൊച്ചി: നികുതി വെട്ടിപ്പ് നടത്തിയ ശ്രീവത്സം ഗ്രൂപ്പിന്റെ മുപ്പതോളം ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. നിരവധി ബാങ്ക് ലോക്കറുകള്‍ മുദ്രവച്ചു. കേരളത്തിലും നാഗാലാന്റിലുമടക്കമുള്ള ബാങ്ക് അക്കൗണ്ടുകളാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. നാഗാലാന്റ്, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലും സ്വന്തം പേരിലും ബന്ധുക്കളുടെയും സ്ഥാപനങ്ങളുടെ പേരിലും ബിനാമി പേരുകളിലും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ രാജേന്ദ്രന്‍പിള്ളയ്ക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. റെയ്ഡില്‍ കണ്ടെത്തിയ അക്കൗണ്ടുകള്‍ മാത്രമാണ് മരവിപ്പിക്കുന്നതെന്നും വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ അക്കൗണ്ടിലൂടെയും നടന്ന പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മുദ്രവച്ചിട്ടുള്ള ലോക്കറുകളുടെ പരിശോധന ഇതിന്റെ തുടര്‍ച്ചയായി നടക്കും.
കേരളത്തിനകത്തും പുറത്തുമുള്ള പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ 60 ലക്ഷം രൂപയുടെ കറന്‍സിയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളടക്കമുള്ളവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും കൊച്ചിയില്‍ എത്തിയിട്ടില്ല. കേരളത്തിനു പുറമേ നാഗാലാന്റ്, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നാഗാലാന്റില്‍ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളടക്കമുള്ളവ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അവിടേക്ക് തിരിക്കാനിരിക്കുന്നതേയുള്ളൂ.
രേഖകള്‍ കൊണ്ടുവന്ന് പരിശോധിച്ച ശേഷമേ ശ്രീവത്സം ഗ്രൂപ്പ് ഉടമയും നാഗാലാന്റ് മുന്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടുമായ പിള്ളയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യലിനായി വിളിക്കൂ.
നാഗാലാന്റിലും ഡല്‍ഹിയിലും ബംഗളൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന എം.കെ.ആര്‍ പിള്ളയുടെ സാമ്രാജ്യത്തിന്റെ ആസ്തി നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസും നികുതി വെട്ടിപ്പും ബിനാമി ഇടപാടുകളും കണ്ടെത്തുന്നതിനും വളരെ സമഗ്രമായ അന്വേഷണത്തിനാണ് ആദായനികുതി വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആദായനികുതി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."