റൊഹീന്യര്‍ക്കു മടങ്ങിപ്പോയാല്‍ മ്യാന്മറില്‍ സുരക്ഷിതത്വം ഉറപ്പില്ലെന്ന് യു.എന്‍
ജനീവ: വംശഹത്യയെ തുടര്‍ന്ന് ഏഴു ലക്ഷം റൊഹീന്യന്‍ മുസ്‌ലിംകള്‍ മ്യാന്മറില്‍ നിന്ന് പലായനം ചെയ്ത് രണ്ടു വര്‍ഷം പിന്നിടുമ്പോഴും അവര്‍ക്ക് മാതൃരാജ്യത്തേക്കു തിരിച്ചുപോയാല്‍ സുരക്ഷിതത്വം ഉറപ്പില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. യു.എന്നിന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍ യാന്‍ഗീ ലീയാണ് ബംഗ്ലാദേശില്‍ നിന്ന് റൊഹീന്യര്‍ തിരിച്ചുപോവാത്തതിന്റെ കാരണം വെളിപ്പെടുത്തിയത്.
പൗരത്വമില്ലാത്തതിനു പുറമെ റൊഹീന്യര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനോ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കു പോലുമോ അവകാശമില്ല. അതേസമയം ഉഭയകക്ഷി ധാരണ പ്രകാരം റൊഹീന്യരില്‍ ഒരാള്‍ പോലും മ്യാന്മറിലേക്ക് തിരിച്ചുവന്നതായി അറിയില്ലെന്ന് യു.എന്നിലെ മ്യാന്മര്‍ പ്രതിനിധി ക്യാവ് മോ ടന്‍ സമ്മതിച്ചു.
അതിനിടെ ബംഗ്ലാദേശിലെ ക്യാംപുകളില്‍ റൊഹീന്യര്‍ മൃഗങ്ങളെ പോലെയാണ് ജീവിക്കുന്നതെന്നും തങ്ങള്‍ക്ക് തിരിച്ചുപോവണമെന്നും അഭയാര്‍ഥി നേതാവ് മൊഹയ്ബുല്ല പറഞ്ഞു. റൊഹീന്യന്‍ അഭയാര്‍ഥിയാണെന്ന കാര്യം മറച്ചുവച്ച് ബംഗ്ലാദേശിലെ സ്വകാര്യ സര്‍വകലാശാലയില്‍ പ്രവേശനം നേടിയ റാഹിമ അക്തര്‍ എന്ന 20കാരിക്ക് അധികൃതര്‍ പഠനം നിഷേധിച്ചിരുന്നു. ഇത് അഭയാര്‍ഥികളോടുള്ള ബംഗ്ലാദേശിന്റെ നയത്തെയാണ് കാണിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈമാസമാണ് റാഹിമയെ കോക്‌സസ് ബസാര്‍ യൂനിവേഴ്‌സിറ്റി പുറത്താക്കിയത്. അവിടെ നിയമം പഠിക്കുകയായിരുന്നു റാഹിമ. മനുഷ്യാവകാശങ്ങള്‍ പഠിച്ച് തന്റെ സമുദായത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയാണ് സ്വപ്‌നമെന്നും ഈ കുട്ടി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."