രക്തദാനം ജീവദാനം
2004 മുതലാണ് ജൂണ്‍14 ലോകരക്തദാന ദിനമായി ആചരിച്ചു വരുന്നത്. ലോകാരോഗ്യസംഘടന നടത്തുന്ന എട്ടു പൊതുജനാരോഗ്യയജ്ഞങ്ങളില്‍ ഒന്നാണ് രക്തദാന ദിനാചരണം. സ്വമേധയാ രക്തദാനത്തിന് ഏവരേയും സന്നദ്ധരാക്കുക, രക്തദാതാക്കളെ അനുസ്മരിക്കുക എന്നതുകൂടി ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നു. അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിതരക്തസ്രാവം, വിളര്‍ച്ച തുടങ്ങി രക്തം അത്യാവശ്യമായി വരുന്ന രോഗങ്ങള്‍ വര്‍ധിച്ച് വരികയാണ്. രക്തം വേണ്ട സമയത്ത് ലഭിക്കാത്തതുമൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 85 ലക്ഷം യൂനിറ്റ് രക്തം ആവശ്യമായി വരുന്നുണ്ടെന്നാണ് കണക്ക്. 55 ലക്ഷം യൂനിറ്റ് മാത്രമെ ലഭിക്കുന്നുള്ളു. ഈ അവസരത്തിലാണ് രക്തദാനത്തെ മഹാദാനമായി വിശേഷിപ്പിക്കുന്നത്. ഒരുതുള്ളിരക്തം ഒരുജീവന്‍ സംരക്ഷിക്കുന്നതിന് കാരണമാകുന്നു.
ആധുനികവൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഒരുതുള്ളി ചോര കൃത്രിമമായി നിര്‍മിച്ചെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ രക്തദാനത്തെ പ്രോല്‍സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്‌കൂളുകളിലും മറ്റും രക്തദാന അവബോധം ഉണ്ടാക്കാനുള്ള ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കേണ്ടതുണ്ട്. ദാനം നല്‍കാന്‍ തയാറുള്ളവരേയും സംഘടനകളേയും സഹായിക്കുകയും വേണം.
ഹീമോവിജിലന്‍സ്
രക്തം നല്‍കുന്ന ശൃംഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപാധിയാണ് ഹീമോവിജിലന്‍സ്. കര്‍ശനമായ പരിശോധനകള്‍ക്കുശേഷം രക്തത്തെ നിശ്ചയിക്കുക വഴി ദാതാവിനും സ്വീകര്‍ത്താവിനും സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ഹീമോവിജിലന്‍സ് പദ്ധതിയിലൂടെ ഇന്ത്യയില്‍ എവിടെയും ആര്‍ക്കും സുരക്ഷാപൂര്‍വം രക്തം സ്വീകരിക്കാം. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഹീമോവിജിലന്‍സ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, ബ്ലഡ്ബാങ്കുകള്‍ എന്നിവ ഹീമോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
സ്വീകര്‍ത്താവിന്റെ ശ്രദ്ധയ്ക്ക്
ഹീമോവിജിലന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ആശുപത്രികള്‍, രക്തബാങ്കുകള്‍ എന്നിവയില്‍ നിന്ന് മാത്രം രക്തം സ്വീകരിക്കുന്നതാണ് ഉചിതം. രക്തവില്‍പനക്കാരില്‍ നിന്ന് സ്വീകരിക്കുന്നത് അപകടകരമാണ്. അവര്‍ കൃത്യമായ പരിശോധനക്ക് വിധേയമായിരിക്കണമെന്നില്ല. ദാതാവിനെ കണ്ടെത്തി ആശുപത്രിയില്‍ തന്നെ പരിശോധിച്ച് സ്വീകരിക്കുന്നതാണ് നല്ല മാര്‍ഗം.
ആരോഗ്യവാനാണെങ്കില്‍ ശസ്ത്രക്രിയക്കു മുന്‍പേ സ്വന്തം രക്തം തന്നെ സംഭരിച്ച് പരിശോധനകള്‍ നടത്തി ശസ്ത്രക്രിയക്ക് ഉപയോഗിക്കാം. ഇതുകൂടുതല്‍ സുരക്ഷിതമാണ്. ഇതിന് ഓട്ടോലോഗസ് ട്രാന്‍സ്ഫ്യൂഷന്‍ എന്നാണ് പറയുക.
ആര്‍ക്കൊക്കെ കൊടുക്കാം
18നും 60നും ഇടയില്‍ 45 കിലോഗ്രാമിലധികം തൂക്കമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. സ്ത്രീകളാകുമ്പോള്‍ നാലുമാസത്തിലൊരിക്കലും നല്‍കാം.
ഹൃദ്രോഗികള്‍, ഉയര്‍ന്നരക്ത സമ്മര്‍ദം, പ്രമേഹം, മാനസിക രോഗങ്ങള്‍ക്ക് ചികിത്സതേടുന്നവര്‍, കാന്‍സര്‍ രോഗികള്‍, കരള്‍രോഗം ബാധിച്ചവര്‍, മഞ്ഞപ്പിത്തം, മലമ്പനി, എയ്ഡ്‌സ് തുടങ്ങിയ രോഗമുള്ളവര്‍, സ്ഥിരമായി മരുന്നുകഴിക്കുന്നവര്‍, ആന്റിബയോട്ടിക് ഉപയോഗിക്കുന്നവര്‍, മദ്യപിക്കുന്നവര്‍, ലഹരി ഉപയോഗിക്കുന്നവരും രക്തദാനം ചെയ്യാന്‍ പാടില്ല. ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും ആര്‍ത്തവ കാലത്തും സ്ത്രീകളും രക്തദാനം നടത്തരുത്.
എത്ര എടുക്കും?
ആരോഗ്യമുള്ള മനുഷ്യശരീരത്തില്‍ നാലുമുതല്‍ ആറുവരെ ലിറ്റര്‍ രക്തമാണുണ്ടാവുക. അതില്‍ നിന്ന് 350 മി.ലി രക്തം മാത്രമെ ഒരുതവണ എടുക്കൂ. എടുത്ത രക്തം ശേഖരിച്ചുവെക്കുന്നത് ബ്ലഡ് ബാഗിലാണ്. മുന്‍പ് കുപ്പിയിലായിരുന്നു. ഒരു ബ്ലഡ് ബാഗില്‍ 350 മി.ലി രക്തം കട്ടപിടിക്കാതെയും കേടുകൂടാതെയും ഇരിക്കാനുള്ള ലായനിയാണുള്ളത്. ഒരാളില്‍ നിന്ന് 350 മില്ലി ലിറ്ററില്‍ കൂടുതലോ കുറവോ രക്തം എടുത്താല്‍ ഉപയോഗശൂന്യമാകും.
എടുത്തരക്തത്തിന്റെ അതെ അളവ് 24 മണിക്കൂറിനുള്ളില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. പുതിയ രക്ത കോശങ്ങളുടെ ഉല്‍പാദനം ശരീരത്തിന് കൂടുതല്‍ ഉന്‍മേഷവും പ്രവര്‍ത്തന ക്ഷമതയും നല്‍കും.
ദാതാവ് ശ്രദ്ധിക്കേണ്ടത്
രക്തദാനത്തിന് മുന്‍പ് ആറു മണിക്കൂറെങ്കിലും ഉറക്കവും വിശ്രമവും വേണം. മാനസികമായി തയാറെടുക്കണം. നല്ല ആരോഗ്യത്തോടെ മാത്രമെ രക്തദാനം നടത്താവൂ. മുന്‍പുള്ള 48മണിക്കൂറില്‍ മരുന്നുകള്‍ കഴിക്കരുത്. മദ്യപിക്കുകയോ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
രക്തദാനത്തിനു ശേഷം വെള്ളമോ ജ്യൂസോ കുടിക്കുക. കടുത്ത കായികാധ്വാനം ഉപേക്ഷിക്കണം. ഒരു മണിക്കൂറിനുള്ളില്‍ പുകവലിക്കരുത്. തലചുറ്റല്‍ അനുഭവപ്പെട്ടാല്‍ പാദങ്ങള്‍ ഉയര്‍ത്തി കിടക്കുക.
കൊടുത്താലുമുണ്ട് ഗുണം
കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് രക്തം സ്വീകരിക്കുന്നത്. അപ്പോള്‍ ഗുരുതരമായ അസുഖങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ടോ എന്ന് മനസിലാക്കാം. ശരീരഭാരം കുറക്കാം. പുതിയ രക്തം ഉണ്ടാകുന്നതോടെ ചുവന്ന രക്താണുക്കളുടെ നിര്‍മാണം വര്‍ധിക്കുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ചിലതരം കാന്‍സറുകളെ ഇല്ലാതെയാക്കും. ഹീമോക്രോമാറ്റസിനെ ചെറുക്കാനും സഹായിക്കുന്നു.
രക്തം ദാനം ചെയ്യുന്നത് ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവക്കുള്ള സാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആയുസും ആരോഗ്യവും വര്‍ധിക്കും. വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസുണ്ടാകും. സഹോദര ജീവിക്ക് ജീവന്‍ നല്‍കുക വഴി ആത്മസംതൃപ്തിയും ലഭിക്കുന്നു.
ബ്ലഡിനുമുണ്ട് ബാങ്ക്
ദാനംവഴി ലഭിക്കുന്ന രക്തം സുരക്ഷിതമായി സംഭരിച്ച് ആവശ്യാനുസരണം രോഗികള്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് ബ്ലഡ് ബാങ്ക്. ഈ രീതിയെ അലോജനിക് എന്നാണ് പറയുന്നത്.
കൃത്യമായ പരിശോധനകള്‍ നടത്തി ഗുണമേന്മ ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ബാങ്ക് രക്തം സ്വീകരിക്കുക. എടുത്ത രക്തം ബ്ലഡ് ബാഗുകളിലാക്കി പ്രത്യേക സംവിധാനമുള്ള ഫ്രിഡ്ജില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് സൂക്ഷിക്കുന്നത്. 42 ദിവസം മാത്രമെ രക്തം സൂക്ഷിക്കാനാവൂ. എന്നാല്‍ രക്തം അതിന്റെ ഘടകങ്ങളാക്കി (പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്) സൂക്ഷിക്കാറുണ്ട്. പ്ലാസ്മയായി ഒരു വര്‍ഷം വരെ സൂക്ഷിക്കാം. മൈനസ് 40 ഡിഗ്രിയിലാണ് സൂക്ഷിക്കുക. പ്ലേറ്റ്‌ലെറ്റ് 22 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലും. ഇത് അഞ്ച് ദിവസം സൂക്ഷിക്കാം.
ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനം. കേരളത്തില്‍ 144 ആശുപത്രികളില്‍ രക്തബാങ്കുണ്ട്. 44 എണ്ണം സര്‍ക്കാറിനുകീഴില്‍ പ്രവര്‍ത്തിക്കുന്നു. ബാങ്കുകളില്ലാത്ത ആശുപത്രികള്‍ക്ക് അത്യാവശ്യസന്ദര്‍ഭങ്ങളില്‍ രക്തം സംഭരിക്കാനുള്ള പ്രത്യേക സംവിധാനമുണ്ടാകും. ഇതിനെ രക്തസംഭരണ കേന്ദ്രങ്ങള്‍ എന്ന് വിളിക്കുന്നു. ഇന്ത്യയില്‍ 2757 ബ്ലഡ്ബാങ്കുണ്ട്.
രക്തദാനം മൂന്നു വിധം
നേര്‍രേഖാ രീതി
രക്തം ആവശ്യമാകുമ്പോള്‍ ബന്ധുക്കളോ കൂട്ടുകാരോ ആശുപത്രിയില്‍ നേരിട്ടെത്തി രക്തംദാനം നല്‍കുന്ന രീതി.
സന്നദ്ധ രക്തദാനം
ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ബ്ലഡ്ബാങ്കുകളിലെത്തി രക്തം നല്‍കുന്ന രീതി. സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാള്‍ ആണ്.
റീപ്ലേസ്‌മെന്റ് ബ്ലഡ് ഡൊണേഷന്‍
കൊടുക്കുന്ന രക്തം ഏത് ഗ്രൂപ്പില്‍പെട്ടതാണെങ്കിലും ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം ബ്ലഡ്ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന രീതി.
നമുക്കു ചിലത് ചെയ്യാനുണ്ട്
പൊതുബോധവും പൊതുജനാരോഗ്യവും ഏറെ വളര്‍ന്ന കാലത്ത് രക്തം വാര്‍ന്നുള്ള മരണവും രക്തത്തിന് വേണ്ടിയുള്ള നെട്ടോട്ടവും സങ്കടകരമാണ്. പരിഹാരമായി കൂട്ടുകാര്‍ക്കും ചിലത് ചെയ്യാനാകും.
രക്തദാനത്തിന് സന്നദ്ധരായ അധ്യാപകര്‍, കൂട്ടുകാര്‍, പ്രദേശവാസികള്‍ എന്നിവരുടെ പേരും ഫോണ്‍ നമ്പറും ശേഖരിച്ച് സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുക.
രക്തം അത്യാവശ്യമായി വരുന്ന അപകടങ്ങളും പകര്‍ച്ചവ്യാധികളും വര്‍ധിച്ചു വരുന്ന കാലത്ത് വേണ്ടപ്പെട്ടവരുടെ രക്തഗ്രൂപ്പുകള്‍ പരസ്പരം അറിഞ്ഞിരിക്കേണ്ടതാണ്.അവ ശേഖരിച്ച് ചാര്‍ട്ട് ചെയ്ത് ക്ലാസില്‍ പ്രദര്‍ശിപ്പിക്കുക.
സ്‌കൂളില്‍ രക്തഗ്രൂപ്പ് നിര്‍ണയക്യാംപുകള്‍ സംഘടിപ്പിക്കാം
ചോരകള്‍, ചേര്‍ച്ചകള്‍ എന്ന തലക്കെട്ടില്‍ രക്തഗ്രൂപ്പുകളെയും തമ്മില്‍ ചേരാവുന്നവയേയും പരിചയപ്പെടുത്തുന്ന സചിത്ര ചാര്‍ട്ടുകള്‍ ക്ലാസില്‍ തുക്കുക.
സ്വദേശത്തെ രക്തദാന സന്നദ്ധ സംഘടനകളെയും വ്യക്തികളെയും സഹായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.
രക്തദാനത്തിന്റെ ആവശ്യകത ബോധിപ്പിക്കുന്ന ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."