റാഫേല്‍ അഴിമതി: സുപ്രിംകോടതി വിധി സര്‍ക്കാര്‍ നിരാകരിക്കുന്നതെന്തിന്
മൂടിവയ്ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടും റാഫേല്‍ യുദ്ധവിമാന കരാര്‍ അഴിമതി കുടം തുറന്നു പുറത്തുചാടുകയാണ്. അതില്‍ അവസാനത്തേതാണു കഴിഞ്ഞദിവസം സുപ്രിംകോടതി വിധി. റാഫേല്‍ വിമാനം വാങ്ങിയ വിലയുള്‍പ്പെടെ എല്ലാ വിവരങ്ങളും പത്തു ദിവസത്തിനകം മുദ്രവച്ച കവറില്‍ നല്‍കണമെന്നാണു കോടതി നിര്‍ദേശിച്ചത്. പാര്‍ലമെന്റില്‍ പോലും നല്‍കാത്ത രഹസ്യവിവരങ്ങള്‍ കോടതിയില്‍ നല്‍കാനാവില്ലെന്നു അറ്റോണി ജനറല്‍ അറിയിച്ചപ്പോള്‍ തടസ്സവാദങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഈ ഉത്തരവിനു പിന്നാലെ കേന്ദ്രമന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച ഒരു വിവരവും കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന നിലപാടാണെടുത്തത്. ശത്രുരാജ്യങ്ങള്‍ക്കു സഹായമാകുമെന്നാണു ന്യായീകരണം. പരമോന്നത നീതിപീഠത്തിനു പോലും രേഖകള്‍ കൈമാറില്ലെന്നു പറയുമ്പോള്‍ കരാറില്‍ അഴിമതിയുണ്ടെന്നു വ്യക്തം.
ജനാധിപത്യത്തിനു വിലകല്‍പ്പിക്കാത്ത സര്‍ക്കാര്‍ സുപ്രിംകോടതി വിധി ധിക്കരിക്കുന്നതില്‍ അത്ഭുതമില്ല. അഴിമതി മൂടിവയ്ക്കാന്‍ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവംപോലും തകര്‍ക്കുകയാണ്. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സ്വര്‍ണപ്പാത്രം കൊണ്ടു മൂടിവച്ചാലും പുറത്തുവരും.
നോട്ട് നിരോധനവും ജി.എസ്.ടിയും പട്ടേല്‍ പ്രതിമ അനാച്ഛാദനത്തോടെ പുകഞ്ഞുകൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പു വിളിപ്പാടകലെയാണ്. ഇതിനിടയില്‍ പുറത്തുചാടിയ റാഫേല്‍ അഴിമതി സര്‍വശക്തിയുമുപയോഗിച്ചു ബി.ജെ.പി സര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതു സ്വാഭാവികം.
വിമാന വില, ആ വില നിശ്ചയിക്കാനുണ്ടായ കാരണം, അതുമൂലമുള്ള നേട്ടം എന്നീ വിവരങ്ങള്‍ കോടതി പരിശോധിച്ചാല്‍ അഴിമതി പുറത്തുവരും. അതു കൊണ്ടാണു നല്‍കാനാവില്ലെന്നു രാജ്യരക്ഷയുടെ പേര് അനാവശ്യമായി വലിച്ചഴച്ചു പറയുന്നത്. എ.ബി വാജ്‌പേയി ന്ത്രിസഭയിലെ അംഗങ്ങളായിരുന്ന അരുണ്‍ഷൂരി, യശ്വന്ത്‌സിന്‍ഹ എന്നിവര്‍ കൂടി ഈ അഴിമതിക്കെതിരേ ഹരജി സമര്‍പ്പിച്ചവരില്‍പ്പെടുമെന്ന് ഓര്‍ക്കണം.
വാജ്‌പേയി ഭരണകാലത്തെ ശവപ്പെട്ടി കുംഭകോണത്തെയും ഇന്ത്യാ-ഇസ്രായേല്‍ മിസൈല്‍ ഇടപാട് അഴിമതിയെയും കവച്ചുവയ്ക്കുന്നതാണു റാഫേല്‍ അഴിമതി. സുപ്രിംകോടതിയില്‍ ഹരജി നല്‍കിയതോടൊപ്പംതന്നെ പ്രശാന്ത് ഭൂഷണും യശ്വന്ത്‌സിന്‍ഹയും അരുണ്‍ഷൂരിയും സി.ബി.ഐ ഡയറക്ടര്‍ക്കും ഇടപാട് സംബന്ധിച്ച് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പരാതി നല്‍കിയിരുന്നു. ഡയറക്ടര്‍ അലോക് വര്‍മ്മ ഇടപാട് സംബന്ധിച്ച് അന്വേഷിക്കുവാന്‍ ഉത്തരവിടുമെന്ന സൂചന കിട്ടിയതിനാലാണ് അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെ മാറ്റിയത്.
സി.ബി.ഐ ഡയറക്ടറെ നിയമിക്കാനും നീക്കം ചെയ്യാനും കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കാണ് അതിന്റെ അധികാരം. ബി.ജെ.പി ഭരണഘടനാതത്വം ലംഘിക്കുകയായിരുന്നു ഇവിടെ. റാഫേല്‍ അഴിമതി പുറത്തുവരാതിരിക്കാനായി ഓരോരോ പഴുതകള്‍ സര്‍ക്കാര്‍ അടയ്ക്കുമ്പോള്‍ പുതിയ പഴുതകള്‍ രൂപപ്പെടുന്നതു തീര്‍ച്ചയായും ബി.ജെ.പി സര്‍ക്കാരിനെ അങ്കലാപ്പിലാക്കിയിരിക്കാം. അതുകൊണ്ടാണു സുപ്രിംകോടതി വിധിയെപ്പോലും ധിക്കരിക്കാനുള്ള ധൈര്യമുണ്ടാകുന്നത്. അത് അവസാനത്തെ കച്ചിതുരുമ്പാണെങ്കിലും ഭരണഘടനാ ലംഘനമാണ്.
60,000 കോടിയുടെ കരാറില്‍ അനില്‍അംബാനി എങ്ങനെ പങ്കാളിയായെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയേതീരൂ. ഇന്ത്യാ ഗവണ്‍മെന്റിന്റെ നിര്‍ബന്ധത്താലാണ് അനില്‍അംബാനിയുടെ കമ്പനിയെ ഫ്രാന്‍സ് യുദ്ധവിമാന നിര്‍മാണ കമ്പനിയായ ഡസോള്‍ട്ട് പങ്കാളിയാക്കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയതാണ്. തെളിവുകളെല്ലാം കേന്ദ്രസര്‍ക്കാരിന് എതിരായിട്ടും സര്‍വ്വശക്തിയുമുപയോഗിച്ച് അഴിമതി പൂഴത്തിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എത്രകാലം അതിനു കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."