അനാഥാലയങ്ങളെ ഇനിയും പ്രയാസപ്പെടുത്തരുത്
ബാലനീതി നിയമത്തിന്റെ മറവില്‍ അനാഥാലയങ്ങളെ തകര്‍ക്കുന്ന ചട്ടം സര്‍ക്കാര്‍ ഭാഗത്തുനിന്നും ഇനിയും ഉണ്ടാകരുത്. അനാഥാലയങ്ങളുടെ നിയന്ത്രണവും മാനേജ്‌മെന്റ് അധികാരവും സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണെങ്കില്‍ അവയുടെ നിലനില്‍പ്പ്തന്നെ അവതാളത്തിലാകും. അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന കുട്ടികളെ മനുഷ്യക്കടത്തെന്നാരോപിച്ച് വിവാദം സൃഷ്ടിച്ചതിന്റെ സത്യാവസ്ഥ പുറത്തുവന്നതിന് പിന്നാലെ ഇത്തരം കേന്ദ്രങ്ങള്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്.
2014ല്‍ ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നും 455 കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്താണെന്ന് ആരോപിച്ച് പാലക്കാട് റെയില്‍വേ പൊലിസ് അനാഥാലയ അന്തേവാസികളായ കുട്ടികളെ കസ്റ്റഡിയിലെടുത്തത് കണ്ണില്‍ചോരയില്ലാത്ത നടപടിയായിരുന്നു. അനാഥാലയങ്ങളുടെ മറവില്‍ മനുഷ്യക്കടത്താണെന്ന് വരെ ആരോപിക്കുവാന്‍ പൊലിസിനും പ്രമുഖ മാധ്യമങ്ങള്‍ക്കും അന്ന് ഒരു നിമിഷംപോലും ആലോചിക്കേണ്ടിവന്നില്ല. വിവാദങ്ങള്‍ ഉയര്‍ത്തി ജുവനൈല്‍ നിയമം ദുരുപയോഗപ്പെടുത്തി കേസെടുക്കുകയും ചെയ്തു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് പൊലിസും അന്ന് കേസെടുത്തു.
എന്നാല്‍ ആരോപണം തള്ളിക്കളഞ്ഞുകൊണ്ട് ജാര്‍ഖണ്ഡ് ഹൈക്കോടതി 2017ല്‍ കേസ് റദ്ദാക്കുകയായിരുന്നു. ഇപ്പോഴിതാ ബിഹാര്‍ സര്‍ക്കാരും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. നടന്നത് കുട്ടിക്കടത്തല്ല. മധ്യവേനല്‍ അവധി കഴിഞ്ഞ് കുട്ടികള്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് പഠിക്കാന്‍ പോവുകയായിരുന്നുവെന്നും മനുഷ്യക്കടത്തോ നിയമവിരുദ്ധമായതോ ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം കൊടുത്തിരിക്കുന്നത്. ഇതോടെ ചില ഉദ്യോഗസ്ഥരും മാധ്യമങ്ങളും കെട്ടിപ്പൊക്കിയ പെരുംനുണയുടെ കുമിളകളാണ് തകര്‍ന്ന് വീണത്. ഒരു സമുദായത്തെ സമൂഹമധ്യത്തില്‍ താറടിച്ചുകാണിക്കാനുള്ള നിഗൂഢശ്രമമായിരുന്നു ഈ ആരോപണങ്ങള്‍ക്കും കേസുകള്‍ക്കും പിന്നില്‍.
അന്ന് പുതുതായി അനാഥാലയങ്ങളില്‍ ചേരാന്‍വന്ന കുട്ടികളെ തിരിച്ചയക്കാന്‍ തിടുക്കംകാട്ടിയ പൊലിസും ഉദ്യോഗസ്ഥരും വ്യാജമനുഷ്യാവകാശ പ്രവര്‍ത്തകരും ആ കുട്ടികള്‍ ഇന്ന് കഷ്ടപ്പെടുകയാണെന്ന യാഥാര്‍ഥ്യം അറിയുന്നുണ്ടോ. കുട്ടിക്കടത്തിന്റെ പൊള്ളത്തരം പുറത്തായതിന് പിന്നാലെ അനാഥാലയങ്ങളെതന്നെ ഇല്ലാതാക്കുന്ന നിയമം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തവരുന്നു. അരക്ഷിതമായ സാമൂഹികാവസ്ഥയില്‍നിന്നും പട്ടിണിയില്‍നിന്നും മോചനംതേടി മികച്ച വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമായി വന്ന കുട്ടികളെ രാജ്യത്തിന് ഉപകാരപ്രദമാകുംവിധം വളര്‍ത്തിക്കൊണ്ടുവന്ന ചരിത്രമാണ് കേരളത്തിലെ അനാഥാലയങ്ങളുടേത്. അത്തരം സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. രാജ്യത്തെ ഏറ്റവും ദരിദ്രമായ അവസ്ഥയില്‍ കഴിയുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അനാഥബാല്യങ്ങള്‍ക്ക് കേരളത്തിലെ അനാഥാലയങ്ങള്‍ വലിയൊരു അഭയകേന്ദ്രമായിരുന്നു. ആ വാതിലുകള്‍ ഒരിക്കലും അടയാന്‍ പാടില്ല.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയില്‍നിന്നും വിദ്യാഭ്യാസവും സംസ്‌കാരവും സിദ്ധിച്ച ഒരു പുതുതലമുറ വളര്‍ന്നുവരുന്നത് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് സഹിക്കാനാവുന്നില്ല. അതുകൊണ്ടാണ് യതീംഖാനകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. 2014ലെ കുട്ടിക്കടത്താരോപണങ്ങള്‍ക്ക് ശേഷം കേരളത്തില്‍നിന്ന് വെളിയിലുള്ള ഒരു കുട്ടിയെപ്പോലും അനാഥാലയങ്ങളില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ഈ യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍വേണം തിരിച്ചറിയാന്‍. മികച്ച സാമൂഹികാന്തരീക്ഷവും വിദ്യാഭ്യാസവും കിട്ടുമായിരുന്ന ഒരുപറ്റം വിദ്യാര്‍ഥികളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥ ലോബികള്‍ ഇപ്പോഴും അണിയറയില്‍ സജീവമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
1960ലെ കേന്ദ്രനിയമമായ ഓര്‍ഫനേജ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യതീംഖാനകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന സമസ്ത ഉള്‍പ്പെടെയുള്ള യതീംഖാന മാനേജ്‌മെന്റുകളുടെ ആവശ്യം പൂര്‍ണമായും തള്ളിക്കളഞ്ഞ്‌കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയൊരു ചട്ടം ഉണ്ടാക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സമസ്ത ഈ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂലമായ ഇടക്കാല ഉത്തരവ് നേടിയതുമാണ്. സംസ്ഥാന സര്‍ക്കാര്‍ 1960ലെ ഓര്‍ഫനേജ് ചട്ടം മറികടന്ന് ചട്ടം രൂപീകരിക്കുമ്പോള്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭാഗം കേള്‍ക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചതാണ്. അത് സംസ്ഥാന സര്‍ക്കാര്‍ പാലിക്കുമെന്നാണ് കരുതുന്നത്. നിലവിലെ ഓര്‍ഫനേജ് ആക്ടിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ കരടിന് രൂപം നല്‍കാന്‍ സര്‍ക്കാരിന് കഴിയും. സര്‍ക്കാര്‍ ആ വഴിക്ക് ചിന്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
2017 മെയ് അഞ്ചിന് രാജ്യത്തെ മുഴുവന്‍ ശിശുസംരക്ഷണ സ്ഥാപനങ്ങളും 2017 ഡിസംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നുവെങ്കിലും മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന ഓര്‍ഫനേജുകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വന്നിരുന്നില്ല. സുപ്രിംകോടതിയില്‍ സമസ്ത നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു യതീംഖാനകളെ ബാലനീതി നിയമത്തില്‍നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് വന്നത്. മാത്രമല്ല ബാലനീതി നിയമത്തിന് കേരള റൂള്‍സ് ഉണ്ടാക്കുമ്പോള്‍ യതീംഖാനകളെക്കൂടി കേള്‍ക്കണമെന്നും എന്നിട്ട് വേണം നിയമം ഉണ്ടാക്കാനെന്നും സുപ്രിംകോടതി വിധി നല്‍കിയിരുന്നു. ഈ വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് തന്നെയായിരിക്കും ഇടത് മുന്നണി സര്‍ക്കാര്‍ പുതിയ കരട് തയ്യാറാക്കുക എന്ന് കരുതേണ്ടിയിരിക്കുന്നു. ബാലനീതി നിയമത്തിന്റെയും കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച മോഡല്‍ റൂള്‍സിന്റെയും പഴുതുകളിലൂടെ അനാഥാലയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിനെ മറികടന്ന് അണിയറയില്‍ രൂപംകൊണ്ടാല്‍ അതിനെതിരേ ജാഗ്രത പാലിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
ഇത്തരമൊരു ചട്ടം രൂപീകരിക്കുന്നതിന് മുമ്പ് ഇത് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ അടക്കമുള്ള 16 അംഗ കമ്മിറ്റിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. കരട് ചട്ടം തയ്യാറാക്കും മുമ്പ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുക്കുക എന്ന്തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."