മദ്റസാധ്യാപകര്‍ക്ക് 45 ലക്ഷം രൂപ സര്‍വിസ് ആനുകൂല്യം അനുവദിച്ചു
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്റസകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വിസ് ആനുകൂല്യം വിതരണത്തിന് സജ്ജമായി. അപേക്ഷകരില്‍ നിന്നു തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 45 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനതല വിതരണോദ്ഘാടനം ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. സി.കെ.എം സ്വാദിഖ് മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, എം അബൂബക്കര്‍ മൗലവി ചേളാരി, അബ്ദുറഹിമാന് മുസ്ലിയാര് കൊടക്, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട്, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം പ്രസംഗിച്ചു.
ആനുകൂല്യം ലഭിച്ചവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം അയച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മുതല്‍ മലപ്പുറം സുന്നി മഹല്‍, കോഴിക്കോട് മുഅല്ലിം സെന്റര്‍, കല്പറ്റ ജില്ലാ ഓഫിസ്, ചെര്പുളശ്ശേരി സമസ്ത പാലക്കാട് ജില്ലാ കാര്യാലയം, കാസര്‍കോട് ജില്ലാ ഓഫിസ് എന്നിവിടങ്ങളിലും നാളെ കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍, എടരിക്കോട് മുനവ്വിറുല് ഇസ്ലാം മദ്റസ എന്നിവിടങ്ങളിലും ജൂണ്‍ 17ന് തൃശൂര്‍ എം.ഐ.സിയിലും തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വച്ചും വിതരണം നടക്കും. അധ്യാപകര്‍ ഒറിജിനല്‍ മുഅല്ലിം സര്‍വിസ് രജിസ്റ്ററുമായി വന്ന് തുക കൈപ്പറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."