വൈദ്യുതി പ്രതിസന്ധി: കൊടുക്കുന്നത് വലിയ വില
തൊടുപുഴ: കേന്ദ്ര പൂള്‍ വൈദ്യുതിയില്‍ കുറവുണ്ടായതുമൂലം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വന്‍ വിലയ്ക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങിയാണ് കെ.എസ്.ഇ.ബി പിടിച്ചുനില്‍ക്കുന്നത്. യൂനിറ്റിന് 9.50 മുതല്‍ 10.15 രൂപ നിരക്കിലാണ് കഴിഞ്ഞ ദിവസം വൈദ്യുതി വാങ്ങിയത്. കുറഞ്ഞ നിരക്കായ 5.76 രൂപയില്‍ 10 ലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ലഭിച്ചത് ചെറിയ ആശ്വാസമായി.
ഒഡിഷയിലെ താല്‍ച്ചര്‍, ജാര്‍ഖണ്ഡിലെ മെയ്ത്തണ്‍ എന്നീ താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം കാരണം ഉല്‍പ്പാദനം ഇടിഞ്ഞതാണ് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാന്‍ കാരണം. ഇതേതുടര്‍ന്ന് മൂന്നുദിവസമായി വൈകിട്ട് ആറ് മുതല്‍ 11 വരെ സംസ്ഥാനത്ത് അരമണിക്കൂര്‍ വീതം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍, വെള്ളത്തൂവല്‍, മാട്ടുപ്പെട്ടി നിലയങ്ങള്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല.
പന്നിയാര്‍ വൈദ്യുതി നിലയം കഴിഞ്ഞ 27ന് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മന്ത്രി മണി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയം കഴിഞ്ഞ് 78 ദിവസം പിന്നിട്ടിട്ടും അത് നടന്നില്ല. ഇതിനുപുറമെ സംഭരണ ശേഷി കവിഞ്ഞതിനാല്‍ പൊന്മുടി ഡാം പലവട്ടം തുറന്നുവിട്ട് ലക്ഷങ്ങളുടെ വൈദ്യുതിക്കുള്ള വെള്ളം ഒഴിക്കിക്കളയേണ്ടി വന്നതും തിരിച്ചടിയായി. വെള്ളത്തൂവല്‍ ചെറുകിട പദ്ധതിയുടെ പവര്‍ഹൗസ് പുനര്‍നിര്‍മിച്ച് വരികയാണ്. മാട്ടുപ്പെട്ടി പവര്‍ഹൗസില്‍ അടുത്തയാഴ്ച ഉല്‍പാദനം തുടങ്ങാമെന്നാണ് നിഗമനം.
660 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. താല്‍ച്ചറില്‍ നിന്ന് 410 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് 150 മെഗാവാട്ടാണ് കിട്ടുന്നത്. 266 മെഗാവാട്ട് ലഭിക്കേണ്ട കൂടംകുളത്തുനിന്ന് 65 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നത്. 3500 മെഗാവാട്ട് വരെയാണ് സംസ്ഥാനത്ത് പീക്ക് സമയത്തെ ആവശ്യം. 1610 മെഗാവാട്ട് വരെയാണ് ആഭ്യന്തര ഉല്‍പ്പാദനം. 70.98 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തെ ഇന്നലത്തെ ഉപഭോഗം. മൊത്തം സംഭരണശേഷിയുടെ 79 ശതമാനം വെള്ളം നിലവില്‍ അണക്കെട്ടുകളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."