വിലക്കയറ്റം: നിര്‍മാണമേഖലയില്‍ പ്രതിസന്ധി രൂക്ഷം
കക്കട്ടില്‍: കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് വില ഉയരുന്നതിനാല്‍ നിര്‍മാണമേഖലയില്‍ പ്രതിസന്ധി രൂക്ഷമായി. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റത്തോടൊപ്പം, ലഭ്യതക്കുറവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. സാധാരണക്കാരും, കൂലി തൊഴിലാളികളുമാണ് ഇത് കാരണം വലയുന്നത്.
വീടുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയതിനാല്‍ ഭവന നിര്‍മാണ പദ്ധതികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ലൈഫ് ഭവനപദ്ധതി ഉള്‍പ്പെടെയുള്ളവക്ക് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക വിലക്കയറ്റത്തിന്റെ പശ്ചാതലത്തില്‍ അപര്യാപ്തമാണ്. ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചയിടങ്ങളിലാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം. 1000 മുതല്‍ 5000 രൂപ വരെ വില വര്‍ധിച്ചിരിക്കുകയാണ്. വാഹന വാടകയും വര്‍ധിപ്പിച്ചിട്ടുണ്ട്. സിമന്റ് കമ്പി എന്നിവയുടെ വിലക്കയറ്റവും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെയും, സര്‍ക്കാറിന്റെയും പ്രവൃത്തികളും ഇതോടെ പ്രതിസന്ധിയിലായി. ക്വാറി മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ ദുരിതത്തിലാണ്. എന്നാല്‍ പെര്‍മിറ്റുള്ള ക്വാറികള്‍ക്ക് കാലാവധി തീരും വരെ ഖനനം ചെയ്യാമെന്ന് ഉത്തരവുണ്ട്. മൂന്ന് ലക്ഷം രൂപ കെട്ടിവച്ചാണ് ഒരു വര്‍ഷത്തേക്ക് പെര്‍മിറ്റ് എടുക്കേണ്ടത്. ചില ക്വാറികളില്‍ അനധികൃത ഖനനം നടത്തുന്നതായി പരാതിയുണ്ട്.
കേരളത്തില്‍ നിരവധി ചെറുകിട ക്വാറികള്‍ ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവയ്ക്ക് പഞ്ചായത്ത് ലൈസന്‍സ്, മൈനിങ്, ജിയോളജി, വനം വകുപ്പുകളുടെ അനുമതി ഉണ്ടെങ്കിലെ ലൈസന്‍സ് ലഭിക്കുകയുള്ളു.
24 മുതല്‍ 50 സെന്റ് വരെയുള്ള സ്ഥലങ്ങളില്‍ സ്റ്റാറ്റിയൂട്ടറി അതോറിറ്റിയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ചെറുകിട ക്വാറികള്‍ക്ക് പിരിസ്ഥിതിക അനുമതി വേണമെന്നത് വന്‍കിടക്കാരെ സഹായിക്കാനേ ഉപകരിക്കൂ എന്നാണ് ചെറുകിട ക്വാറി ഉടമകളുടെ വാദം. ഒന്നര ഏക്കര്‍ പറമടയിലെ 34000 മെട്രിക് ടണ്ണിന് ഒരു വര്‍ഷത്തേക്ക് 10 ലക്ഷത്തോളം അടയ്‌ക്കേണ്ട സ്ഥാനത്ത് അനധികൃത ക്വാറികളില്‍ നിന്ന് ഒരു രൂപ പോലും റോയല്‍റ്റി ലഭിക്കാത്തത് സര്‍ക്കാരിന് കനത്ത നഷ്ടമാണ്.
വന്‍കിടക്കാര്‍ക്ക് അനുകൂലമായ നിയമമാണിപ്പോഴത്തേതെന്ന ആക്ഷേപമുണ്ട്. ഇവരാണെങ്കില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ നിന്നു പോലും ഖനനം ചെയ്യുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."