സ്ഥലത്തെച്ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസിന്റേതെന്ന് പാര്‍ട്ടി, അങ്കണവാടിയുടേതെന്ന് പ്രസിഡന്റ്
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പണപ്പൊയില്‍ അങ്കണവാടിക്ക് സമീപമുള്ള അഞ്ച് സെന്റ് സ്ഥലത്തെച്ചൊല്ലി തര്‍ക്കം. അകമ്പാടം വില്ലേജില്‍ 771 ല്‍പ്പെട്ട ഈ സ്ഥലം 1992ല്‍ പറമ്പാടന്‍ കുഞ്ഞാലന്‍ എന്ന ആളില്‍ നിന്നും അന്നത്തെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് വള്ളിക്കാവുങ്കല്‍ ജോര്‍ജിന്റെ പേരില്‍ പാര്‍ട്ടി വാങ്ങിയതാണെന്നും അന്നുമുതല്‍ 2016 ജൂലൈ 29 വരെ നികുതി അടച്ചുവരുന്ന ഭൂമിയാണെന്നും രേഖകള്‍ കാണിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.
എന്നാല്‍ 921 ല്‍പ്പെട്ട സ്ഥലമാണിതെന്നും കോണ്‍ഗ്രസിന്റെ അവകാശവാദം വാസ്തവ വിരുദ്ദമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ പറഞ്ഞു. 771ലെ സ്ഥലം ഏതെന്നു കണ്ടെത്തണം. അങ്കണവാടി പ്രവര്‍ത്തിക്കുന്ന 30 സെന്റ് സ്ഥലം പഞ്ചായത്തിന്റേതാണെന്ന് വില്ലേജ് രേഖയിലുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ അങ്കണവാടി ഭൂമി സംബന്ധിച്ച് പഞ്ചായത്തില്‍ ഒരു രേഖകളുമില്ലാത്തത് അധികൃതരേയും കുഴക്കുന്നുണ്ട്.
അതിനിടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നാലകത്ത് ഹൈദരലിയുടെ നേതൃത്വത്തില്‍ ഇന്നലെ സ്ഥലം അതിരുതിരിച്ച് കുറ്റി അടിച്ചു. ഇരുകക്ഷിളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോള്‍തന്നെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കമ്പിവേലികെട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങിയത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറി സത്യരാജ് അങ്കണവാടിയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുമെന്നും കുറവ് വന്നിട്ടുണ്ടെങ്കില്‍ രേഖകള്‍ പരിശോധിച്ച് കുറവ് വന്ന ഭൂമി കണ്ടെത്തി അങ്കണവാടി ഭൂമിയോട് ചേര്‍ക്കുമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."