പുനരധിവാസത്തിന് ആരും അപേക്ഷിച്ചില്ല
സ്വന്തം ലേഖിക
കൊച്ചി: മരടിലെ വിവാദ ഫ്ളാറ്റുകളിലെ താമസക്കാരാരും പുനരധിവാസത്തിന് അപേക്ഷിച്ചില്ല. ഇതോടെ, ആര്‍ക്കും പുനരധിവാസം വേണ്ടതില്ലെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാന്‍ മരട് നഗരസഭ നടപടി തുടങ്ങി. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് സുപ്രിംകോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട നാല് ഫ്ളാറ്റ് സമുച്ഛയങ്ങളിലെ താമസക്കാര്‍ക്ക് പുനരധിവാസം ഒരുക്കുന്നതിനാണ് നഗരസഭ നോട്ടിസ് നല്‍കിയിരുന്നത്. താല്‍ക്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ ഇന്നലെ വൈകിട്ട് മൂന്നിനകം അപേക്ഷിക്കണമെന്ന് നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി ഫ്ളാറ്റുകളില്‍ നോട്ടിസ് പതിച്ചിരുന്നു. താമസക്കാര്‍ ഒപ്പിട്ട് വാങ്ങാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് നോട്ടിസ് പതിച്ചത്.
എന്നാല്‍, നിശ്ചിത സമയപരിധിയില്‍ അപേക്ഷയുമായി ആരും നഗരസഭയെ സമീപിച്ചില്ല. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് താമസയിടം ഒരുക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ഫ്ളാറ്റ് ഒഴിഞ്ഞുപോകാന്‍ നോട്ടിസ് നല്കിയപ്പോള് തന്നെ നഗരസഭാ അധികൃതര്‍ ആളുകളെ പുനരധിവസിപ്പിക്കാന്‍ ഇടവും തേടിയിരുന്നു. എഫ്.എ.സി.ടിയുടെ ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഫ്ളാറ്റ് നിവാസികളുടെ താല്കാലിക താമസത്തിനായി കണ്ടെത്തിയതായാണ് വിവരം. ഈമാസം 20നകം നിയമംലംഘിച്ച് നിര്‍മിച്ച ഹോളിഡേ ഹെറിറ്റേജ്, ജെയിന് ഹൗസിങ്, ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട സമുച്ഛയം, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്ളാറ്റ് സമുച്ഛയങ്ങള്‍ പൊളിച്ചുനീക്കണമെന്നാണ് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയത്. ഇതില്‍ ഹോളിഡേ ഹെറിറ്റേജ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. മറ്റ് നാല് ഫ്ളാറ്റുകളിലെ താമസക്കാര്‍ അഞ്ചുദിവസത്തിനകം ഒഴിയണമെന്ന് കാണിച്ച് ഈമാസം10ന് നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. എന്ത് വന്നാലും ഫ്ളാറ്റുകളില്‍നിന്ന് ഒഴിയില്ലെന്ന നിലപാടിലാണ് ഫ്ളാറ്റുടമകള്‍. അതേസമയം സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനുശേഷമേ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുകയുള്ളൂവെന്ന് നഗരസഭ ചെയര്പേഴ്സന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."