ഉപജില്ലാ കായികമേള ഇനിയും തുടങ്ങിയില്ല; സംസ്ഥാന മേള 24ന്
പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റിന്റെ ഉത്തരവ് തിരിച്ചടിയാകുന്നു
കല്‍പ്പറ്റ: ഭാവി കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള പേരിനൊരു മേള മാത്രമാക്കി പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റ്.
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗമായുള്ള ഗെയിംസ് മത്സരങ്ങള്‍ ഈ മാസം 24 മുതല്‍ തുടങ്ങണമെന്നും അതിന് മുന്‍പേ ഉപജില്ലാ, ജില്ലാ മത്സരങ്ങള്‍ നടത്തി വിജയികളായ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നുമുള്ള ഡയരക്ടറേറ്റിന്റെ പുതിയ സര്‍ക്കുലറാണ് മേളയുടെ ശോഭ കെടുത്തുന്നത്.
സംസ്ഥാനത്ത് ഒരു ജില്ലയില്‍ പോലും ഉപജില്ലാ കായിക മേള നടക്കാത്ത സമയത്താണ് നേരത്തെ പ്രഖ്യാപിച്ച തിയതിക്കുള്ളില്‍ സ്‌കൂള്‍, ഉപജില്ലാ, ജില്ലാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് വാശിപിടിച്ച് 16ന് പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്.
ഇന്നലെ എറണാകുളത്ത് വച്ച് നടന്ന വിദ്യാഭ്യാസ ഉപഡയരക്ടര്‍മാരുടേയും ആര്‍.ഡി.ഡിമാരുടേയും യോഗ തീരുമാനവും നേരത്തെ തീരുമാനിച്ച പ്രകാരം മേള നടക്കണമെന്നതാണ്.
ഈ മാസം 18ന് മുന്‍പ് സ്‌കൂള്‍തല കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 18ന് വൈകിട്ട് അഞ്ചിന് മുന്‍പ് വിജയികളായ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് വകുപ്പിന്റെ നേരത്തെയുള്ള ഉത്തരവ്.
സെപ്റ്റംബര്‍ അഞ്ചിനാണ് സ്‌കൂളുകളില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചത്. ആറിന് ഓണാവധി ആരംഭിച്ച് 16നാണ് സ്‌കൂളുകള്‍ തുറന്നത്. ഇന്ന് വൈകിട്ടോടെ സ്‌കൂള്‍തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കണം.
എന്നാല്‍, സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും സ്‌കൂള്‍ തല മത്സരങ്ങള്‍ പോലും ആരംഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇനിയുള്ള ആറു ദിവസങ്ങള്‍ കൊണ്ട് ഉപജില്ലാ, ജില്ലാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ഗതികേടിലാണ് അധികൃതര്‍.
സംസ്ഥാനത്തെ സ്‌കൂളുകളിലെ കായികാധ്യാപകരുടെ ചട്ടപ്പടി സമരം പൊളിക്കാനാണ് വകുപ്പ് വിദ്യാര്‍ഥികളുടെ കായിക ഭാവി ഇല്ലാതാക്കുന്ന തരത്തിലുള്ള കായിക മേള നടത്താന്‍ വാശിപിടിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്.
കായികാധ്യാപകരുടെ ചട്ടപ്പടി സമരം അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥികളുടെ കായിക ഭാവി നശിപ്പിച്ചുകൊണ്ടുള്ള ഒരു സമരവും പൊതുസമൂഹം അംഗീകരിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
വകുപ്പിന്റെ കടുംപിടിത്തം കാരണം മുപ്പതോളം ഇനങ്ങളുള്ള ഗെയിംസില്‍ സംസ്ഥാന തലത്തില്‍ ഇത്തവണ നാമമാത്ര ഇനങ്ങളില്‍ മാത്രമേ മത്സരാര്‍ഥികള്‍ ഉണ്ടാകൂവെന്ന ആശങ്കയും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."