കാമറക്കണ്ണില്‍ വിസ്മയം തീര്‍ത്ത് അകിയ കോമാച്ചി
കോഴിക്കോട്: പ്രകൃതിയുടെ കൂട്ടുകാരികളെ കാമറക്കണ്ണില്‍ പകര്‍ത്തിയ ആറാം ക്ലാസുകാരി അകിയ കോമാച്ചിയുടെ 'നെയ്ബറിങ്' ഫോട്ടോ എക്‌സിബിഷന്‍ കാഴ്ചക്കാരുടെ മനം കവരുന്നു.
ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചിയുടെയും ജസീനയുടെയും മകളായ അകിയക്ക് ചെറുപ്പം മുതലേ കാമറയോട് ഇമ്പമായിരുന്നു. വീട്ടുമുറ്റത്തെത്തുന്ന കിളികളോട് ആദ്യം കൂട്ടുകൂടിയ അകിയ അവ കാമറയിലേക്ക് പകര്‍ത്തിയാണു പിതാവിന്റെ വഴിയേ ഫോട്ടോഗ്രഫി മേഖലയില്‍ ചുവടുറപ്പിച്ചത്. അവധി ദിനങ്ങളില്‍ വീട്ടിലെ മരച്ചില്ലകളിലെത്തുന്ന പക്ഷികളെ കാമറയില്‍ പകര്‍ത്തി. പതിയെ പ്രകൃതിയുടെ സൗന്ദര്യത്തെ പകര്‍ത്താനായി വീടിനടുത്തെ കാവിനുള്ളിലേക്ക് പ്രവേശിച്ചു. പിന്നീടങ്ങോട്ട് എല്ലാ അവധിദിനങ്ങളിലും ഇതു പതിവായി. സ്വന്തം വീടിനും നാടിനും ചുറ്റുമുള്ള വിസ്മയക്കാഴ്ചകളെയും കാമറയിലേക്ക് പകര്‍ത്തി. കൂടാതെ ആരും ശ്രദ്ധിക്കാതെ പോകുന്ന പല ജീവികളും ഈ പതിനൊന്നുകാരിയുടെ കാമറക്ക് മുന്നില്‍ കഥാപാത്രങ്ങളായിട്ടുണ്ട്. ഫാറൂഖ് കോളജ് വെനീറിനി ഇ.എം.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അകിയ. യുവ ഫോട്ടോഗ്രാഫര്‍മാരായ അഖില്‍ കോമാച്ചിയും അഖിന്‍ കോമാച്ചിയും സഹോദരങ്ങളാണ്. മലബാറിലെ മുതിര്‍ന്ന ഫോട്ടോഗ്രഫര്‍മാരായ ചോയ്ക്കുട്ടി, പി. മുസ്തഫ, വി. ആലി, നന്ദകുമാര്‍ മൂടാടി, ജോണി കുന്നത്ത്, സുനില്‍ ഇന്‍ഫ്രയിം എന്നിവര്‍ ചേര്‍ന്നാണു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച പ്രദര്‍ശനം നാലിനു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."