ആഘോഷങ്ങള്‍ ഇല്ലെങ്കിലും പൊലിമ കുറയാതെ കേരളപ്പിറവി ദിനാചരണം
കോഴിക്കോട്: പ്രളയാനന്തരമുള്ള കേരളപ്പിറവി ദിനം ആഘോഷങ്ങളില്ലെങ്കിലും വിവിധ പരിപാടികളോടെ ജില്ലയില്‍ ആചരിച്ചു. സ്‌കൂളുകളില്‍ മലയാള ഭാഷാ പ്രതിജ്ഞ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വാകാര്യ സ്ഥാപനങ്ങളിലും അനുബന്ധ പരിപാടികള്‍ നടത്തി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കേരള പുസ്തകോത്സവം നടന്നു. പാവമണി റോഡിലെ പൊലിസ് ക്ലബ് പരിസരത്ത് പൊലിസുകാര്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. പൊലിസ് സേനയില്‍ ഉപയോഗിക്കുന്ന വിവിധ വസ്തുക്കളുടെ പ്രദര്‍ശനമായിരുന്നു നടന്നത്. അശോകപുരം പെന്‍ഷന്‍ ഭവനില്‍ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കോര്‍പറേഷന്‍ ഓഫ് നോര്‍ത്ത് ബ്ലോക്ക് നേതൃത്വത്തില്‍ മലയാള ഭാഷാ ദിനാചരണം നടത്തി. ചേളന്നൂര്‍ മുതുവാട് എ.എല്‍.പി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷവും ദേശഭക്തി ഗാനാലാപനവും നടന്നു. മാവൂര്‍ റോഡ് വിഷന്‍ സ്‌കൂള്‍ ഓഫ് ഏവിയേഷനില്‍ പ്രളയക്കെടുതി സംബന്ധിച്ച അവലോകനവും കേരളപ്പിറവി റാലിയും നടന്നു. ഫറോക്ക്: കേരളപ്പിറവി ദിനത്തില്‍ മലയാളപ്പഴമയുടെ ചരിത്രം തേടി ഫാറൂഖ് എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിള്‍. കേരളത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പത്രികകളും ദൃശ്യാവിഷ്‌കാരവുമായി വിദ്യാര്‍ഥികള്‍ തങ്ങളുടെ കൂട്ടുകാര്‍ക്ക് വ്യത്യസ്തമായ പഠനവേദിയാണൊരുക്കിയത്. കേരളത്തിന്റെ ചരിത്രം, ഐതിഹ്യം,കലകള്‍,സംഗീതം, കളികള്‍, ആഘോഷങ്ങള്‍, വിനോദ കേന്ദ്രങ്ങളുടെ വിവരങ്ങള്‍, കവിതകള്‍, കഥകള്‍ എന്നിവയെല്ലാം പരിപാടിയില്‍ ഇടം പിടിച്ചു . ദ്രുത പ്രശ്‌നോത്തരി, നവകേരള പ്രതിജ്ഞ എന്നിവക്ക് ടി . സുലൈഖ, നസ്‌റി ബാനു എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ജഹാംഗീര്‍ കബീര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.പി മുഹമ്മദലി, കെ.എച്ച് സുലൈമാന്‍, എ.വാഹിദ, സ്‌കൂള്‍ ലീഡര്‍ ഷാദില്‍ വി.കെ സംസാരിച്ചു.
ഫറോക്ക്: കേരളപ്പിറവി ദിനത്തില്‍ ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നവകേരള പ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപകന്‍ സി.കെ രാജീവന്‍, കെ.പി ദേവി പ്രസാദ്, ലാലി എസ്. ദാസ്, ശില്‍പ, കദീജ, അനുപമ, സാഹിദ സംബന്ധിച്ചു.
തലക്കുളത്തൂര്‍: സി.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നാടന്‍ പ്പാട്ട് ശില്‍പ്പ ശാല, ഓല മെടയല്‍ തുടങ്ങിയവ സംഘടിപ്പിച്ചു. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകന്‍ ഭാസ്‌ക്കരന്‍ നാടന്‍ പാട് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഫാത്തിമ ഹന്നാ ഹാഗര്‍, സ്‌കൗട്ട്‌സ് മാസ്റ്റര്‍ മുഹമ്മദ് ഷഫീന്‍, ഗൈഡ്‌സ് ക്യാപ്റ്റന്‍ അനുപമ, ബിന്ദു മലയില്‍, ഹരീഷ് കുമാര്‍, പ്രഭിത എന്നിവര്‍ സംസാരിച്ചു. ഓലമെടയലിന് കൗസു നേതൃത്വം നല്‍കി.
വടകര: ആഘോഷങ്ങളില്ലെങ്കിലും നാടെങ്ങും പൊലിമ കുറയാതെ തന്നെ കേരളപ്പിറവി ദിനാചരണം നടത്തി. അഴിയൂരില്‍ കേരള പിറവി ദിനത്തോട് അനുബന്ധിച്ച് മുഴുവന്‍ വീടുകളിലും കറിവേപ്പിലയുടെയും വേപ്പിന്റെയും തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഗൃഹചൈതന്യം പദ്ധതി ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,25,000 രൂപ ചെലവഴിച്ച് കാര്‍ഷിക നഴ്‌സറിയില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച കീടനാശിനി വിമുക്തമായ ചെടികളാണ് നല്‍കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ്ബ് തൊഴിലാളികള്‍ക്ക് ചെടി നല്‍കി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുധ മാളിയിക്കല്‍ അധ്യക്ഷനായി. അക്ഷരലക്ഷം സാക്ഷരത പരിപാടിയില്‍ നവ സാക്ഷരരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജാസ്മിന കല്ലേരി, അസിസ്റ്റന്റ് സെക്രട്ടറി ഇ. അരുണ്‍ കുമാര്‍, ഓവര്‍സിയര്‍ കെ. രഞ്ചീത്ത് കുമാര്‍, വിജിഷ സംസാരിച്ചു. ചെടികള്‍ തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്ന് ലഭ്യമാകും.
എടച്ചേരി: കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കുമ്മങ്കോട് ഈസ്റ്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവനയിലൂടെ പ്രളയ കേരളവും, പ്രളയാനന്തര കേരളവും തീര്‍ത്ത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
വിവിധ വര്‍ണങ്ങളില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ തീര്‍ത്ത ചിത്രങ്ങള്‍ കാണാനെത്തിയ അമ്മമാര്‍ തന്നെ വിധികര്‍ത്താക്കളുമായി. ഓരോ ക്ലാസുകാരുടെയും ചിത്രങ്ങള്‍ മറ്റു ക്ലാസുകളിലെ രക്ഷിതാക്കളാണ് വിലയിരുത്തിയത്. ഏറ്റവും കൂടുതല്‍ രക്ഷിതാക്കള്‍ മാര്‍ക്ക് രേഖപ്പെടുത്തിയ മൂന്നാം ക്ലാസുകാരി ലബീബ നാസറിന്റെ ചിത്രം മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു.
സ്‌കൂളില്‍ രണ്ട് മാസക്കാലത്തേക്ക് നടത്താന്‍ തീരുമാനിച്ച പ്രവര്‍ത്തനങ്ങളടങ്ങിയ സ്‌കൂള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടന്നു. പി.ടി.എ പ്രസിഡന്റ് സി.ആര്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സി.കെ പ്രീത അധ്യക്ഷയായി. അധ്യാപകരായ കെ. ബഷീര്‍ മാസ്റ്റര്‍, കെ.കെ സിഹന്‍ലലത്ത്, ദീപ്തി എസ്.ഡി, ജംഷീന, നവ്യ രാജ് സംസാരിച്ചു.
കുറ്റ്യാടി: കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി 'പുതിയ കേരളം, കുട്ടികളുടെ കാഴ്ചപ്പാടില്‍' എന്ന വിഷയത്തില്‍ കായക്കൊടി കെ.പി.ഇ.എസ്.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ഡറി ഹ്യുമാനിറ്റീസ് വിഭാഗം സംവാദം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ കെ.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നിഷാദ് പൊന്നംകണ്ടി അധ്യക്ഷനായി.
നവകേരള നിര്‍മിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവും നവോത്ഥാന പാരമ്പര്യത്തെയും കുറിച്ചുള്ള ചിത്ര പ്രദര്‍ശനം, പ്രശ്‌നോത്തരി എന്നിവയും നടത്തി. സി.എസ് ഷാലു ഷിജു, ഫാത്തിമ റിഫാന, പി. ജിഷ്ണുകൃഷ്ണ, ടി.ആര്‍ അഭിരാമി, കെ. ആല്‍ബിന്‍, പി. അനന്യ, ഫാത്തിമ ഹീന ആസ്മി, വി. ഫിദ ഫാത്തിമ, മുഹമ്മദ് സജാദ്, പി. മിഥുന്‍ ബാബു സംസാരിച്ചു.
വടകര: നെല്ലാച്ചേരി എല്‍.പി സ്‌കൂള്‍ കേരളപ്പിറവി ദിനം വിപുലമായി ആചരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.പി ബാബു നവകേരള നിര്‍മാണ പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. രാഹുല്‍ ശിവ, പി.പി മഹിത, അനു .ആര്‍, സമിയത്ത് വി.കെ, ജഷിത ഷാജു, നിഷ പ്രസില്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കേരളത്തിന്റെ ഭൂപടം പൂക്കള്‍ കൊണ്ട് നിര്‍മിച്ചു. ചിത്രരചന മത്സരം, ലഘു ലേഖനം, ക്വിസ് മത്സരം, സംഘഗാനം എന്നീ പരിപാടികളും സംഘടിപ്പിച്ചു.
വടകര: ഓര്‍ക്കാട്ടേരി എം.ഇ.എസ് പബ്ലിക് സ്‌കൂള്‍ കുട്ടികള്‍ കേരളപിറവി ദിനത്തില്‍ കേരള പുനര്‍ സൃഷ്ടിക്ക് 15 നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഏറാമല പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റിന് വേണ്ടി സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ സുനില്‍ കുഞ്ഞിത്തയ്യില്‍, ക്രസന്റ് അബ്ദുല്ല, ടി.എന്‍ റഫീഖ്, രൂഷ്മാറാണി, ജസീല, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."