കാട്ടാനശല്യം; തൊറപ്പള്ളിക്ക് ആശ്വാസമായി വൈദ്യുതി വേലി
ഗൂഡല്ലൂര്‍: മുതുമല വന്യമൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ആനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വരുന്നത് തടയാന്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്നു. വന്യമൃഗസംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന കാട്ടാനശല്യം രൂക്ഷമായ തൊറപ്പള്ളി ഗ്രാമത്തിന് ചുറ്റുമാണ് വൈദ്യുതി വേലി സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നേരത്തെ നിര്‍മിച്ച പ്രതിരോധ കിടങ്ങുകളോട് ചേര്‍ന്നാണ് വൈദ്യുതി വേലിയും സ്ഥാപിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും തൊറപ്പള്ളിയിലിറങ്ങുന്ന കാട്ടാനക്കൂട്ടം വ്യാപകനാശമാണ് വരുത്തിയിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത ഉപരോധമടക്കമുള്ള സമരങ്ങളും നടത്തിയിരുന്നു. തുടര്‍ന്നാണ് വന്യമൃഗ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
നാട്ടുകാരുടെ സമരത്തെ തുടര്‍ന്ന് നേരത്തെ ആനകളെ നിരീക്ഷിക്കുന്നതിന് പ്രദേശത്ത് വനപാലകരേയും നിയമിച്ചിരുന്നു. വൈദ്യുതി വേലി സ്ഥാപിക്കുന്നതോടെ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."