മൂത്തൂറ്റിലെ സമരം: മാനേജ്‌മെന്റിന്റെ നിസഹകരണമെന്ന് മൂന്നാം ചര്‍ച്ചയും അലസി
തിരുവനന്തപുരം: മൂത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിന് ഒരു മാസം പൂര്‍ത്തിയാകുമ്പോഴും ചര്‍ച്ചയില്‍ പുരോഗതിയില്ല. മൂന്നാമത്തെ ചര്‍ച്ചയും ഇന്ന് തീരുമാനമാകാതെ പിരിഞ്ഞു. തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയാണ് മാനേജ്‌മെന്റിന്റെ നിസഹകരണം കൊണ്ട് ധാരണയാകാതെ പിരിഞ്ഞത്. മുത്തൂറ്റ് മാനേജ്‌മെന്റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നാണ് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ പറയുന്നത്. പ്രശ്‌നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ ജീവനക്കാരുടെ മുഷ്‌ക്കാണ് പ്രശ്‌നത്തിനു പിന്നിലെന്ന വാദമാണ് പൊളിയുന്നത്. പിന്നില്‍ മറ്റെന്തോ ഉദ്ദേശങ്ങളുണ്ടെന്ന സംശയവും ബലപ്പെടുകയാണ്. അതേ സമയം സമരം തുടര്‍ന്നാല്‍ കേരളത്തിലെ മറ്റു ബ്രാഞ്ചുകളും പൂട്ടേണ്ടിവരുമെന്നാണ് മാനേജ്‌മെന്റ് ആവര്‍ത്തിക്കുന്നത്.
മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി ജോണ്‍ ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മടങ്ങിപ്പോയി. തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം തയ്യാറായില്ല.
ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. പക്ഷേ, ഒരു താല്‍ക്കാലിക വര്‍ധനയെന്ന ആവശ്യം ഉന്നയിച്ചെങ്കിലും മാനേജ്‌മെന്റ് അംഗീകരിച്ചില്ല. പ്രശ്‌നം അഭിമുഖീകരിക്കുന്ന തോട്ടം മേഖല പോലും ഇടക്കാല ആശ്വാസം തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, തൊഴിലാളി ക്ഷേമത്തിന് വേണ്ടി മുന്നോട്ടുവച്ച നിര്‍ദ്ദേശം അംഗീകരിക്കാന്‍ മുത്തൂറ്റ് മാനേജ്‌മെന്റ് തയാറായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."