ജില്ലയിലെ ആദ്യ കാന്‍സര്‍ രോഗനിര്‍ണയകേന്ദ്രം നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
മലപ്പുറം: ജില്ലയിലെ ആദ്യ കാന്‍സര്‍ രോഗ നിര്‍ണയ സെന്റര്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. എടവണ്ണ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം വരുന്നത്. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രത്യേക സമിതിക്കു കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗം രൂപംനല്‍കി.
പി.കെ ബഷീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലാണ്.
പദ്ധതി പുരോഗതി വിലയിരുത്താന്‍ മലബാര്‍ കാന്‍സര്‍ സെന്ററിലെയും ഡി.എച്ച്.സിലെയും വിദഗ്ധര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. മലപ്പുറം എ.ഡി.എം വിജയന്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍, ഡി.എം.ഒ ഡോ. സക്കീന, ഡി.എച്ച്.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് പറമ്പാടന്‍ ലക്ഷ്മി, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.
സെന്ററില്‍ മികച്ച ഡോക്ടര്‍മാരെ നിയമിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത മൂന്നു ഡോക്ടര്‍മാര്‍ക്കു മൂന്നു മാസം മലബാര്‍ കാന്‍സര്‍ സെന്ററില്‍ പരിശീലനം നല്‍കാന്‍ തീരുമാനമായി. ആശുപത്രി ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം ലഭ്യമാക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലുള്ളവര്‍ക്കു കുറഞ്ഞ ചെലവില്‍ കാന്‍സര്‍ നിര്‍ണയവും പ്രാരംഭ ചികിത്സകളും നടത്താന്‍ എടവണ്ണ കാന്‍സര്‍ സെന്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ സാധ്യമാകും.
എം.എല്‍.എ ഫണ്ടില്‍നിന്നുള്ള ഒരു കോടി രൂപയയ്ക്കു പുറമേ, സ്വകാര്യ വ്യക്തികളുടെ സംഭാവനകളും ഉപയോഗിച്ചാണ് ആദ്യഘട്ട നിര്‍മാണവും അടിസ്ഥാന സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സാമൂഹ്യാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടു കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."