മണ്‍വിള അഗ്നിബാധ: കരിഞ്ഞൊടുങ്ങിയത് കോടികള്‍
സുരേന്ദ്ര ഭാസ്‌കര്‍
പോത്തന്‍കോട്: മണ്‍വിള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനുള്ളിലെ ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലുണ്ടായ വന്‍തീപ്പിടിത്തം തലസ്ഥാന ജില്ലയെ ഒരു രാത്രി മുഴുവന്‍ ആശങ്കയിലാക്കി. ഇന്നലെ വൈകിട്ട് 6.45ന് ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്കുശേഷമാണു നിയന്ത്രണവിധേയമായത്. നാല്‍പ്പത് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണു വിലയിരുത്തല്‍. അഗ്നിബാധയ്ക്കിരയായ പ്രധാന കെട്ടിടം ബലക്ഷയത്തെ തുടര്‍ന്ന് അപകടാവസ്ഥയിലായതിനാല്‍ കെട്ടിടം തകര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പൊലിസിന്റെയും അഗ്നിശമനസേനയുടെയും കരുതലോടെയുള്ള പ്രവര്‍ത്തനമാണ് തീ സമീപത്തേക്കു വ്യാപിക്കുന്നതു തടയാനും വന്‍ദുരന്തം ഒഴിവാക്കാനും സഹായകരമായത്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍നിന്നും എയര്‍പോര്‍ട്ട്, വി.എസ്.എസ്.സി എന്നിവിടങ്ങളിലുംനിന്നുമുള്ള 50ഓളം ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്ത് ക്യാംപ് ചെയ്താണ് സംസ്ഥാനം തന്നെ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്നാണ് ഫാമിലി പ്ലാസ്റ്റിക് ഉടമ സിംസണ്‍ ഫെര്‍ണാണ്ടസ് പറയുന്നത്. തീ പൂര്‍ണമായും കെടുത്തിയശേഷം ഫോറന്‍സിക്, കെ.എസ്.ഇ.ബി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥരെത്തി തെളിവുകള്‍ ശേഖരിക്കും.
പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ക്കു തീ പിടിച്ചതാണ് അഗ്നിബാധ രൂക്ഷമാക്കിയത്. രണ്ടുനില കെട്ടിടവും നാലുനില കെട്ടിടവും ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. തീപിടിത്തത്തോടെ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം പുറത്തേക്കു വമിക്കുന്നുണ്ട്. രാത്രി മുഴുവന്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിയതിനാല്‍ അതുമൂലമുള്ള നിരവധി രാസഘടകങ്ങള്‍ കലര്‍ന്ന വിഷപ്പുക പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. അഗ്നി വിഴുങ്ങിയ കെട്ടിടം ഏതു നിമിഷവും നിലംപതിക്കാമെന്ന നിലയിലാണ്.
ജയറാം രഘു, ഗിരീഷ് എന്നീ രണ്ടു തൊഴിലാളികളെ പുക ശ്വസിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതൊഴിച്ചാല്‍ മറ്റു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും അഗ്നിബാധയുണ്ടായ ദിവസം രാത്രി ഒരുമണിയോടെ പ്രദേശത്ത് പടര്‍ന്ന ഗന്ധം ശ്വസിച്ച നല്ലൊരുവിഭാഗം ആളുകള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പരിസരവാസികളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.
മൂന്നു ദിവസത്തിന്റെ ഇടവേളയില്‍ രണ്ടു തീപിടിത്തങ്ങളാണ് ഫാമിലി പ്ലാസ്റ്റിക്‌സിലുണ്ടായത്. തിങ്കളാഴ്ച സ്റ്റോറിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മന്ത്രിമാരായ ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു.
വന്‍ദുരന്തം ഒഴിവാക്കിയത് ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍
തിരുവനന്തപുരം: വന്‍ തീപിടിത്തം പടരാതെ നിയന്ത്രിക്കാനായത് ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍. തീപിടിത്തമുണ്ടായ പ്രധാന കെട്ടിടം അഗ്നി വിഴുങ്ങിയതോടെ ചുറ്റുമുള്ള ഗോഡൗണുകളിലേക്കും അടുത്തുള്ള വീടുകളിലേക്കും തീപടരാതെ ശ്രദ്ധിച്ചുകൊണ്ട് നിലവിലുള്ള തീ അണയ്ക്കുക എന്നതായിരുന്നു സേനയുടെ ദൗത്യം.
തിരുവനന്തപുരത്ത് ചെങ്കല്‍ചൂള, ചാക്ക, വിഴിഞ്ഞം, പൂവാര്‍, പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെയ്യാര്‍ഡാം, നെടുമങ്ങാട്, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍, വര്‍ക്കല എന്നീ ഫയര്‍ സ്റ്റേഷനുകളില്‍നിന്നും കൊല്ലത്ത് കൊല്ലം, കടപ്പാക്കട, ചാമക്കട, കുണ്ടറ, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങല്‍നിന്നും ഫയര്‍ എന്‍ജിനുകളിലെത്തി. കൂടാതെ വി.എസ്.എസ്.സിയില്‍നിന്നു രണ്ടും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്ന് ഒന്നും ഫയര്‍ എന്‍ജിനുകളും സഹായത്തിനെത്തി. ഇതിനുപുറമേ കന്യാകുമാരിയില്‍ നിന്ന് രണ്ട് ഫയര്‍ എന്‍ജിനുകളും എത്തിയിരുന്നു, ആകെ 45 എന്‍ജിനുകളും 400ഓളം ജീവനക്കാരുമാണു തീകെടുത്താന്‍ രംഗത്തുണ്ടായിരുന്നത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കു തീപ്പിടിച്ചതിനാല്‍ ഒരു നിമിഷം പോലും നിര്‍ത്താതെ വെള്ളം ചീറ്റേണ്ട സ്ഥിതിയായിരുന്നു.
ഫയര്‍ എന്‍ജിനുകള്‍ വെള്ളം നിറച്ചു തിരികെയെത്താനുള്ള സമയം ലാഭിക്കാനായി സമീപത്തെ അരശുംമൂട് കുളത്തിലെ വെള്ളം ഉപയോഗിച്ചു. ഇതിനുപുറമെ ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിയുടെ നിര്‍ദേശപ്രകാരം സ്വകാര്യ ടാങ്കറുകളും വെള്ളമെത്തിക്കാനുണ്ടായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയരക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്റെ നിര്‍ദേശത്തിന്റെയും മേല്‍നോട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ഡയരക്ടര്‍ (ടെക്‌നിക്കല്‍) ആര്‍. പ്രസാദാണു രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയത്. റീജ്യനല്‍ ഫയര്‍ ഓഫിസര്‍ എ. നൗഷാദ്, തിരുവനന്തപുരം ജില്ലാ ഓഫിസര്‍ കെ. അബ്ദുല്‍ റഷീദ്, കൊല്ലം ജില്ലാ ഓഫിസര്‍ കെ. ഹരികുമാര്‍ എന്നിവര്‍ പ്രവര്‍ത്തനരംഗത്ത് ഉദ്യോഗസ്ഥരെ നയിച്ചു. ഇപ്പോഴും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസ് ജീവനക്കാരും മൂന്ന് ഫയര്‍ എന്‍ജിനുകളും സ്ഥലത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."