ഗവ. സ്‌കൂളുകളെ തകര്‍ക്കാന്‍ എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളൂകളുടെ ശ്രമം
മാള: ഗവണ്‍മെന്റ് എല്‍ പി, യു പി, ഹൈസ്‌കൂളുകളെ ഞെക്കി ഞെരുക്കി കൊല്ലാന്‍ എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളൂകളുടെ ഭാഗത്ത് നിന്ന് ,വഴിവിട്ട നീക്കം നടക്കുന്നതായി ആക്ഷേപം. സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തുമ്പോഴാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെ അടച്ചു പൂട്ടിക്കുവാന്‍ തീവ്രശ്രമങ്ങള്‍ നടത്തുന്നത്. പണം, മൊബൈല്‍ ഫോണ്‍, സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രാ സൗജന്യം, പുസ്തകങ്ങളും ബുക്കുകളും ബാഗും കുടയും മറ്റ് പഠനോപകരണങ്ങളും യൂണിഫോമും സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം, ഹയര്‍ സെക്കന്‍ഡറിയുള്ള വിദ്യാലയമാണെങ്കില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഉറപ്പായ പതിനൊന്നാം ക്ലാസ് അഡ്മിഷന്‍ തുടങ്ങിയവയാണ് കുട്ടികളെ പിടിക്കാന്‍ പരസ്യമായും രഹസ്യമായും നടത്തുന്ന ശ്രമങ്ങള്‍.
കൂടാതെ സമുദായത്തില്‍ നിന്നും പാവപ്പെട്ടവര്‍ക്കായി നല്‍കുന്ന സഹായത്തിന്റെ പേരിലുള്ള കുട്ടികളെ പിടുത്തവും നടക്കുന്നുണ്ട് . അതിനായി ഭീഷണി സ്വരത്തില്‍ പോലുമുള്ള സമീപനമുണ്ടാകുന്നുണ്ട്. കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് ഒന്നാം ക്ലാസ്സിലേക്കും അഞ്ചാം ക്ലാസ്സിലേക്കും ഏഴാം ക്ലാസ്സിലേക്കും കുട്ടികളെ ചേര്‍ക്കാമെന്ന് അവരുടെ രക്ഷിതാക്കള്‍ ഉറപ്പു പറഞ്ഞിരുന്ന കുട്ടികളെ പോലും ഇത്തരത്തിലുള്ള പലവിധ തന്ത്രങ്ങളാലും പ്രലോഭനങ്ങളാലും തെക്കന്‍ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് എല്‍ പി, ഹൈസ്‌കൂള്‍, പാവിശ്ശേരി എസ് എന്‍ ഡി പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂഴിക്കുളം സെന്റ് മേരീസ് യു പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് പിടിച്ചു കൊണ്ട് പോയിട്ടുണ്ട്. ധാര്‍മ്മികതക്ക് നിരക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയങ്ങളിലെ ഉത്തരവാത്വപ്പെട്ടവര്‍ ചെയ്യുന്നത്.
തെക്കന്‍ താണിശ്ശേരി എല്‍ പി സ്‌കൂളിലെ ഒന്നാം തരത്തില്‍ ഇത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തനങ്ങളാല്‍ 58 കുട്ടികളും രണ്ട് ഡിവിഷനുമാണുള്ളത്. ഇത് മൂന്ന് ഡിവിഷനാക്കി മാറ്റാനുള്ള നീക്കങ്ങളാണിപ്പോള്‍ നടക്കുന്നത്. ഇതിനായി കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളടക്കമുള്ളയിടങ്ങളില്‍ നാമമാത്രമായുള്ള കുട്ടികളില്‍ പലരേയും ഇവിടേക്ക് എത്തിക്കാനുള്ള കുത്സിത ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ഡിവിഷന്‍ വര്‍ദ്ധിപ്പിച്ച് അധ്യാപക തസ്തിക സൃഷ്ടിച്ച് കോഴ വാങ്ങി നിയമനം നടത്താനായാണ് കൊണ്ടു പിടിച്ച ശ്രമം നടക്കുന്നത്. 25 മുതല്‍ 60 ലക്ഷം രൂപ വരെയാണ് ഒരു അധ്യാപക തസ്തികയിലേക്കുള്ള കോഴ. ചില മാനേജ്‌മെന്റ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിന് ലേലരൂപത്തിലുള്ള സംവിധാനമാണുള്ളത്.
ഉപജില്ലയിലെ മറ്റൊരു പേരുകേട്ട വിദ്യാലയത്തിലെ എല്‍ കെ ജി യില്‍ ചേര്‍ത്ത് ഒന്നുമാവാത്ത ലിവയെന്ന കുട്ടിയെ കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എല്‍ കെ ജിയിലും ഒന്നാം ക്ലാസ്സിലുമായി നന്നായി പഠിക്കുന്ന കുട്ടിയാക്കി മാറ്റിയെടുത്ത് ഇക്കൊല്ലം രണ്ടാം ക്ലാസ്സിലേക്കായിരുന്നു. രണ്ടാം ക്ലാസ്സിലേക്കായ കുട്ടിയെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടി സി ) പോലും വാങ്ങാതെയാണ് തെക്കന്‍ താണിശ്ശേരി സ്‌കൂളിലെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്. സ്‌കൂള്‍ തുറന്ന അവസരത്തില്‍ ഈ കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണിക്കാരം ബോധ്യമായത്. സ്വന്തം മകളുടെ പഠനകാലത്തെ വിലപ്പെട്ട ഒരു വര്‍ഷമാണ് മാതാപിതാക്കളുടെ തെറ്റായ നടപടിയിലൂടെ നഷ്ടമായത്. സംസ്ഥാനത്തെ ഭൂരിഭാഗം ഗവണ്‍മെന്റ് സ്‌കൂളുകളും നിലനില്‍പ്പിനായി പോരാടുന്ന അവസ്ഥയിലാണ്. വടക്കന്‍ കേരളത്തിലെ ഗവണ്‍മെന്റ് സ്‌കൂകൂളുകളില്‍ ആയിരക്കണക്കിന് കുട്ടികളുള്ളപ്പോള്‍ അവിടങ്ങളിലെ എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറവാണ്. നേരെ തിരിച്ചാണ് മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലെയും അവസ്ഥ. ഗവണ്‍മെന്റ് സ്‌കൂളുകള്‍ നിലനില്‍പ്പിനായി പോരാടുമ്പോള്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ തഴച്ചു വളരുകയാണ്. മധ്യ കേരളത്തിലെ ഏതാനും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അവസ്ഥ തന്നെ നോക്കിയാല്‍ വളരെയേറെ പരിതാപകരമാണ്. കാട്ടൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്നാം ക്ലാസ്സില്‍ ഇത്തവണ ചേര്‍ന്നിട്ടുള്ളത് നാല് കുട്ടികള്‍ മാത്രമാണ്. പുതുക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആറ്, വെറ്റിലപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എട്ട്, എം എ ആര്‍ എം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ശാന്തിപുരം 10, വി ആര്‍ പുരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 13 കുട്ടികള്‍ എന്നിങ്ങനെയാണ് ഒനാം ക്ലാസില്‍ ഇത്തവണ ചേര്‍ന്നിട്ടുള്ളത്. ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിലാകെയുള്ളത് 61 കുട്ടികള്‍ മാത്രമാണ്. കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 150 ഓളം കുട്ടികള്‍ മാത്രമാണുള്ളത്. വര്‍ഷംതോറും ഗവണ്‍മെന്റ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ സഹായങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെ ഞെക്കി കൊല്ലുന്നത്. ഈ പ്രവണത നിര്‍ത്തലാക്കിയില്ലെങ്കില്‍ ശമ്പളക്കാര്യത്തിലടക്കം സര്‍ക്കാര്‍ പുനഃരാലോചന നടത്തണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അധ്യാപകരുടെ നിയമനത്തിലൂടെ കിട്ടുന്ന ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ഇല്ലായ്മ ചെയ്യാനായി വിനിയോഗിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."