'കാര്യം' നടക്കാന്‍ പാതയോരം ആശ്രയം
ചങ്ങരംകുളം: ലക്ഷങ്ങള്‍ ചെലവിട്ട് ചങ്ങരംകുളം ടൗണിലെ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമാവുന്നു. ആലങ്കോട് ഗ്രാമ പഞ്ചായത്തിന് കീഴില്‍ ചങ്ങരംകുളത്ത് പ്രവര്‍ത്തിച്ചിരുന്ന ആകെയുള്ള ശൗചാലയമാണ് വര്‍ഷങ്ങളായി സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമായി മാറിയിരിക്കുന്നത്.
രാത്രിയാകുന്നതോടെ മദ്യപരുടെയും മറ്റു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെയും ഇടത്താവളമാണ് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍. വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിക്കണമെന് നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഭരണസമിതികള്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയാറാവാത്തതില്‍ പ്രതിഷേധം ശക്തമാണ്. ടൗണിലെ കച്ചവടക്കാരും മറ്റു ജീവനക്കാരും വിദ്യാര്‍ഥികളുമടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേനെ യാത്ര ചെയ്യുന്ന ടൗണില്‍ മൂത്രമൊഴിക്കാന്‍ പാതയോരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മഴക്കാലമായതോടെ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ റോഡില്‍ കൂടി മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്.
ദേശീയപാതയില്‍ ആലംകോട് ഗ്രാമ പഞ്ചായത്ത് കോടികള്‍ ചെലവിട്ട് നിര്‍മിച്ച ബസ് ബേ കം ഷോപ്പിങ് കോംപ്ലക്‌സ് മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്‌തെങ്കിലും രാഷ്ട്രീയ വടംവലികള്‍ മൂലം ഇപ്പോഴും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പൊതുജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുളള സംവിധാനങ്ങളുണ്ടായിട്ടും സാങ്കതിക കാരണങ്ങള്‍ പറഞ്ഞു ഇവ അടച്ചു പൂട്ടിക്കിടക്കുന്നതിനെതിരേ ശക്തമായ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാരും വിവിധ സംഘടനകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."