ബീച്ച് ഗെയിംസ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. തീരദേശങ്ങളിലെ മികവ് പുലര്‍ത്തുന്ന കായിക പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന്റെ അഭിമാന താരങ്ങളായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ജില്ലാതല മത്സരങ്ങള്‍ നവംബറിലും സംസ്ഥാനതല മത്സരം ഡിസംബറിലും നടത്തും. വോളിബോള്‍, ഫുട്‌ബോള്‍, കബഡി, വടംവലി എന്നീ ഇനങ്ങളിലെ മത്സരങ്ങളാണ് പ്രധാനമായും നടത്തുക. ജില്ലാ തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് സംസ്ഥാനതല മത്സരത്തിനുള്ള ടീമുകളെ തെരഞ്ഞെടുക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ തീരങ്ങളുള്ള ഒന്‍പത് ജില്ലകളിലായാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിലെ കായിക താരങ്ങള്‍ക്കും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അതതു ജില്ലകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒപ്പം തീരദേശവാസികള്‍ക്ക് മാത്രമായി ഫുട്‌ബോള്‍, വടംവലി മത്സരങ്ങളും സംഘടിപ്പിക്കും. കായിക യുവജന കാര്യാലയം, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ടൂറിസം, ഫിഷറീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, യുവജന ക്ഷേമബോര്‍ഡ്, വിവിധ കായിക സംഘടനകള്‍ തുടങ്ങിയവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ബീച്ച് ഗെയിംസ് നടത്തുന്നത്.
ബീച്ച് ഗെയിംസ് നടത്തിപ്പിന്റെ സംസ്ഥാന സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി മുഖ്യമന്ത്രിയും ചെയര്‍മാന്‍ കായിക യുവജനകാര്യ മന്ത്രി ഇ.പി ജയരാജനുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."