ഇന്ത്യ-ദക്ഷിണാഫ്രിക്ക; രണ്ടാം ടി20 ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം
മൊഹാലി: ആദ്യ മത്സരത്തില്‍ രസംകൊല്ലിയായെത്തിയ മഴ മൊഹാലിയില്‍ വില്ലന്റെ വേഷം അണിഞ്ഞില്ല. മഴ മാറി നിന്നതോടെ രണ്ടാം ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സ്വന്തം നാട്ടില്‍ കച്ച കെട്ടിയിറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ ഫീല്‍ഡിങ് കാഴ്ച വച്ചതോടെ താരതമ്യേന കുഞ്ഞന്മാരുമായെത്തിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അഞ്ച് വിക്കറ്റിന് 149 റണ്‍സില്‍ അവസാനിച്ചു. നായകന് ക്വിന്റണ്‍ ഡി കോക്കിന്റെയും (49 പന്തില്‍ 52) ടി20 അരങ്ങേറ്റക്കാരന്‍ ടെംബ ബാവുമയുടേയും (43 പന്തില്‍ 49) ഇന്നിങ്സാണ് പ്രോട്ടിയന്സിന് നെടുംതൂണായത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ്. ധവാനും (15 പന്തില്‍ 19) കോഹ്ലിയുമാണ് (ഒന്‍പത് പന്തില്‍ 12) ക്രീസില്‍. രോഹിത് ശര്‍മയുടെ (12 പന്തില്‍ 12) വിക്കറ്റാണ് നഷ്ടമായത്.
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടെംബ ബാവുമയ്ക്ക് പുറമേ ആന്റിച്ച് നോര്‍ദെ, ബ്യോണ്‍ ഫോര്‍ട്ട്വിന്‍ എന്നിവരും സന്ദര്‍ശക നിരയില്‍ അരങ്ങേറ്റം കുറിച്ചു. ഇന്ത്യന്‍ നിരയില്‍ പന്തിനെ ഇറക്കിയപ്പോള്‍ കെ.എല്‍ രാഹുലിന് അവസരം നല്‍കിയില്ല.
ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ റീസ ഹെന്‍ഡ്രിക്സും (11 പന്തില്‍ ആറ്) ക്വിന്റണ്‍ ഡി കോക്കും കരുതലോടെയാണ് കളിച്ചു തുടങ്ങിയത്. എന്നാല്‍ സ്കോര്‍ 31ല്‍ നില്‍ക്കേ നാലാം ഓവറില്‍ റീസ ഹെന്‍ഡ്രിക്സ് പുറത്തായി. താരത്തെ ദീപക് ചഹര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ കൈയിലെത്തിച്ചു.
പിന്നീടെത്തിയ ബാവുമയും ഡി കോക്കും ചേര്‍ന്ന് സ്ഥാപിച്ച കൂട്ടുകെട്ടാണ് ടീമിന് അടിത്തറ പാകിയത്. ഇരുവരും ചേര്‍ന്ന് ടീം സ്കോറില്‍ 57 റണ്‍സാണ് ചേര്‍ത്തത്. ഉയര്‍ന്ന സ്കോറിലേക്ക് നയിക്കവേ, 12ാം ഓവറില്‍ സെയ്നിയുടെ പന്തില്‍ സ്പൈഡര്മാന് ക്യാച്ചിലൂടെ കോഹ്ലി കൂട്ട്കെട്ട് പൊളിച്ചു. നായകന് പുറത്ത്. വാന്‍ ഡെര്‍ ദുസന്‍(1) വന്നപാടെ മടങ്ങി. തുടര്‍ന്ന് വന്നവരില്‍ ആര്‍ക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. ഡേവിഡ് മില്ലര്‍ (18), ഡ്വെയ്ന്‍ പ്രിട്ടോറിയസ് (10*), പെഹ്ലുക്കായോ(8*) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ഇന്ത്യക്കായി ദീപക് ചാഹര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സെയ്നി, ജഡേജ, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."