അനധികൃത കെട്ടിടത്തിന് നമ്പര്‍; പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് കുറ്റപത്രം
ബദിയഡുക്ക: അനധികൃത കെട്ടിടത്തിനു കൈക്കൂലി വാങ്ങി കെട്ടിട നമ്പര്‍ നല്‍കിയതായി ആരോപണത്തില്‍ ബദിയഡുക്ക പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് കുറ്റപത്രം നല്‍കിയതായി വിവരാവകാശ രേഖ. ബദിയഡുക്ക പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയറായിരുന്ന രമേശനെതിരേയാണ് കുറ്റപത്രം. ചട്ടങ്ങള്‍ മറികടന്ന് ബദിയഡുക്ക ടൗണില്‍ നിര്‍മിച്ച മൂന്നുനില കെട്ടിടത്തിനുനമ്പര് നല്‍കുന്നതിന് 75,000രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണ വിധേയനായ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
മൂന്നുവര്‍ഷം മുമ്പ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു കെട്ടിടനിര്‍മാണം നടത്തിയതെന്നായിരുന്നു പരാതി. പൊതുറോഡില്‍ നിന്നുമുള്ള ദൂരപരിധി പാലിച്ചിട്ടില്ലെന്നും അനുമതി തേടാതെയാണ് മൂന്നാംനില നിര്‍മിച്ചതെന്നും ആരോപിച്ച് ചേടേക്കാലിലെ മുഹമ്മദ് കുഞ്ഞി സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ വിജിലന്‍സ് അധികൃതര്‍ കെട്ടിടം ഉടമയില്‍നിന്നു മൊഴിയെടുത്തിരുന്നു. പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ നല്‍കുന്നതിന് 75000രൂപ കൈക്കൂലി വാങ്ങിയിരുന്നതായി തെളിവെടുപ്പില്‍ കെട്ടിട ഉടമ വിജിലന്‍സിനെ അറിയിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് അസിസ്റ്റന്റ് എന്‍ജിനിയറായിരുന്ന രമേശന് കുറ്റപത്രവും മെമ്മോയും നല്‍കിയിട്ടുള്ളതെന്ന് മുഹമ്മദ് കുഞ്ഞി വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മറുപടി നല്കി.
അന്നത്തെ ഓവര്സിയര്ക്കെതിരേയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."