ഓസ്റ്റിന്റെ പ്രേതം ബാധിച്ച നിയമം
നിയമമീമാംസയിലെ പരസ്പരപ്രതിയോഗികളായ രണ്ടു ചിന്താധാരകളാണ് പോസിറ്റീവിസവും നാച്ചുറല്‍ ലോ തിയറിയും. നിയമത്തിന്റെ ഘടന മനസിലാക്കുന്നതിനും നിയമത്തെ വ്യാഖ്യാനിക്കുന്നതിലും ഈ രണ്ടു ചിന്താധാരകള്‍ക്കും ഏറെ പ്രസക്തിയുണ്ട്. പ്രകൃതി നിയമവാദം (നാച്ചുറല്‍ ലോ തിയറി), ഗ്രീക്ക് നാഗരികതയുടെ കാലം മുതല്‍ നിയമം, രാഷ്ട്രീയം, ധാര്‍മികത എന്നീ മേഖലകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാഷ്ട്രങ്ങള്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ക്ക് അപ്പുറത്ത് സര്‍വകാലീനവും സര്‍വലൗകികവുമായ ചില നിയമതത്ത്വങ്ങളുണ്ട് എന്നും രാഷ്ട്രനിര്‍മിത നിയമങ്ങള്‍ സനാതനമായ ഈ ധാര്‍മികനിയമതത്ത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നുമാണ് പ്രകൃതി നിയമവാദത്തിന്റെ രത്‌നച്ചുരുക്കം.
സിസെറോ, സെന്റ് തോമസ് അക്വിനാസ് തുടങ്ങിയ പുരാതനമധ്യകാല ചിന്തകര്‍ ഈ സനാതന നിയമധാര്‍മിക തത്വങ്ങളുടെ ഉറവിടമായി ദൈവത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍ പില്‍ക്കാല ചിന്തകനായ ഹ്യൂഗോ ഗ്രോഷ്യസും ഡേവിഡ് ഹ്യൂമും ഈ തത്വങ്ങളുടെ ഉറവിടമായി കണ്ടത് മനുഷ്യ യുക്തിയെയാണ്. നിയമം എന്താണ് എന്ന ചോദ്യത്തിനപ്പുറം ഒരു മാതൃകാപരമായ നിയമം എങ്ങനെയായിരിക്കണം എന്ന ചോദ്യമാണ് പ്രകൃതി നിയമവാദികള്‍ മുന്നോട്ടു വയ്ക്കുന്നത്. സ്വേച്ഛാധിപത്യത്തെ വെല്ലുവിളിച്ച അമേരിക്കന്‍, ഫ്രഞ്ച് വിപ്ലവങ്ങള്‍ക്ക് പ്രചോദനം നല്‍കിയത് ഈ ചിന്താധാരയായിരുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും അവന്റെ സഹജമായ നന്മയെയും മഹത്വത്തെയും ഈ വിപ്ലവ പ്രഖ്യാപനങ്ങള്‍ ഊന്നിപ്പറഞ്ഞു. ഈ തത്വങ്ങളെല്ലാം പ്രകൃതി നിയമവാദത്തിന്റെ സംഭാവനകളാണ്. ഈ തത്വങ്ങളെ ഉല്ലംഘിക്കുന്ന രാഷ്ട്രനിര്‍മിത നിയമങ്ങള്‍ക്ക് സാധുതയില്ല (ലെജിറ്റിമസി) എന്നതാണ് പ്രകൃതി നിയമവാദം മുന്നോട്ടു വയ്ക്കുന്ന ആശയം.
'ലെക്‌സ് ഇന്‍ജസ്റ്റ നോണ്‍ എസ്റ്റ് ലെക്‌സ്' (നീതി പൂര്‍വമല്ലാത്ത നിയമം തന്നെയല്ല) എന്നാണ് മധ്യകാല പ്രകൃതി നിയമവാദിയായ സെന്റ് ഒഗസ്റ്റിന്‍ പ്രസ്താവിച്ചത്. സര്‍വലൗകികവും സാര്‍വകാലീനവുമായ ധാര്‍മികനിയമ തത്വങ്ങളുമായി യോജിക്കാത്ത രാഷ്ട്രനിര്‍മിത നിയമങ്ങളെ അസാധുവായി പ്രഖ്യാപിക്കണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് സിസെറോ ആണ്. അധാര്‍മികമായ നിയമങ്ങള്‍ നിര്‍മിക്കുന്ന നിയമനിര്‍മാണസഭകള്‍ കേവലം കൊള്ളസംഘങ്ങള്‍ മാത്രമാണ് എന്നാണ് സിസെറോ പ്രസ്താവിച്ചത്. അമേരിക്കയിലെ ആഫ്രോഅമേരിക്കന്‍ ജനതക്കെതിരേ വിവേചനം കാട്ടുന്ന നിയമങ്ങള്‍ ഇക്കാരണം കൊണ്ട് യഥാര്‍ഥത്തില്‍ നിയമമല്ലയെന്ന നിലപാട് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് സ്വീകരിച്ചത് ഇതിനാലാണ്.
അമേരിക്കന്‍ ഭരണഘടനയിലെ 'ഡ്യൂ പ്രോസസ് ക്ലോസ്' ഈ ആശയം തന്നെയാണ് മുന്നോട്ടു വയ്ക്കുന്നത്. ജീവന്‍, സ്വാതന്ത്ര്യം, ആനന്ദം നേടാനുള്ള യത്‌നം എന്നിവ എല്ലാ മനുഷ്യര്‍ക്കും പ്രകൃതിദത്തമായി ലഭിച്ച അവകാശങ്ങളാണ്. ഒരു ഭരണകൂടത്തിനും അതില്‍ അന്യായമായി കൈകടത്താന്‍ അധികാരമില്ല. അത്തരത്തില്‍ കൈകടത്തുന്ന രാഷ്ട്രനിര്‍മിത നിയമത്തിനു സാധുതയുമില്ല. ഇന്ത്യന്‍ ഭരണഘടനയും സമാനമായ തത്വം മുന്നോട്ടു വയ്ക്കുന്നു. മനുഷ്യന്റെ പ്രകൃതിദത്തമായ അവകാശങ്ങളെ ഹനിക്കുന്ന രാഷ്ട്ര നിര്‍മിത നിയമങ്ങളെ ഭരണഘടനയുടെ കാവലാള്‍ എന്ന നിലയില്‍ സുപ്രിം കോടതിക്ക് അസാധുവായി പ്രഖ്യാപിക്കാം. അതിനെയാണ് 'ജുഡിഷ്യല്‍ റിവ്യൂ' എന്ന് പറയുന്നത്. അമേരിക്കന്‍, ഇന്ത്യന്‍ ഭരണഘടനകളുട സവിശേഷമായ ഘടകമാണ് ജുഡിഷ്യല്‍ റിവ്യൂ. ഇന്ത്യന്‍ സുപ്രിം കോടതി, മേനകാ ഗാന്ധി യൂനിയന്‍ ഓഫ് ഇന്ത്യ (1978) കേസില്‍ പ്രകൃതി നിയമവാദത്തിന്റെ തത്വചിന്തയാണ് ഉയര്‍ത്തിപ്പിടിച്ചത്.
നാച്ചുറല്‍ ലോ തിയറിയെ ഖണ്ഡിച്ചു കൊണ്ട് രംഗപ്രവേശനം ചെയ്ത നിയമമീമാംസധാരയാണ് പോസിറ്റീവിസം. ഫ്യൂഡലിസത്തിന്റെയും പേപ്പസിയുടെയും പതനവും ദേശരാഷ്ട്രങ്ങളുടെ ഉദയവും യൂറോപ്പില്‍ ശക്തരായ രാജാക്കന്മാരുടെ വളര്‍ച്ചക്ക് കാരണമായി. ഇതോടെ രാഷ്ട്രത്തിന്റെ പരമാധികാരം രാജാക്കന്മാരില്‍ ഏകീകരിക്കപ്പെട്ടു. രാജാക്കന്മാര്‍ക്ക് സ്വേച്ഛാപരമായി നിയമനിര്‍മാണം നടത്താനുള്ള അധികാരം കരഗതമായി. ധാര്‍മികമായ യാതൊരു നിയന്ത്രണങ്ങളും അംഗീകരിക്കാന്‍ ഈ ഭരണാധികാരികള്‍ തയാറായില്ല. ഈ പശ്ചാത്തലത്തിലാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലീഗല്‍ പോസിറ്റീവിസം ഉരുവം കൊള്ളുന്നത്. ജെറെമി ബെന്‍താം ആണ് ലീഗല്‍ പോസിറ്റിവിസത്തിന് തുടക്കമിട്ടതെങ്കിലും ജോണ്‍ ഓസ്റ്റിന്‍ (17901859) ആണ് ഈ വിചാരധാരക്ക് മൂര്‍ത്തരൂപം നല്‍കിയത്.
യഥാര്‍ഥത്തില്‍ നിയമം എന്താണ് എന്ന അന്വേഷണത്തിനാണ് ഓസ്റ്റിന്‍ തുനിഞ്ഞത്. നിയമം എങ്ങനെയായിരിക്കണം എന്ന ധാര്‍മിക ചിന്തയിലേക്ക് അദ്ദേഹം പ്രവേശിച്ചില്ല. നിയമത്തെ ധാര്‍മിക പരിഗണനകളില്‍ നിന്ന് മോചിപ്പിക്കാനാണ് ഓസ്റ്റിന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നിയമം എന്നാല്‍ രാഷ്ട്രത്തിന്റെ പരമാധികാരം കയ്യാളുന്നവര്‍ പ്രജകള്‍ക്ക് നല്‍കുന്ന ആജ്ഞയാണ്. പരമാധികാര ശാസന ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നതാണ് നിയമം അനുസരിക്കപ്പെടാനുള്ള പ്രേരണ. പരമാധികാരിയുടെ ശാസനയല്ലാത്ത ഭരണഘടനാ നിയമം, അന്താരാഷ്ട്ര നിയമം എന്നിവ കേവലം ധാര്‍മികത മാത്രമാണ് എന്നാണ് ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടത്. ജര്‍മനിയിലെ നാസി ഭരണകൂടം നടപ്പാക്കിയ നിയമങ്ങളെ ന്യായീകരിക്കാന്‍ നാസികള്‍ ഉദ്ധരിച്ചത് ഓസ്റ്റിന്റെ വാദങ്ങളെയായിരുന്നു.
രണ്ടാം ലോകയുദ്ധത്തിനു ശേഷം നാസി നേതാക്കളെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്ത ന്യൂറംബര്‍ഗ് ട്രിബ്യൂണലില്‍ നാച്ചുറല്‍ ലോ തിയറിയും ലീഗല്‍ പോസിറ്റിവിസവും പരസ്പരം ഏറ്റുമുട്ടി. നാസി കുറ്റവാളികള്‍ക്ക് വേണ്ടി വാദിച്ച ഡിഫെന്‍സ് അറ്റോര്‍ണി, ഹെര്‍മന്‍ ജേര്‍ഹെയ്‌സ് പ്രധാനമായും ഓസ്റ്റിന്റെ ലീഗല്‍ പോസിറ്റിവിസത്തെയാണ് നാസി നിയമത്തെ ന്യായീകരിക്കാന്‍ ഉദ്ധരിച്ചത്. ഈ വിചാരണയില്‍ നാസി യുദ്ധക്കുറ്റവാളികള്‍ വാദിച്ചത് തങ്ങള്‍ നാസി ജര്‍മനിയുടെ പരമാധികാരികള്‍ പുറപ്പെടുവിച്ച ശാസനകള്‍ പ്രകാരമാണ് പ്രവര്‍ത്തിച്ചത് എന്നും ഓസ്റ്റിന്റെ സിദ്ധാന്തപ്രകാരം തങ്ങള്‍ അനുസരിച്ചത് സാധുവായ നിയമത്തിനെയാണ് എന്നുമാണ്. നിയമവും ധാര്‍മികതയും തീര്‍ത്തും വ്യത്യസ്തമാണെന്നും നിയമത്തിന് സാധുത ലഭിക്കാന്‍ ധാര്‍മികതയുടെ പിന്‍ബലം ആവശ്യമില്ലെന്നും ഓസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് ജേര്‍ഹെയ്‌സ് വാദിച്ചു.
എന്നാല്‍ ഈ വാദങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് രാഷ്ട്രനിര്‍മിത നിയമങ്ങള്‍ക്ക് മേലെ സര്‍വലൗകികവും സര്‍വകാലീനവുമായ ഒരു ഉന്നത പ്രകൃതിനിയമമുണ്ടെന്നും രാഷ്ട്രനിര്‍മിത നിയമങ്ങള്‍ ഈ പ്രകൃതി നിയമത്തിന് അനുസൃതമായിരിക്കണമെന്നും ന്യൂറംബര്‍ഗ് ട്രിബ്യൂണല്‍ വിധിച്ചു. നാസികളുടെ പോസിറ്റിവിസ്റ്റ് വാദഗതി ട്രിബ്യൂണല്‍ തള്ളിക്കളഞ്ഞു. ഇത് അന്താരാഷ്ട്ര നിയമം എന്ന നിയമശാഖക്ക് സാധുത നേടിക്കൊടുത്തു. സാമുവേല്‍ വോന്‍ പുഫെന്‍ഡോര്‍ഫ്, അന്താരാഷ്ട്ര നിയമത്തെ പ്രകൃതി നിയമത്തിന്റെ പുനരവതാരമായിട്ടാണ് വിശേഷിപ്പിച്ചത്. 1948ലെ സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനം നാച്വുറല്‍ ലോ തിയറിയുടെ പ്രായോഗിക പ്രസക്തിക്ക് അടിവരയിട്ടു.
സര്‍വലൗകികമായ പ്രകൃതി നിയമതത്വങ്ങളെ ഉല്ലംഘിക്കുന്ന, വ്യക്തി ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നഗ്മമായി ലംഘിക്കുന്ന നിയമങ്ങള്‍ ഇന്ത്യയില്‍ പാസാക്കി തുടങ്ങിയിരിക്കുന്നു. 1967ല്‍ പാസാക്കിയ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രെവെന്‍ഷന്‍ ആക്റ്റും (യു.എ.പി.എ) ഇപ്പോള്‍ ആ നിയമത്തിന് പാസാക്കിയ ഭേദഗതിയും ഉദാഹരണമാണ്. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ ഈ നിയമം ഭരണകൂടത്തെ അധികാരപ്പെടുത്തുന്നു. യാതൊരു ജുഡിഷ്യല്‍ പരിശോധനയും കൂടാതെ, ബ്യൂറോക്രസിയുടെ മാത്രം അനുമതിയോടെ ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും റദ്ദ് ചെയ്യാന്‍ ഇത് ഭരണകൂടത്തിന് അധികാരം നല്‍കുന്നു.
'ഇന്ത്യയുടെ താല്പര്യങ്ങളെ' എതിര്‍ക്കുന്ന ഏതു വ്യക്തിയെയും ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ പുതിയ ഭേദഗതി കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു. 'ഇന്ത്യയുടെ താല്പര്യം' എന്നത് തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പമാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്ന ആരെയും ഈ കരിനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇതു സര്‍ക്കാരിനെ സഹായിക്കും. ഈ നിയമപ്രകാരം നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം നടത്തുമ്പോള്‍, ഇങ്ങനെ ഭീകരനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയുടെ മുഴുവന്‍ സ്വത്തും പിടിച്ചെടുക്കാനും ജപ്തി ചെയ്യാനും എന്‍.ഐ.എ ഡയറക്ടര്‍ ജനറലിന് അധികാരം നല്‍കുന്നുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 19, 21 എന്നിവ അനുസരിച്ചുള്ള സ്വാതന്ത്ര്യത്തിനും ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളെ ഈ നിയമം നിര്‍വീര്യമാക്കുന്നു. ഇത് ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് (ലൈഫ്, ലിബര്‍ട്ടി, പ്രോപ്പര്‍ട്ടി) എന്നീ പ്രകൃതിദത്തമായ അവകാശങ്ങളെ ലംഘിക്കുന്നതാണ്. നാച്ചുറല്‍ ലോ തിയറി അനുസരിച്ചു അന്യയമായി ഈ അടിസ്ഥാന പ്രകൃതിദത്ത അവകാശങ്ങളെ ലംഘിക്കുന്ന നിയമത്തിന് സാധുതയില്ല. സ്വത്ത് മരവിപ്പിക്കാനും വ്യക്തി സ്വാതന്ത്ര്യവും ജീവനും ഹനിക്കാനും ജുഡിഷ്യല്‍ പരിശോധനയില്ലാതെ രാഷ്ട്രീയ നേതൃത്വത്തിനും ബ്യൂറോക്രസിക്കും അധികാരം നല്‍കുന്നത് ഭീതിജനകമാണ്. യാതൊരു കോടതി നടപടിക്രമവും കൂടാതെ ഒരു വ്യക്തിയെ ഭീകരവാദിയായി ഭരണകൂടം പ്രഖ്യാപിക്കുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്.
ഇത് സല്‍പേരിനുള്ള അവകാശം എന്ന വ്യക്തിയുടെ അവകാശത്തെ ഹനിക്കുകയും ചെയ്യും. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ദി പോര്‍ട്ട് ഓഫ് ബോംബെ ത ദിലീപ് കുമാര്‍ രാഘേവേന്ദ്രനാഥ് നദ്കാര്‍ണി ആന്‍ഡ് അതേര്‍സ് എന്ന കേസില്‍ സുപ്രിംകോടതി ഓരോ വ്യക്തിക്കും അയാളുടെ സല്‍പ്പേര് സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും അവസരത്തില്‍ ഭരണകൂടം വ്യക്തിയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്ന നടപടിയെടുക്കുകയാണെങ്കില്‍ പ്രസ്തുത വ്യക്തിയോട് ഭാഗം കേട്ടതിനു ശേഷം മാത്രമേ അത് ചെയ്യാന്‍ പാടുള്ളൂ എന്നും സുപ്രിം കോടതി വിധിച്ചിരുന്നു. എന്നാല്‍ പുതിയ യു.എ.പി.എ ഭേദഗതി വ്യക്തിക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ യാതൊരു അവസരവും നല്‍കാതെ അയാളെ ഭീകരനായി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നു. 1965ലെ ഇന്റര്‍നാഷനല്‍ കോവെനന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് അനുസരിച്ചും വ്യക്തിക്ക് സല്‍പേരിനുള്ള അവകാശമുണ്ട്. പുതിയ ഭേദഗതി ഇതെല്ലാം അവഗണിക്കുന്നു. ഭീകരവാദത്തെ തടയാന്‍ എന്ന പേരില്‍, അഭിപ്രായപ്രകടനത്തിനും വിയോജിക്കാനുമുള്ള അവകാശത്തിന് തടയിടാന്‍ ഭരണകൂടത്തിന് അവസരം നല്‍കുന്നതാണ് ഈ നിയമം. മാത്രമല്ല ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാനുള്ള കാരണങ്ങള്‍ ഏതൊക്കെയാണ് എന്ന് പുതിയ ഭേദഗതി വ്യക്തമാക്കുന്നില്ല. അത് ഭരണകൂടത്തിന് യാതൊരു തത്വദീക്ഷയുമില്ലാതെ പ്രവര്‍ത്തിക്കാനുള്ള അധികാരം നല്‍കുന്നു. അതിനാല്‍ തന്നെ പ്രസ്തുത ഭേദഗതി ഭരണഘടനയുടെ അനുച്ഛേദം 14നു വിരുദ്ധമാണ്.
ചുരുക്കത്തില്‍ നിയമമീമാംസയിലെ ഏറ്റവും പുരാതനവും നിത്യപ്രസക്തവുമായ നാച്വുറല്‍ ലോ തിയറി അനുസരിച്ച് സാധുത നേടാന്‍ കഴിയാത്ത നിയമമാണ് യു.എ.പി.എ ഭേദഗതി. സര്‍വാധികാരിയുടെ ശാസനയാണ് നിയമം എന്ന ജോണ്‍ ഓസ്റ്റിന്റെ ലീഗല്‍ പോസിറ്റീവിസം അനുസരിച്ച് മാത്രമേ ഇത്തരം നിയമങ്ങള്‍ക്ക് സാധുത (ലെജിറ്റിമസി) അവകാശപ്പെടാനാവൂ. ജര്‍മനിയിലെ നാസി നിയമങ്ങള്‍ പോലെ ഇത്തരം നിയമങ്ങള്‍ പൗരന്മാരുടെ ജീവനെയും സ്വാതന്ത്ര്യത്തെയും ക്രൂരമായി ഹനിക്കും. ഇന്ത്യയില്‍ ഇത്തരം നിയമങ്ങള്‍ പാര്‍ലിമെന്റ് പാസാക്കുകയും അവക്ക് സാധുത കൈവരികയും ചെയ്യുന്നുണ്ടെങ്കില്‍, നമ്മുടെ രാഷ്ട്രം മറ്റൊരു നാസി ജര്‍മനിയായി രൂപാന്തരപ്പെടുന്നുവെന്ന് വേണം മനസിലാക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."