നാസറിന്റെ വീട്പറയും; നാം കടന്നുവന്ന വഴികള്‍
ചൊക്ലി: കേരളപ്പിറവി ദിനത്തില്‍ വീടു പുരാവസ്തു പ്രദര്‍ശന നഗരിയാക്കി അബ്ദുല്‍ നാസര്‍. ചൊക്ലി മേനപ്രം നാച്ചു ആന്‍ഡിക് മര്‍വ ഹൗസാണ് പ്രദര്‍ശന നഗരിയായി മാറിയത്.
നാണയം, കറന്‍സി, സ്റ്റാമ്പ്, പുരാവസ്തുക്കളുടെ അതിവിപുലമായ പ്രദര്‍ശനവും പരിചയപ്പെടുത്തലും ചര്‍ച്ചകള്‍ക്കും വേദിയാക്കി നാസര്‍ വ്യത്യസ്തനായി. ആദ്യമായാണ് വീടു മുഴുവന്‍ പ്രത്യേകം സജ്ജീകരിച്ച പ്രദര്‍ശന നഗരിയാക്കി മാറ്റിയത്.
പ്രദേശത്തെ ഇരുപതോളം വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തി. 1983വര്‍ഷം മുതലാണ് നാസര്‍ തന്റെ പുരാവസ്തു ശേഖരത്തിന് തുടക്കമിട്ടത്. തന്റെ പക്കലുള്ള മുഴുവന്‍ ഉപകരണങ്ങളും ഇപ്പൊഴും പ്രവര്‍ത്തന സജ്ജമാണെന്നതാണ് പ്രധാന പ്രത്യേകതകളിലൊന്ന്. ലക്ഷക്കണക്കിന് വിലമതിക്കുന്ന കറന്‍സികളും രത്‌നങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
പേര്‍ഷ്യന്‍ ഗള്‍ഫ് ഇഷ്യൂഡ് കറന്‍സികള്‍, ഇരുന്നൂറിലധികം രാജ്യത്തെ കറന്‍സി, നാണയങ്ങള്‍, വിവിധ പുരാതന വസ്തു, സ്ഥല, രാജ്യഉടമ്പടികള്‍ രേഖപ്പെടുത്തിയ മുദ്രപത്രങ്ങള്‍, പഴയ കാല സംഗീത ഉപകരണങ്ങള്‍, താളിയോല ഗ്രന്ഥങ്ങള്‍, വൈവിധ്യമാര്‍ന്ന ടെലികോം ഉല്‍പ്പന്നങ്ങള്‍, ക്ലോക്കുകള്‍, ഫോണുകള്‍, നായ്ക്ക് കത്തികള്‍, ഗ്രാമഫോണ്‍, രാജഭരണ അടുക്കള ഉപകരണങ്ങള്‍, തൂക്കക്കട്ടകള്‍, ആമാടപ്പെട്ടി, പിച്ചള, ഓട്, ഇരുമ്പ് ഉപകരണങ്ങള്‍, പഴയ കാല സ്‌കൂട്ടര്‍, ബുള്ളറ്റുകള്‍, ആയുധങ്ങള്‍ തുടങ്ങി നിരവധി പുരാവസ്തുക്കളാണ് പ്രദര്‍ശനത്തിനു ഒരുക്കിയത്.
ടൈപ്പ് റൈറ്റര്‍, മുത്തുകള്‍, വിവിധ രാജ്യങ്ങളിലെ ടോര്‍ച്ചുകള്‍, കപ്പലിലെ സൈറണായ കപ്പല്‍ തരംഗിണി, അളവ് പാത്രങ്ങള്‍, പ്രൊജക്ടറുകള്‍, മര ഉപകരണങ്ങള്‍, ആഡംബര വസ്തുക്കള്‍, വിവിധ രാജ്യങ്ങളിലെ ചായ, കാപ്പി കുടിക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍, കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍, ഇംഗ്ലണ്ടിലെ ഗ്ലാസ് ഓട്, വിവിധ രാജ്യത്തെ തയ്യല്‍ മെഷീനുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശന നഗരി തയ്യാറാക്കിയത്.
ഓരോ ഉല്‍പ്പന്നത്തിന്റെ പേരും കുറിപ്പും കാണാനെത്തുന്നവര്‍ക്ക് വിശദീകരിക്കാനായി നാസറും മക്കളും ഒരുങ്ങിനിന്നിരുന്നു.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. അനൂപ് ഉദ്ഘാടനം ചെയ്തു. പി. ഭാസ്‌കരന്‍ അധ്യക്ഷനായി. വി.എ മുകുന്ദന്‍, വി. ഉദയന്‍, അബ്ദുല്‍ അസീസ്, സി.കെ ജവാസ്, ശ്രീശന്‍, മുഹമ്മദ് റാഷിക്ക്, മകനും ഗിന്നസ് വേള്‍ഡ് റെക്കോഡിനുടമയുമായ ഫായിസ് നാസര്‍, ഫൗസിയ, ഡോ. സലാം സംസാരിച്ചു. രാവിലെ 9.30 തുടങ്ങിയ ഏകദിന പ്രദര്‍ശനം വൈകിട്ട് ആറുവരെ നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."