റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കും
10,000 പുതിയ സേനാംഗങ്ങള്‍
തിരുവനന്തപുരം: ആര്‍.പി.എഫിന് കൂടുതല്‍ അധികാരം നല്‍കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) ഡയരക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
നേരത്തേ റെയില്‍വേ വസ്തുക്കളുടെ സുരക്ഷ മാത്രമായിരുന്നു ആര്‍.പി.എഫിന്റെ ചുമതല. സമീപകാലത്ത് കഞ്ചാവ്, മയക്കുമരുന്ന് കടത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ പിടികൂടാനും നടപടിയെടുക്കാനും അധികാരം നല്‍കി. വ്യാജ ടിക്കറ്റ്, യാത്രക്കാരെ മയക്കി കവര്‍ച്ച നടത്തല്‍, ലഗേജ് മോഷണം തുടങ്ങിയ കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള അധികാരം കൂടി ആര്‍.പി.എഫിന് നല്‍കലാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.
നിലവില്‍ ആര്‍.പി.എഫില്‍ വനിതാപ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കുന്നതിന് പുതുതായുള്ള 10,000 സേനാംഗങ്ങളുടെ റിക്രൂട്ട്‌മെന്റില്‍ 4,000 വനിതകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ധിക്കും.
തിരുവനന്തപുരം ഡിവിഷനില്‍ 100ല്‍ താഴെയാണ് വനിതാ സേനാംഗങ്ങള്‍. ട്രെയിനുകളില്‍ വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് നടപടികള്‍ കര്‍ശനമാക്കും. വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ പുരുഷന്‍മാര്‍ യാത്രചെയ്യുന്ന അവസ്ഥ ഇപ്പോഴുണ്ട്. അത് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആപ്പ് തയാറാക്കുന്നുണ്ട്. ആപ്പ് നിലവില്‍ വരുന്നതോടെ സ്ത്രീസുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാകും.
തിരുവനന്തപുരം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളില്‍ വിമാനത്താവള മാതൃകയിലുള്ള അതിസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ സ്റ്റേഷനിലേക്ക് കയറുന്നതിന് പല വഴികളാണ് ഇപ്പോഴുള്ളത്. ഇത് നിയന്ത്രിക്കും. തിരുവനന്തപുരത്ത് സോഫ്റ്റ്‌വെയറിന്റെ സഹായത്താല്‍ മുഖപരിശോധനയിലൂടെ കുറ്റവാളികളെ കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തും. പുതുതായി പുറത്തിറക്കുന്ന കോച്ചുകളിലെല്ലാം സി.സി.ടി.വി സംവിധാനമുണ്ട്. ഇവ എല്ലാ ഡിവിഷനിലേക്കും വ്യാപിപ്പിക്കും.
തിരുവനന്തപുരം ഡിവിഷനില്‍ കഴിഞ്ഞ ഒരു വര്‍ഷം ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചത് 107 പേരാണ്. അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ആര്‍.പി.എഫ് കര്‍ശന നടപടി സ്വീകരിക്കും. അപകട മരണങ്ങള്‍ ഒഴിവാക്കാന്‍ തിരുവനന്തപുരം ഡിവിഷന്‍ ആരംഭിച്ച 'ജീവിതം അമൂല്യമാണ്' എന്ന ക്യാംപെയിന്‍ രാജ്യത്ത് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ദീര്‍ഘദൂര ട്രെയിനുകളില്‍ ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ പ്രവേശിപ്പിക്കുന്ന സംവിധാനം കേരളത്തിലേക്കും വ്യാപിപ്പിക്കും. ഐ.ആര്‍.സി.ടി.സിയില്‍ ടിക്കറ്റ് ബുക്കിങ് വേഗത്തിലാക്കാന്‍ വ്യാജവിവരങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയാനും കര്‍ശന നടപടി സ്വീകരിക്കും. കൂടുതല്‍ ടിക്കറ്റുകളെടുത്ത് മറിച്ചുവില്‍ക്കുന്നത് തടയാനുള്ള ഓപ്പറേഷന്‍ തണ്ടര്‍സ്റ്റോം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."