കോയമ്പത്തൂര്‍- കൊച്ചി വ്യവസായ ഇടനാഴിക്ക് പച്ചക്കൊടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണിത്.
ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയമ്പത്തൂര്‍ - കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാന്‍ തീരുമാനിച്ചതായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്പ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (നിക്ഡിറ്റ്) സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളം ഒഴിവാക്കപ്പെട്ടിരുന്നു.
കോയമ്പത്തൂര്‍ - കൊച്ചി ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കപ്പെടുന്ന രണ്ട് സംയോജിത നിര്‍മാണ ക്ലസ്റ്ററുകളില്‍ (ഐ.എം.സി) ഒന്ന് കേരളത്തിലെ പാലക്കാട് മേഖലയിലായിരിക്കും. മറ്റൊന്ന് തമിഴ്‌നാട്ടിലെ സേലമാണ്. വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി നിക്ഷേപം ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ അടുത്തഘട്ടമായാണ് ഐ.എം.സി കണക്കാക്കപ്പെടുന്നത്.
ഐ.എം.സി സ്ഥാപിക്കുന്നതിന് 2,000 മുതല്‍ 5,000 ഏക്കര്‍ വരെ സ്ഥലം വേണമെന്ന് 'നിക്ഡിറ്റ്' നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ ഭൂമി ലഭിക്കാനുള്ള പ്രയാസം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതിനാല്‍ 1,800 ഏക്കറായി അത് കുറച്ചു. 1,800 ഏക്കര്‍ ഭൂമി പാലക്കാട്, കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളിലായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം ഇപ്പോള്‍ തന്നെ കിന്‍ഫ്രയുടെ കൈവശമുള്ളതാണ്. ബാക്കി ഭൂമി ഏറ്റെടുക്കാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനവും കേന്ദ്രവും സംയുക്തമായി രൂപീകരിക്കുന്ന കമ്പനിക്കായിരിക്കും (എസ്.പി.വി) ഐ.എം.സിയുടെ നടത്തിപ്പും നിയന്ത്രണവും. ഭൂമിയുടെ വിലയായിരിക്കും കമ്പനിയില്‍ സംസ്ഥാനത്തിന്റെ ഓഹരി. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഈ സ്ഥലം കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിക്കും. 870 കോടി രൂപ ഈ ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. കൊച്ചി - സേലം ദേശീയപാതയുടെ രണ്ടുവശങ്ങളിലായി 100 കിലോമീറ്റര്‍ നീളത്തിലായിരിക്കും കേരളത്തിന്റെ സംയോജിത നിര്‍മാണ ക്ലസ്റ്റര്‍ വരുന്നത്. ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, കൃഷിയധിഷ്ഠിത വ്യവസായങ്ങള്‍, ഐ.ടി, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ബഹു ഉല്‍പ്പന്ന ക്ലസ്റ്ററാണ് കേരളത്തില്‍ വികസിപ്പിക്കപ്പെടുക. ഇതുവഴി പതിനായിരം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐ.എം.സിയില്‍ സ്വകാര്യ മേഖലയില്‍ നിന്ന് പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
നിര്‍ദിഷ്ട ഐ.എം.സി കൊച്ചി തുറമുഖവുമായി അടുത്തുകിടക്കുന്നതിനാല്‍ പാലക്കാട് - കൊച്ചി മേഖലയില്‍ ഐ.എം.സിക്ക് പുറത്തും ഒരുപാട് വ്യവസായങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ പറഞ്ഞു. ലോജിസ്റ്റിക്‌സ് പാര്‍ക്ക്, വെയര്‍ഹൗസ്, കോള്‍ഡ് സ്റ്റോറേജ് തുടങ്ങിയ വ്യവസായങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യതയുള്ളത്. തമിഴ്‌നാട്ടിലെ ഹൊസൂര്‍ വഴിയാണ് നിര്‍ദിഷ്ട ഇടനാഴി ബംഗളൂരുവുമായി ബന്ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."