താഴ് തുറക്കാന്‍ വിധിയില്ലാതെ ബോണക്കാട് യു.പി സ്‌കൂള്‍
സാറ മുഹമ്മദ്
നെടുമങ്ങാട്: താഴ് വീണു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാന്‍ നടപടിയില്ലാതെ ബോണക്കാട് യു.പി സ്‌കൂള്‍. ബോണക്കാട് എസ്റ്റേറ്റിലെ മിഡിലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ യു.പി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്ന സ്‌കൂളാണ്. സ്‌കൂളിന്റെ പ്രവര്‍ത്തനം നിലക്കുമ്പോള്‍ വിവിധ ക്ലാസുകളിലായി പതിനഞ്ചോളം കുട്ടികള്‍ പഠനം നടത്തിയിരുന്നു.
എസ്റ്റേറ്റിലെ നൂറോളം വരുന്ന തൊഴിലാളി ലയങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍. ഇത് അടച്ചുപൂട്ടിയതോടെ ഏതാനും വിദ്യാര്‍ഥികള്‍ പഠനം നിറുത്തുകയും ചിലര്‍ വിതുരയിലെ സ്‌കൂളിലേക്ക് മാറുകയും ചെയ്തു. എസ്റ്റേറ്റിലെ അപ്പര്‍, മിഡില്‍, ലോവര്‍ എന്നിവിടങ്ങിലായുള്ള വിദ്യാര്‍ഥികള്‍ക്ക് ആരംഭിച്ചതാണ് ഈ സ്‌കൂള്‍. വന്യമൃഗ ശല്യമുള്ള പ്രദേശത്ത് ചുറ്റുമതിലും മറ്റു സംവിധാനങ്ങളും ഒരുക്കിയാണ് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ ഉണ്ടായിരുന്ന പ്രധാന അധ്യാപകന്‍ ഇവിടെ താമസിച്ചാണു കുട്ടികളെ പഠിപ്പിച്ചിരുന്നത്.
തൊഴിലാളി ലയങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസമുള്ള ആളുകളെ കണ്ടെത്തി താല്‍കാലിക അധ്യാപകരാക്കിയിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. ഈ കാലയളവില്‍ വളരെ നല്ല നിലയില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം നടന്നുവരികയും ചെയ്തു.
എന്നാല്‍ പില്‍ക്കാലത്ത് ഈ അധ്യാപകന്‍ വിരമിച്ചതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു. പുതുതായി വന്ന അധ്യാപകന്‍ വല്ലപ്പോഴും മാത്രമായിരുന്നു സ്‌കൂളില്‍ വന്നിരുന്നത്. ഇതോടെ സ്‌കൂള്‍ തുറക്കാതെയായി. പിന്നെ പിന്നെ കുട്ടികളും വരാതായതോടെ സ്‌കൂളിന് എന്നന്നേക്കുമായി താഴ്‌വീഴുകയായിരുന്നു.
വിതുര ഗ്രാമപഞ്ചായത്തിലാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പാലോട് എ.ഇ.ഒക്കുകീഴില്‍ വരുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അധികൃതര്‍ ചെവി കൊണ്ടില്ലെന്ന് ലയങ്ങളിലെ തൊഴിലാളികള്‍ പറയുന്നു.
അടച്ചുപൂട്ടിയ സ്‌കൂളിലെ ക്ലാസ്മുറികളില്‍ ഇപ്പോഴും കുട്ടികളുടെ പഠനത്തിന് ആവശ്യമായ സാമഗ്രികള്‍, സ്‌പോര്‍ട്‌സ് സാധനങ്ങള്‍, ലാബ് തുടങ്ങിയവ ഉപയോഗശൂന്യമായ നിലയില്‍ കാണാം. ഇവിടുള്ള വിദ്യാര്‍ഥികള്‍ ഇരുപതിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിതുരയിലെത്തി പഠനം നടത്തുന്നത്.
അടച്ചുപൂട്ടിയ തോട്ടത്തില്‍ പണിയില്ലാത്തതിനാല്‍ തൊഴിലുറപ്പുപണിക്കു പോയാണു രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ ഇത്രയും ദൂരം അയച്ചുപഠിപ്പിക്കുന്നത്. ഇവിടെ ഇപ്പോള്‍ വന്യമൃഗങ്ങള്‍ക്കു പുറമെ മദ്യപസംഘവും താവളമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."