ചാലക്കമ്പോളത്തെ പൈതൃകത്തെരുവാക്കി പുനരുജ്ജീവിപ്പിക്കും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: രണ്ടു നൂറ്റാണ്ടിലേറെ ചരിത്രമുള്ള ചാല പൈതൃക കമ്പോളത്തെയും തെരുവിനെയും പഴമയുടെ പ്രൗഢി നല്‍കി പുനരുജ്ജീവിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന ചാല പൈതൃക പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തിരുവിതാംകൂറിന്റെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന ചാലക്കമ്പോളം കാലത്തിന്റെ മഹാപ്രവാഹത്തില്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. കമ്പോളം തന്നെ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോകുന്ന സാഹചര്യമാണുള്ളത്. ചാലത്തെരുവിനെ സൗന്ദര്യവത്കരിച്ചും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടുക്കാനാണ് ശ്രമിക്കുന്നത്. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വന്ന അഭിപ്രായങ്ങള്‍ മാനിച്ച് ആവശ്യമായ ഭേദഗതികളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍കിടെക്ട് ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ് പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
പദ്ധതി നിര്‍വഹണത്തിന് ആദ്യഘട്ടമായി പത്തുകോടി രൂപ അനുവദിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 40 കോടി രൂപയുടെ ബൃഹദ് പദ്ധതിയും നടപ്പാവുന്നതോടെ ചാല പൈതൃക പദ്ധതിക്ക് പ്രാധാന്യം കൈവരും. പൈതൃകത്തെരുവ് കാണാന്‍ വിനോദ സഞ്ചാരികള്‍ ധാരാളമായി വരികയും അനുബന്ധമായുള്ള വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ വി.കെ പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ എസ്.കെ.പി രമേഷ്, ടൂറിസം ഡയരക്ടര്‍ പി. ബാലകിരണ്‍, അയാട്ടാ സീനിയര്‍ വൈസ് പ്രസിഡന്റ് ഇ.എം നജീബ്, വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വി.എല്‍ സുരേഷ്, വ്യാപാരി വ്യവസായി സമിതി ചാല ഏരിയാ കമ്മിറ്റി അംഗം ആദര്‍ശ് ചന്ദ്രന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എസ്. സുന്ദര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."