നവസാക്ഷരര്‍ സാക്ഷികളായി ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം
കൊല്ലം: മലയാളത്തിന് മികവുറ്റ സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചും അക്ഷര ലോകത്തേക്ക് ചുവടുവച്ചവരുടെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നും ഭരണഭാഷാ വാരാചരണത്തിന് തുടക്കം. കലക്‌ട്രേറ്റില്‍ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം എം. മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു.
നവസാക്ഷരയായ രത്‌നമ്മയും വിശിഷ്ടാതിഥികള്‍ക്കൊപ്പം ഭദ്രദീപം കൊളുത്തി. മലയാളിക്ക് മാതൃഭാഷയോടുള്ള ആഭിമുഖ്യം സമീപകാലത്ത് വര്‍ധിച്ചുവരുന്നത് ശുഭസൂചനയാണെന്ന് എം. മുകേഷ് എം.എല്‍.എ പറഞ്ഞു. ഭരണഭാഷയാക്കി മാറ്റിയത് മലയാളത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കാനും പുതുലമുറയ്ക്ക് ഭാഷയോടുള്ള അടുപ്പം വര്‍ധിപ്പിക്കാനും ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷനായി. സബ് കലക്ടര്‍ ഡോ. എസ്. ചിത്ര ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷ വിജയിച്ച നവസാക്ഷരര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. കിളികൊല്ലൂര്‍ സ്വദേശി രത്‌നമ്മയ്ക്കു പുറമെ, യശോധരനും താമരക്കുളം സ്വദേശിനി അല്‍ഫോന്‍സയും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കഥാപ്രസംഗ രംഗത്ത് ആറു പതിറ്റാണ്ടു പിന്നിട്ട വി. ഹര്‍ഷകുമാറിനെയും ഭാഷാധ്യാപികയും എഴുത്തുകാരിയുമായ പൊന്നറ സരസ്വതിയെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി. രാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."