മാലിന്യപ്രശ്‌നത്തെച്ചൊല്ലി തിരൂര്‍ നഗരസഭാ കൗണ്‍സിലില്‍ പ്രതിഷേധം
തിരൂര്‍: നഗരത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യാനും സംസ്‌കരിക്കാനും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം.
മാലിന്യസംസ്‌കരണത്തിന് ആവശ്യമായ തുക ലഭ്യമാക്കുന്നില്ലെന്നും മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യം നല്‍കുന്നില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. മാലിന്യം സംസ്‌കരിക്കുന്ന തൊഴിലാളികളെ നഗരസഭ പീഡിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന്‍ പറഞ്ഞു. ഡിഫ്തീരിയ, കോളറ പോലുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യമായിട്ടും നഗരസഭ മുന്‍കരുതലെടുക്കുന്നില്ലെന്ന് മറ്റു പ്രതിപക്ഷ അംഗങ്ങളും കുറ്റപ്പെടുത്തി. 'നഗരസഭ ഭരണസമിതിയുടെ അനങ്ങാപ്പാറനയം അവസാനിപ്പിക്കുക, തിരൂര്‍ നഗരവാസികളെ രക്ഷിക്കൂ, തിരൂര്‍ സാംക്രമിക രോഗങ്ങളുടെ പിടിയില്‍' എന്നീ വാചകങ്ങള്‍ എഴുതിയ ബാനറുകളും നേരത്തേ നഗരസഭയുടെ മാലിന്യനിര്‍മാര്‍ജന പദ്ധതി ഉദ്ഘാടനം ചെയ്ത നടന്‍ മാമുക്കോയയുടെ ചിത്രമുള്ള ഫ്‌ളക്‌സുകളും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം എന്‍.ആര്‍.എച്ച്.എം ഫണ്ട് നഷ്ടപ്പെട്ടെന്നും നഗരസഭ അനുവദിക്കുന്ന 5,000 രൂപ ഉപയോഗിച്ച് കാര്യക്ഷമമായി മാലിന്യസംസ്‌കരണത്തിന് സാധിക്കില്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാര്‍ഡുകളോടുള്ള വിവേചനം ഭരണസമിതി അവസാനിപ്പിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ശക്തമായ നടപടിയെടുക്കാത്തതിനാലാണ് പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് വര്‍ധിക്കാന്‍ കാരണമെന്ന് പ്രതിഷേധിച്ച അംഗങ്ങള്‍ കുറ്റപ്പെടുത്തി. മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതിനെതിരേ നേരത്തെ സമരരംഗത്തിറങ്ങിയ വൈസ് ചെയര്‍പേഴ്‌സണ്‍ മാലിന്യപ്രശ്‌നം രൂക്ഷമായിട്ടും അവരുടെ വാര്‍ഡില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തിട്ടും മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് യു.ഡി.എഫ് പ്രതിനിധിയായ കുഞ്ഞിമൊയ്തീന്‍ ചോദിച്ചു. നഗരസഭാ പരിധിയില്‍ അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടും ഭരണസമിതി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍ നഗരസഭയെ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായും മാലിന്യംതള്ളല്‍ അതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതാണെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാവ പ്രതികരിച്ചു. വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങളാണ് മാലിന്യവിഷയത്തില്‍ ഉന്നയിക്കുന്നതെന്നും രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ഇത്തരത്തില്‍ സഭാ നടപടികള്‍ വൈകിപ്പിക്കുന്നത് ശരിയല്ലെന്നും ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് മറുപടി നല്‍കി.
കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ 11ന് കൗണ്‍സില്‍ ആരംഭിച്ചതോടെ പ്രതിപക്ഷത്തെ സി.എം അലിഹാജിയാണ് മാലിന്യപ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചത്. തുടര്‍ന്ന് മറ്റ് പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."