വ്യാജ രേഖകളുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍
ചാലക്കുടി: വിവിധ ജില്ലകളില്‍ ഫൈനാന്‍സ് സ്ഥാപനങ്ങളിലും മറ്റും വ്യാജ പ്രമാണങ്ങളും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാളെ പിടിയില്‍. തൃശ്ശൂര്‍ കൊരട്ടി മേലൂര്‍ കരയില്‍ വെമ്പിളിയാന്‍ വീട്ടില്‍ അന്തോണിയുടെ മകന്‍ ജോയി എന്ന ബാബുവിനെ(49) ചാലക്കുടി ഡി.വൈ.എസ്.പി.സി ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പിടികൂടി.
2013ല്‍ കൊരട്ടി കോപറേറ്റീവ് ബാങ്കിന്റെ ശാഖയില്‍ നിന്നും ഒരു ലക്ഷം രൂപയിലധികം വ്യാജ കരമടച്ച രസീതും മറ്റും ഹാജരാക്കി തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത്. ചാലക്കുടി ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആലുവ പറവൂര്‍ കവലയില്‍ ജോയി വരുന്നുണ്ടെന്ന അറിവ് ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയിലധികം പൊലിസ് സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് ജോയിയെ കൊരട്ടി അഡീഷണല്‍ എസ്.ഐ പി.ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കൊരട്ടിയിലെത്തിച്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ചാലക്കുടിയിലേയും കൊടകരയിലേയും കെ.എസ്.എഫ്.ഇ ശാഖകളില്‍ വ്യാജരേഖ സമര്‍പ്പിച്ചും ആള്‍മാറാട്ടം നടത്തിയും പണം തട്ടിയെടുത്തതായും കോഴിക്കോട് ജില്ലയിലെ നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ വ്യാജ ആധാരം നിര്‍മിച്ച് സ്ഥലത്തിന് കരാറെഴുതി അഡ്വാന്‍സായി പതിനഞ്ച് ലക്ഷം തട്ടിയെടുത്തതായും മലപ്പുറം ജില്ലയിലെ മഞ്ചേരി, പാലക്കാട് ജില്ലയിലെ കസബ പൊലിസ് സ്റ്റേഷന്‍ പരിധികളിലും സമാനമായ രീതിയില്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും ഇയാള്‍ സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."