ഇവിടെ മത സാഹോദര്യത്തിന്റെ ശംഖൊലിയും ബാങ്കൊലിയും ഉയരുന്നു: കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ വിരല്‍ തൊടുമ്പോള്‍
ബേളൂര്‍ (കാസര്‍കോട്): ജീലാനി ജുമാ മസ്ജിദിന്റെ ചുമരില്‍ തൂക്കിയ സ്വിച്ചില്‍ കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍ വിരല്‍ തൊടുമ്പോള്‍ നിലയ്ക്കുക സമീപത്തെ ശിവക്ഷേത്രത്തില്‍ ഇന്നും ഒഴുകിയെത്തികൊണ്ടിരിക്കുന്ന ഭാഗവത പരായണം. പിന്നെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുക നിസ്‌കാരത്തിനുള്ള ബാങ്ക് വിളി. ബാങ്ക്‌വിളി കഴിഞ്ഞശേഷം വീണ്ടും സ്വിച്ച് ഓണ്‍ ചെയ്യുന്നതോടെ അമ്പലത്തില്‍നിന്നുള്ള ഭാഗവത പാരായണം തുടര്‍ന്നും അന്തരീക്ഷത്തില്‍ മുഴങ്ങും.
കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ മലയോര ഗ്രാമമായ അട്ടേങ്ങാനത്തു നിന്നാണ് വ്യത്യസ്തമായ ഈ മതസാഹോദര്യത്തിന്റെ ശംഖൊലി മുഴങ്ങുന്നത്.
ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രവും ജീലാനി ജുമാ മസ്ജിദും സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 15 മുതല്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിനു തുടക്കമായിരുന്നു. 22നാണ് സമാപിക്കുക. രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന യജ്ഞം രാത്രി എട്ടു മണിവരെ നീണ്ടു നില്‍ക്കും. ദിനേന രണ്ടായിരത്തിലേറെ വിശ്വാസികളാണ് യജ്ഞത്തില്‍ പങ്കാളികളാകാന്‍ എത്തുന്നത്.
ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സപ്താഹ ജ്ഞാന യജ്ഞം നടക്കുന്നതെങ്കിലും പുറത്തു സ്ഥാപിച്ചിരിക്കുന്ന സൗണ്ട് ബോക്‌സുകളിലൂടെ ഭാഗവത പാരായണം പുറത്തുനിന്നു ശ്രവിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ജീലാനി ജുമാ മസ്ജിദിന്റെ പരിസരത്തും സൗണ്ട് ബോക്‌സുകള്‍ ഉണ്ട്. ഉച്ചഭാഷിണിയിലൂടെ ഇടതടവില്ലതെ ഭാഗവത പാരായണം മുഴങ്ങുന്നതു കാരണം പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി വിശ്വസികള്‍ക്ക് കേള്‍ക്കാന്‍ കഴിയാതെ പോകുമെന്നതിനാലാണ് സംഘാടകര്‍ തന്നെ ഈ സ്വിച്ച് പള്ളിയങ്കണത്തില്‍ വച്ചത്. ഈ സ്വിച്ച് ഇട്ടാല്‍ പുറത്തുള്ള ഉച്ചഭാഷിണികള്‍ നിശബ്ദമാകും. തുടര്‍ന്ന് ബാങ്ക് വിളിക്കുന്നത് വിശ്വാസികള്‍ക്ക് കേള്‍ക്കാന്‍ കഴിയും.
ജീലാനി മസ്ജിദിലെ മുഅ്ഹസീന്‍ കുഞ്ഞി മുഹമ്മദ് ആണ് പതിവായി സ്വിച്ച് ഓഫാക്കുന്നതും ബാങ്ക് വിളിക്കുന്നതും.
ക്ഷേത്രത്തില്‍ സപ്താഹ ജ്ഞാന യജ്ഞത്തിനു തുടക്കം കുറിച്ചതും മതമൈത്രി വിളിച്ചോതുന്ന 'സ്‌നേഹ സംഗമ'ത്തോടെയായിരുന്നുവെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സി ചന്ദ്രന്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
ഉദിത് ചൈതന്യ, ജീലാനി ജുമാ മസ്ജിദ് ഖത്തീബ് ഹംസ കമാലി, കരുണാപുരം പള്ളി വികാരി മാത്യു വലിയപറമ്പില്‍, പെരിഗമന ശ്രീധരന്‍ നമ്പൂതിരി തുടങ്ങിയവര്‍ ഈ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ഇതിനു മുന്‍പും മാനവികതയുടെ സന്ദേശം ഈ ക്ഷേത്രാങ്കണത്തില്‍നിന്നു മുഴങ്ങിയിരുന്നു.
ഒരു മാസം മുന്‍പ് മാത്യു കുരിക്കല്‍ എന്നയാളുടെ ചികിത്സാ സഹായ സമിതി രൂപീകരിച്ചതും ചികിത്സയ്ക്കായി നാലര ലക്ഷം രൂപ സമാഹരിച്ചതും ഈ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു.
ആദിമകാലത്തിന്റെ ചരിത്രം ഓര്‍മപ്പെടുത്തുന്ന മുനിയറകളും ചുമടുതാങ്ങികളുമെല്ലാം ഇന്നും പഴമചോരായെത അട്ടേങ്ങാനത്ത് കാണാം.
ഒപ്പം കുടിയേറ്റ ചരിത്രത്തിലും ജന്മിതത്വത്തിനെതിരേ നടന്ന ബേളൂര്‍ വിളകൊയ്ത്ത് സമരവും അയ്യങ്കാവ് തീവയ്പ്പു കേസിലുമൊക്കെ ഭാഗവാക്കായ അട്ടേങ്ങാനത്തിന്റെ ഇടവഴികള്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തിലും ഇടംപിടിച്ചിട്ടുണ്ട്. ഇതേ അട്ടേങ്ങാനം ഇപ്പോള്‍ മതമൈത്രിയുടെയും പുതിയ ചരിത്രമെഴുതുകയാണ് ഈ ക്ഷേത്രത്തിലൂടെയും ജീലാനി ജുമാ മസ്ജിദിന്റെ ചുമരില്‍ തൂക്കിയ സ്വിച്ചിലൂടെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."