മൊബൈല്‍ ടവര്‍ നിര്‍മാണ ഭൂമിയില്‍ ആക്ഷന്‍ കൗണ്‍സില്‍ കൊടികള്‍ ഉയര്‍ത്തി
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പഞ്ചായത്തിലെ അഞ്ചങ്ങാടിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്ന ഭൂമിയില്‍ ആക്ഷന്‍ കൗണ്‍സില്‍ കൊടികള്‍ ഉയര്‍ത്തി. ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ചുള്ള സമരത്തിന്റെ ഭാഗമായാണ് നാട്ടുകാര്‍ പാര്‍ട്ടി കൊടികള്‍ ഉയര്‍ത്തിയത്. പ്രതിഷേധം മറികടന്നു ടവര്‍ നിര്‍മാണം തുടര്‍ന്നാല്‍ തടയുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്തു പൊലിസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ടവര്‍ നിര്‍മാണത്തിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ നല്കിയ പരാതിയുടെ മേല്‍ അടുത്ത ദിവസം ഹിയറിങ് നടക്കുന്നതിനാല്‍ നിര്‍മാണം നിറുത്തി വയ്ക്കാന്‍ കരാറുകാരന് തീരുമാനിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവായി. തുടര്‍ന്നാണ് ടവര്‍ നിര്‍മിക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ കൊടികള്‍ സ്ഥാപിച്ചത്. ശ്രീ നാരായണപുരം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.ആര് അശോകന്, വാര്‍ഡ് മെംബര്‍ ഷൈബി ദിനകരന്, വാണി പ്രയാഗ്, ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ കെ.എ പ്രതാപന്, എം.എന്‍ മണികണ്ഠന്, എം.യു വിഷ്ണു, കെ.എസ് സജയന്, കാര്ത്തികേയന്, ജിനന്, ഷീജ അജിതന്, രശ്മി ആനന്ദന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."