ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് നവീകരണം നിലച്ചു: യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു
വടക്കാഞ്ചേരി: ഓട്ടുപാറ നഗര ഹൃദയത്തിലെ നഗരസഭ ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ സ്തംഭിച്ചിട്ടും ജനദുരിതമകറ്റാന് നടപടി സ്വീകരിക്കാത്ത നഗരസഭാ നിലപാടില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റാന്‍ഡ് അടച്ചിട്ടിട്ട് ഒരു മാസം പിന്നിടുമ്പോള്‍ സ്റ്റാന്‍ഡിനുള്ളിലെ വ്യാപാരികളും ജനങ്ങളും ഒരുപോലെ ദുരിതത്തിലാണ്. പ്രവര്‍ത്തനങ്ങള്‍ ഇനി എന്ന് പൂര്‍ത്തിയാക്കുമെന്നു പറയാനാകാതെ നഗരസഭ ഇരുട്ടില്‍ തപ്പുകയാണ്. എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചു നല്‍കാതെ പണിയുമായി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കരാറുകാരന് .
ഒരു മാസത്തിനുള്ളില്‍ ആധുനിക ബസ് സ്റ്റാന്‍ഡ് ജനങ്ങള്‍ക്കു സമര്‍പ്പിക്കുമെന്നായിരുന്നു നഗരസഭയുടെ അവകാശവാദം. ഇത് ജലരേഖയായി. ഒരു മാസമായിട്ടും പണി എവിടെയുമെത്തിയിട്ടില്ല. 17 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. എസ്റ്റിമേറ്റ് തുകയ്ക്കു പണിയുമായി മുന്നോട്ടു പോകാനാവില്ലെന്നും കൂടുതലായി ആറു ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നുമാണ് കരാറുകാരന്റെ ആവശ്യം. നഗരസഭയുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കും ജന ദുരിതത്തിനും കാരണമെന്നാണ് പ്രതിപക്ഷ മെംബര്‍മാരുടെ ആരോപണം. അടിയന്തരമായി പണി പൂര്‍ത്തീകരിച്ച് ജനദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. പ്രതിഷേധ സമരത്തിന് കെ. അജിത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്, ബുഷറ റഷീദ്, നിഷ സുനില്‍കുമാര്‍, എം.എച്ച്.ഷാനവാസ്, പ്രിന്‍സ് ചിറയത്ത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."