സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലെ ആത്മഹത്യ കൊലപാതകമെന്ന് ബന്ധുക്കള്‍
കൊല്ലം: അഞ്ചാലുമ്മൂട് ഇഞ്ചവിള സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തില്‍ രണ്ടു ദലിത് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറി. ഇക്കഴിഞ്ഞ 8ന് ആയിരുന്നു പത്താംക്ലാസിലും പ്ലസ്‌വണ്ണിലും പഠിക്കുന്ന പെണ്‍കുട്ടികളെ സ്‌റ്റെയര്‍കെയ്‌സിന്റെ പടിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന കയര്‍ വലിയ വടമാണെന്നും രണ്ടു ചുറ്റാണ് ഇരുവരുടെയും കഴുത്തില്‍ കാണപ്പെട്ടതെന്നും സിദ്ധനര്‍ സര്‍വിസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സി.എ നാരായണന്‍, ജനറല്‍സെക്രട്ടറി ആറ്റിങ്ങല്‍ ശ്രീധരന്‍, എന്‍.സി വിശ്വനാഥന്‍, വാര്യത്ത് പുരുഷോത്തമന്‍, എ.കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടി.വിയില്‍ വാര്‍ത്ത കണ്ടാണ് ബന്ധുക്കള്‍ മരണവിവരം അറിയുന്നത്. ഇന്‍ക്വിസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹങ്ങള്‍ കാണണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലിസ് അവഗണിക്കുകയായിരുന്നു. തൂങ്ങിനിക്കുന്ന ദൃശ്യം മാത്രമാണ് കാണിച്ചത്. അതുകൂടാതെ പൊലിസ് തിടുക്കത്തില്‍ രണ്ടു സ്‌ട്രെച്ചറുകളിലായി മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ എത്തിക്കാനാണ് ശ്രമിച്ചത്. മരിച്ച പത്താംക്ലാസുകാരിയുടെ മൃതദേഹം തറയില്‍ കാലുകള്‍ മുട്ടിയ നിലയിലായിരുന്നു. രണ്ടാമത്തെ കുട്ടിയുടെ മുഖം മേല്‍പ്പോട്ട് നോക്കിയ നിലയിലായിരുന്നു. ഇത്രയും കനമുള്ള കയര്‍ എവിടെ നിന്നും കിട്ടിയെന്നും ഇതുപയോഗിച്ചു തുങ്ങിമരിക്കാനുള്ള ആരോഗ്യസ്ഥിതി കുട്ടികള്‍ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
മരിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഗോതമ്പുമാവും കൂവരക്‌പൊടിയും നല്‍കാമെന്നു പറഞ്ഞാണ് പുനരധിവാസകേന്ദ്രത്തിലെ കൗണ്‍സലിങ് ജീവനക്കാരിയും അംഗനവാടി ടീച്ചറും സ്ഥാപനത്തിലെത്തിച്ചത്. ഇവരോടൊപ്പമുള്ള കുടുംബശ്രീ എ.ഡി.എസിന്റെ അടുത്ത് ട്യൂഷന് പെണ്‍കുട്ടിക്ക് ട്യൂഷനു പോയിരുന്ന പരിചയമായിരുന്നു. വീട്ടുകാര്‍ അറിയാതെ പുനരധിവാസകേന്ദ്രത്തിലെത്തിച്ച പെണ്‍കുട്ടിയെ ബന്ധുക്കളെ കാണുന്നതിനോ വീട്ടില്‍ പോകുന്നതിനോ സുപ്രണ്ട് അനുവാദം നല്‍കിയിരുന്നില്ല. കൗണ്‍സലിങില്‍ പോലും പിതാവ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞിരുന്നില്ല. മാതാവിനെ കൗണ്‍സലിങ് നടത്തിയതുമില്ല. എന്നാല്‍ ആരുടെയോ പ്രേരണയാലാണ് പിതാവിനെതിരെ പോക്‌സോ കുറ്റംചുമത്തി ജയിലിലടച്ചത്.
പെണ്‍കുട്ടി മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഇവിടെയെത്തിയ മാതാവിനെയും സഹോദരനെയും കാണാനോ അവരോടൊപ്പം പോകാനോ അനുവദിക്കാത്ത സൂപ്രണ്ട് മാതാവിനെ ഭീഷണിപ്പെടുത്തി പേപ്പറുകളില്‍ ഒപ്പിടീക്കുകയും ചെയ്തു. സൂപ്രണ്ടിന്റെ ഭര്‍ത്താവിനെ രാത്രികാലങ്ങളില്‍ സ്ഥാപനത്തില്‍ കാണാറുണ്ടെന്നും പരാതി ഉണ്ടായിരുന്നു. ഇയാളെ സ്ഥാപനത്തിലെത്തുന്നത് തടഞ്ഞ അയല്‍വാസിയെ പൊലിസിനെ ഉപയോഗിച്ച് സൂപ്രണ്ട് കേസില്‍ കുടുക്കുകയായിരുന്നു. പെണ്‍കുട്ടി മരിച്ച് ഒരാഴ്ചയോളമായിട്ടും ജില്ലാകലക്ടറോ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസഥരോ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിട്ടില്ല. മരണാനന്തര സഹായമായി ലഭിക്കേണ്ട 5000 രൂപയും ജില്ലാ ഭരണകൂടം കുടുംബത്തിന് നല്‍കിയില്ലെന്നു മാത്രമല്ല, മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയതിന് ആംബുലന്‍സ് വാടകയായി 4500 രൂപ നിര്‍ധനരായ ബന്ധുക്കളില്‍ നിന്നും വാങ്ങിയതായും സിദ്ധനര്‍ സര്‍വിസ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
കൗണ്‍സലിങിന് കൊണ്ടുപോയവരും പെണ്‍കുട്ടിയും തമ്മിലുള്ള അടുപ്പം സംശയം ഉളവാക്കുന്നതാണ്. ആരുടെ പരാതിപ്രകാരമാണ് പെണ്‍കുട്ടിയെ കൗണ്‍സലിങിന് കൊണ്ടുപോയത്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് അയക്കാന്‍ താമസിച്ചപ്പോള്‍ കേസില്‍ അറസ്റ്റ്‌ചെയ്ത പിതാവിനെ അഞ്ചുദിവസം പൊലിസ് കസ്റ്റഡിയില്‍ വച്ചിരുന്നു. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും പരിശോധന നടത്തിയ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ എഴുതിയതെന്നു പൊലിസിന് ലഭിച്ച കത്ത് അവരെക്കൊണ്ടു നിര്‍ബ്ബന്ധിച്ചു എഴുതിപ്പിച്ചതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുടുംബങ്ങള്‍ക്ക് 25ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നും സിദ്ധനര്‍ സര്‍വിസ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് 16ന് രാവിലെ കലക്ടറേറ്റ് മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ മരിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാവും ഇളയ സഹോദരനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."