അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കള്‍ അറസ്റ്റില്‍
കൊല്ലം: കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വന്ന അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളെ വാഹനപരിശോധനക്കിടെ കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പെരിനാട് ചേറ്റുകടവ് ബംഗ്ലാവില്‍ വീട്ടില്‍ ശബരി എന്ന ആകാശ് മോഹന്‍(19), കൊല്ലം വെസ്റ്റ് കാങ്കത്ത് മൂക്കിന് സമീപം മണ്ണാന്റഴികംവീട്ടില്‍ ഷാഹുല്‍ (18), ഇരവിപുരം വലിയവിള സുനാമി ഫ്‌ളാറ്റില്‍ തന്‍സീം (19), കൊട്ടിയം സിതാര ജങ്ഷന്‍ കൊട്ടുമ്പുറം പള്ളിക്ക് സമീപം ഷാരൂക് ഖാന്‍ (19) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് വാഹനപരിശോധനക്കിടെ പിടിയിലായ ഇവരുടെ പക്കല്‍ നിന്നും 2 ബൈക്കുകളും വ്യാജ നമ്പര്‍ പ്ലേറ്റുകളും പൊലിസ് കണ്ടെടുത്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇവര്‍ തമിഴ് നാട്ടില്‍നിന്നാണ് ലഹരി വസ്തുക്കള്‍ വാങ്ങുന്നത്. അതിനുശേഷം അവിടെ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ കൊണ്ട് വരികയാണ് രീതി. ഇവരുടെ തലവന്‍ ഇരവിപുരം സ്വദേശി കൊച്ചലി എന്ന സെയ്തു അലി കഴിഞ്ഞ ആഴ്ച എറണാകുളം റൂറല്‍ പൊലിസിന്റെ പിടിയിലായിരുന്നു. കൂട്ടുപ്രതി തിരുവനന്തപുരം കാപ്പില്‍ സ്വദേശി ഷാഹുലിനെ പൊലിസ് അന്വേഷിച്ചു വരുന്നു. ഇവര്‍ തമിഴ്‌നാട്ടില്‍ വാഹനപരിശോധനക്കിടെ പൊലിസിനെ ഇടിച്ചു തെറിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു. ഈ സംഘം ഒരു വന്‍ മയക്കുമരുന്നു ശൃംഘലയുടെ ഭാഗമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും പൊലിസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൊല്ലം എ.സി.പി ജോര്‍ജ്ജ് കോശി, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഷിഹാബുദീന്‍, കൊല്ലം ഈസ്റ്റ് സി.ഐ മഞ്ജുലാല്‍, കൊല്ലം ഈസ്റ്റ് എസ്.ഐ എസ് ജയകൃഷ്ണന്‍, മഹേഷ്പിള്ള, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വിപിന്‍കുമാര്‍,എ.എസ്.ഐ മജീദ്, എസ്.സി.പി.ഒ ബിനു, ഷാഡോ പൊലിസുകാരായ ഹരിലാല്‍, വിനു, സീനു, മനു, പ്രശാന്ത്, രിപു, സിയാദ്, പ്രവീണ്‍ രാജ്, മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."