മഴക്കാലവും നോമ്പും മറയാക്കി മോഷ്ടാക്കള്‍ വിലസുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരൂര്‍: മഴക്കാലവും നോമ്പും മറയാക്കി മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലിസ് രാത്രികാല പട്രോളിങും മറ്റ് മുന്‍കരുതല്‍ നടപടികളും ശക്തമാക്കി.
മോഷണക്കേസുകളില്‍ മുന്‍പ് പ്രതികളായവരെയും ജയില്‍ശിക്ഷ അനുഭവിച്ചവരെയും ഉള്‍പ്പെടുത്തി ലിസ്റ്റ് തയാറാക്കിയാണ് പൊലിസ് നടപടി. മുന്‍ കരുതല്‍ എന്ന നിലയില്‍ മുന്‍കൂട്ടി കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് പൊലിസ് ക്രമസമാധാനവും സുരക്ഷയും ഒരുക്കുന്നത്. ഇതിന്റെ മുന്നോടിയായി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റവാളികള്‍ക്കെതിരേ കരുതല്‍ നടപടി തുടങ്ങി.
മോഷണക്കേസുകളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് പൊലിസ് നീക്കം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം തിരൂര്‍ പൊലിസ് അഞ്ച് മോഷ്ടാക്കളെ പിടികൂടി ജയിലില്‍ അടച്ചത്. പൊലിസ് ലിസ്റ്റില്‍പ്പെട്ട മോഷ്ടാക്കള്‍ നാട്ടില്‍ മറ്റു പല ജോലികള്‍ ചെയ്ത് നടക്കുന്നതായും മഴക്കാല രാത്രികളില്‍ സാമ്പത്തിക ശേഷിയുള്ളവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതായുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നോമ്പു കാലത്ത് സക്കാത്തിനെന്ന പേരില്‍ വീടുകള്‍ കയറിയിറങ്ങി ചിലര്‍ മോഷണത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ മോഷ്ടാക്കള്‍ക്കെതിരേ ജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ മുന്നറിയിപ്പ് നല്‍കി. മഴക്കാല രാത്രികളില്‍ വീട്ടില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്നും പണം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ബാങ്കുകളിലെ ലോക്കറുകളില്‍ സൂക്ഷിക്കണമെന്നുമാണ് പൊലിസ് നിര്‍ദേശം. വീടിന് ചുറ്റും രാത്രികാലങ്ങളില്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്നും പകല്‍ സമയങ്ങളില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ ആരെയെങ്കിലും കണ്ടാല്‍ മറ്റുള്ളവരെ അറിയിക്കുകയും നിരീക്ഷിക്കുകയും വേണം.
ആവശ്യമെങ്കില്‍ പൊലിസിലും വിവരം അറിയിക്കണം. വീടിന്റെ പരിസരങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരെ നിരീക്ഷിക്കണമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."