'സ്‌നേഹക്കെണി'യൊരുങ്ങുന്നു; ന്യൂനപക്ഷങ്ങളെ കാവിപുതപ്പിക്കാന്‍ വീണ്ടും സംഘ്പരിവാര്‍ നീക്കം
കോഴിക്കോട്: ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനൊരുങ്ങി സംഘ്പരിവാര്‍ വീണ്ടും രംഗത്ത്. ആദിവാസി ദലിത് വിഭാഗങ്ങളിലെ പലരും പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും കൊഴിഞ്ഞുപോകുമ്പോഴാണ് പുതിയ വാഗ്ദാനങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ഒപ്പംകൂട്ടാനുള്ള ശ്രമം. ഇതിനായി ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തകരെയാണ് ചുമതലപ്പെടുത്തുന്നത്.
വിവിധ പാര്‍ട്ടികളില്‍ ഇടഞ്ഞുനില്‍ക്കുന്ന മുസ്‌ലിം യുവാക്കളെയും ഇതര ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കളെയും നേരത്തേതന്നെ ന്യൂനപക്ഷ മോര്‍ച്ചയുടെ തലപ്പത്തെത്തിച്ചിരുന്നു. പത്തനംതിട്ട ചരല്‍കുന്നില്‍ ഇന്നു മുതല്‍ നാലുവരെ നടക്കുന്ന ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പഠനശിബിരത്തിന്റെ അജന്‍ഡതന്നെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള പദ്ധതികളാണ്. തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇവിടെ നടക്കുന്ന ഒന്‍പതു വിഷയങ്ങളിലെ പ്രബന്ധങ്ങളില്‍ പലതും ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടവയാണ്.
'ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് ' എന്നതിനെക്കുറിച്ചാണ് ഒരു സെഷന്‍. മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ പദ്ധതികള്‍, ന്യൂനപക്ഷങ്ങള്‍ ദേശീയതയുടെ സൗന്ദര്യം, മോദിക്കൊപ്പം മുന്നേറാം, മലപ്പുറത്തെ ന്യൂനപക്ഷ മഹാസംഗമം എന്നിവയും സെഷനുകളില്‍ ഉള്‍പ്പെടുന്നു.
മലപ്പുറത്തും പാര്‍ട്ടിക്കു വേരുണ്ടാക്കുന്നതിന്റെ ഭാഗമായി 2019 ജനുവരിയില്‍ മലപ്പുറത്തു ന്യൂനപക്ഷ മഹാ സമ്മേളനംതന്നെ സംഘടിപ്പിക്കുകയാണ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ഈ സമ്മേളനത്തിനുള്ള വിശദമായ രൂപരേഖയും പഠനശിബിരത്തില്‍ തയാറാക്കും.
എന്നാല്‍, വിവിധ സംഘടനകളില്‍നിന്നു ന്യൂനപക്ഷ മോര്‍ച്ചയിലെത്തിയവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന പരാതി വ്യാപകമാണ്.
ഇതേ തുടര്‍ന്ന് സംഘടനയില്‍നിന്നു കൊഴിഞ്ഞുപോക്കും ആരംഭിച്ചിട്ടുണ്ട്. തന്നെ അവഗണിക്കുന്നെന്നാരോപിച്ചു ദിവസങ്ങള്‍ക്കു മുന്‍പു ഗുരുവായൂര്‍ മണ്ഡലം യുവമോര്‍ച്ച ജന. സെക്രട്ടറി കെ.ടി മുഹമ്മദ് രാജിവച്ചിരുന്നു.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവരെയും പാര്‍ട്ടിയുമായി അകന്നു കഴിയുന്നവരെയുമാണ് സംഘ്പരിവാര്‍ ലക്ഷ്യംവയ്ക്കുന്നത്. ഹജ്ജ് വളണ്ടിയര്‍, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ തുടങ്ങി കേന്ദ്രസര്‍ക്കാരിനു കീഴില്‍ വരുന്ന ഇതര ബോര്‍ഡുകളില്‍ അംഗത്വമടക്കം വാഗ്ദാനം ചെയ്താണ് സംഘ്പരിവാറിന്റെ പ്രലോഭനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."