ജയം തുടരും; പത്താം ക്ലാസും കംപ്യൂട്ടറും കൈപ്പിടിയിലൊതുക്കും
തിരുവനന്തപുരം: 'ഇനി ലക്ഷ്യ-ന്ദം 10ാം ക്ലാസ്, കംപ്യൂട്ടറും പഠിച്ചെടുക്കണം...' 96 ാം വയസില്‍ 98 മാര്‍ക്കുനേടി ഒന്നാം റാങ്കുകാരിയായ കാര്‍ത്യായനി അമ്മയുടെ പുതിയ ലക്ഷ്യങ്ങളാണിത്. തീര്‍ന്നില്ല പഠിച്ചു പഠിച്ച് ഒരു ജോലിയും നേടാനുള്ള കരുത്തും നിശ്ചയദാര്‍ഢ്യവും ഉണ്ടെന്ന് റാങ്കുകാരിയായ ഈ 'വിദ്യാര്‍ഥിനി' പറയുന്നു.
സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്ക് നേടിയാണ് ആലപ്പുഴ ഹരിപ്പാട് മുട്ടം ചീറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമതെത്തിയത്. പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായംകൂടിയ പഠിതാവും ഈ റാങ്കുകാരി തന്നെ.
കാര്‍ത്ത്യായനി അമ്മയുടെ റാങ്കിന്റെ തിളക്കത്തിന് ഇന്നലെ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അടുത്ത ലക്ഷ്യമെന്തെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോഴാണ് '10 ജയിക്കണം, പിന്നെ കംപ്യൂട്ടര്‍ പഠിക്കണം' എന്ന ആത്മവിശ്വാസത്തോടെയുള്ള മറുപടിയെത്തിയത്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കാര്‍ത്യായനി അമ്മ മുന്നിലാണ്. കവിതയോടാണ് കമ്പം. ചങ്ങമ്പുഴയുടെ 'മലരണി കാടുകള്‍ തിങ്ങിവിങ്ങി, മരതക കാന്തിയില്‍ മുങ്ങിമുങ്ങി' എന്ന കവിത മുഖ്യമന്ത്രിക്ക് ചൊല്ലിക്കൊടുത്ത് കൈയടിയും നേടി.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന അക്ഷരലക്ഷം പദ്ധതിയുടെ ആദ്യഘട്ട പരീക്ഷയില്‍ സംസ്ഥാനത്ത് 43,330 പേരാണ് പരീക്ഷയെഴുതിയത്. 40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ, 30 മാര്‍ക്കിന്റെ വായന പരിശോധന, 30 മാര്‍ക്കിന്റെ കണക്ക് എന്നിവയാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്. വായന 30, കണക്ക്30 എന്നിവയില്‍ മുഴുവന്‍ മാര്‍ക്കും എഴുത്തില്‍ 38 മാര്‍ക്കും നേടിയായിരുന്നു കാര്‍ത്യായനി അമ്മ പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ചത്.
ഏറ്റവും പ്രായം കുറഞ്ഞ പഠിതാവായ തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശിനി മുപ്പത്തേഴുകാരി വിഷ്ണുകുമാരിക്കും മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. മന്ത്രി എ.കെ ബാലന്‍, സുഗതകുമാരി, സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല, മലയാളം മിഷന്‍ ഡയരക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."