താന്‍ ഇരുന്നു എന്ന കാരണത്താല്‍ സെല്ലിന് പുറത്തെ കസേര എടുത്തുമാറ്റി, തലയണയും നിരസിച്ചു; ജയിലിലായതിന് ശേഷം പുറംവേദന ബാധിച്ചുവെന്ന് പി. ചിദംബരം
ന്യൂഡല്‍ഹി: ജയിലില്‍ തനിക്ക് കസേരയും തലയണയും നിരാകരിച്ചെന്ന് ഡല്‍ഹി കോടതിയില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ പരാതി. 74 കാരനായ തനിക്ക് സൗകര്യങ്ങള്‍ നിരസിച്ചതിനാല്‍ പുറംവേദന വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ തിഹാര്‍ ജയിലില് കഴിയുന്ന അദ്ദേഹത്തിന്റെ കാലാവധി ഒക്ടോബര്‍ മൂന്ന് വരെ നീട്ടിയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം തന്റെ ദയനീയാവസ്ഥ അവതരിപ്പിച്ചത്.
തന്റെ സെല്ലിന് പുറത്ത് ഒരു കസേരയുണ്ടായിരുന്നു. പകല്‍ സമയത്ത് ഞാന്‍ ഇതിലായിരുന്നു ഇരുന്നത്. എന്നാല്‍ ഈ കാരണത്താല്‍ ജയില്‍ അധികൃതര്‍ കസേര അവിടെ നിന്നും മാറ്റി. ഈ കാരണത്താല്‍ കാവല്‍ക്കാരനു പോലും കസേരയില്ലാത്ത അവസ്ഥയാണ്. തലയണയും നിരസിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകരായ അഭിഷേക് മനുസിംഗ്‌വിയും കപില്‍ സിബലും പറഞ്ഞു. എന്നാല്‍ ഇതൊരു ചെറിയ വിഷയമാണെന്നും തുടക്കം മുതല്‍ തന്നെ അവിടെ കസേര ഇല്ലായിരുന്നുവെന്നും വിവാദമാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
ചിദംബരത്തിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയതിനെയും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ എതിര്‍ത്തു. അദ്ദേഹം 14 ദിവസം വീതം ജുഡീഷ്യല്‍ കസ്റ്റഡിയിലും പൊലിസ് കസ്റ്റഡിയിലും കഴിഞ്ഞു. ഇനിയും കസ്റ്റഡിയില്‍ വെക്കുന്നതെന്തിനാണെന്ന് ഇവര്‍ കോടതിയോട് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."